UAE പുതുതായി അവതരിപ്പിച്ച അഞ്ചു വര്‍ഷം കാലാവധിയും മള്‍ട്ടിപ്പില്‍ എന്ട്രിയുമുള്ള ടൂറിസ്റ്റ് ലഭിച്ചവര്‍ രണ്ടു മാസത്തിനകം രാജ്യത്ത് എത്തണമെന്ന് നിബന്ധന. വീസ ഇഷ്യൂ ചെയ്ത ദിവസം തൊട്ടുള്ള 60 ദിവസമാണ് കണക്കാക്കുകയെന്ന് ഐസിപി (Federal Authority for Identity and Citizenship, Customs and Ports Security) വ്യക്തമാക്കുന്നു.
അപേക്ഷ ഇങ്ങനെ
സ്പോണ്സര് ആവശ്യമില്ലാത്ത ഈ ദീര്‍ഘകാല ടൂറിസ്റ്റ് വീസ ലഭിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് തന്നെ ഐസിപിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ UAEICP ആപ്പ് മുഖേന അപേക്ഷിക്കാന്‍ കഴിയും. www.icp.gov.ae ആണ് ഐസിപിയുടെ വെബ്സൈറ്റ്. കൂടാതെ ഐസിപിയുടെ ഹാപിനെസ് സെന്ററുകൾ, ഐസിപി അംഗീകൃത ടൈപ്പിങ് സെന്ററുകൾ എന്നിവ മുഖേനയും എല്ലാ വ്യവസ്ഥകളും പാലിച്ച് അപേക്ഷിക്കുകയും ഫീസ് അടക്കുകയും ചെയ്യാം. അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ അപാകതകൾ ഉണ്ടെങ്കിലോ അപൂർണമാണെങ്കിലോ 30 ദിവസങ്ങൾക്കു ശേഷം അപേക്ഷ സ്വമേധയാ നിരസിക്കപ്പെടും. ഇങ്ങനെ ഒരേ കാരണത്താൽ മൂന്ന് തവണ നിരസിക്കപ്പെട്ടാൽ ആ അപേക്ഷ പൂർണമായും തള്ളും.
ഈ വീസ ലഭിച്ചവര്‍ക്ക് തുടര്‍ച്ച ഇല്ലാതെ തന്നെ 90 ദിവസം വരെ രാജ്യത്തു തങ്ങാം. അതുകഴിഞ്ഞ് 90 ദിവസത്തേക്കു കൂടി കാലാവധി നീട്ടുകയും ചെയ്യാം. ഒരു വർഷം പരമാവധി 180 ദിവസത്തിൽ കൂടുതൽ തങ്ങാൻ സാധിക്കില്ല. വീസ അനുവദിച്ച ദിവസം മുതലാണ് വർഷം കണക്കാക്കുക. അനുവദിക്കപ്പെട്ടതിൽ കുറവ് ദിവസങ്ങളാണ് രാജ്യത്ത് തങ്ങുന്നതെങ്കിൽ ബാക്കിയുള്ള ദിവസങ്ങൾ പുതിയ വർഷത്തിലേക്ക് ചേർക്കില്ല. കാലാവധി ലംഘിച്ചാൽ വീസ റദ്ദാക്കപ്പെടും.
വീസ ഫീസും ബാങ്ക് ഗ്യാരണ്ടിയും ഇൻഷുറൻസും
3775 ദിര്‍ഹം ആണ് ഈ വീസുടെ ഫീസ്. ഇതില്‍ വീസ ഇഷ്യൂ ചെയ്യുന്നതിനുള്ള 500 ദിര്‍ഹം, അപേക്ഷ ഫീസ് ആയ 100 ദിര്‍ഹം, സ്മാര്‍ട് സേവനങ്ങള്‍ക്കുള്ള 100 ദിര്‍ഹം, ഐസിപി സേവനങ്ങള്‍ക്കുള്ള 50 ദിര്‍ഹം എന്നിവയും ഉള്‍പ്പെടും. അപേക്ഷയില്‍ നല്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് അപേക്ഷ ഫീസിലും മാറ്റമുണ്ടാകാം. ഇതിനു പുറമെ 4000 ഡോളറിന്റെ ബാങ്ക് ഗ്യാരണ്ടിയും സമർപ്പിക്കണം. 4000 ഡോളർ ബാലൻസ് കാണിക്കുന്ന, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ സീൽ പതിച്ച കളർ കോപ്പിയും യുഎഇയിൽ ഇഷ്യൂ ചെയ്ത 180 ദിവസം കാലാവധിയുള്ള ഹെൽത്ത് ഇൻഷുറൻസും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വിവരങ്ങൾ അപൂർണമാണെന്ന കാരണത്താൽ അപേക്ഷ മടങ്ങുകയും അതേ ദിവസം തന്നെ പൂർണവിവരങ്ങൾ സമർപ്പിക്കാതിരിക്കുകയും ചെയ്താൽ, ശരിയായി പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കുന്നതുവരെ ഒരോ ദിവസവും പിഴ അടക്കേണ്ടി വരും.
ഫാമിലി ടൂറിസ്റ്റ് വീസ
18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ കൂടി ഉണ്ടെങ്കിൽ ഫാമിലി ഗ്രൂപ്പിനുള്ള ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കണം. അഞ്ചു വർഷ ടൂറിസ്റ്റ് വീസയുള്ളവർക്ക് ഒന്നിലേറെ തവണ രാജ്യത്ത് പ്രവേശിക്കാം. ഓരോ തവണയും രാജ്യത്ത് മൂന്ന് മാസത്തിൽ കൂടുതൽ കാലം തങ്ങാൻ പാടില്ല.
Novaly Lovitt