ദുബയ്. കോവിഡ് മഹാമാരി കാരണം 2020ല്‍ നിര്‍ത്തിവച്ച ദുബയ്-ഷാര്‍ജ ഫെറി സര്‍വീസ് ഓഗസ്റ്റ് നാലു മുതല്‍ പുനരാരംഭിക്കും. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (RTA) ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസേന എട്ടു ട്രിപ്പുകളും വാരാന്ത്യ ദിവസങ്ങളായ വെള്ളി മുതല്‍ ഞായര്‍ വരെ ആറ് ട്രിപ്പുകളുമാണ് ഉണ്ടായിരിക്കുക.
ദുബയിലെ അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അക്വാറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. മറ്റു എമിറേറ്റുകളെ ദുബയുമായി ബന്ധിപ്പിക്കുന്ന ആദ്യ ജലഗതാഗത സേവനമാണിത്. റോഡുകളിലെ ട്രാഫിക് ആധിക്യം കുറയ്ക്കുന്നതിന് അധിക ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ജലപാതയില്‍ 2019ല്‍ ഫെറി സര്‍വീസ് ആരംഭിച്ചത്.
ദുബയില്‍ നിന്ന് പുറപ്പെടുന്ന ഫെറി 35 മിനിറ്റ് സമയമെടുത്താണ് ഷാര്‍ജയിലെത്തുന്നത്. സില്‍വര്‍ ക്ലാസ് ടിക്കറ്റിന് 15 ദിര്‍ഹമും ഗോള്‍ഡ് ക്ലാസ് ടിക്കറ്റിന് 25 ദിര്‍ഹമുമാണ് നിരക്ക്. ഭിന്നശേഷിക്കാര്‍, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് യാത്ര സൗജന്യമാണ്. സ്റ്റേഷനുകളിലെ കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കില്‍ നിന്നോ ആര്‍ടിഎ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ ടിക്കറ്റ് വാങ്ങാം. nol കാര്‍ഡും ഉപയോഗിക്കാം.