ഈ 5 രാജ്യങ്ങളിലേക്ക് വിസ വേണ്ട; വിദേശത്തേക്ക് ഒരു ബജറ്റ് യാത്ര പ്ലാൻ ചെയ്യാം

വിദേശത്തേക്ക് പോക്കറ്റിലൊതുങ്ങുന്ന ഒരു ബജറ്റ് യാത്ര ആണോ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്? അതും വിസ ഇല്ലാതെ യാത്ര (Visa free entry) ചെയ്യാവുന്ന രാജ്യങ്ങളായാലോ? അടിച്ചുപൊളിക്കാന്‍ ഇതിലും മികച്ചൊരു കാരണം വേറെന്തുണ്ട്. അതെ, ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളെല്ലാം ഇപ്പോള്‍ ഇന്ത്യക്കാരെ വിസ ഇല്ലാതെ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ്. ബജറ്റിന്റെ കാര്യത്തില്‍ ഏറെ കരുതലോടെ പെരുമാറുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ കാലങ്ങളായി സന്ദര്‍ശിക്കുന്ന രാജ്യങ്ങളാണിവ. അവര്‍ക്ക് ഇനിയും കൂടുതല്‍ ഇന്ത്യക്കാരെ വേണം. അതിനായി വിസ ഇല്ലാതെ ഈ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ഈ അഞ്ചു പ്രധാന രാജ്യങ്ങളെ അറിയാം.

കേരളത്തിൽ നിന്ന് ഏറെ സഞ്ചാരികൾ പോകുന്ന ഇടമാണ് തായ്ലൻഡ്. ഈയിടെയാണ് തായ്ലൻഡ് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത്. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. മാത്രമല്ല കൊച്ചിയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകളും ലഭ്യമാണ്. യാത്രക്കാരുടെ വർധന കണക്കിലെടുത്ത് പ്രധാന തായ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഫുക്കറ്റിലേക്ക് ദൽഹിയിൽ നിന്ന് എയർ ഇന്ത്യയും നേരിട്ടുള്ള സർവീസ് ഡിസംബർ 15 മുതൽ ആരംഭിക്കും.

ഇന്ത്യൻ യാത്രക്കാർ ഇപ്പോൾ കൂടുതലായി എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യമായ വിയറ്റ്നാമും ഈയിടെയാണ് വിസ ഇല്ലാതെ പ്രവേശനം അനുവദിച്ചത്. വിയറ്റ്നമീസ് ബജറ്റ് എയർലൈനായ വിയെറ്റ് ജെറ്റ് മാസങ്ങൾക്കു മുമ്പാണ് കൊച്ചിയിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. വെറും 5555 രൂപയ്ക്ക് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ വർധിച്ചു വരുന്നതായാണ് വിയെറ്റ് ജെറ്റ് പറയുന്നത്.

tripupdates.in

മലേഷ്യയിലേക്കും വിസയില്ലാതെ യാത്ര ചെയ്യാം. കൊച്ചിയിൽ നിന്ന് ക്വലലംപൂരിലേക്ക് ദിവസവും സർവീസുണ്ട്. കുറഞ്ഞ ചെലവിൽ കറങ്ങാവുന്ന ഒത്തിരി ടൂറിസ്റ്റ് കേന്ദ്രങ്ങൾ മലേഷ്യയിലുണ്ട്. ഇന്ത്യയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഈയിടെയാണ് മലേഷ്യ വിസ നടപടികൾ ലഘൂകരിച്ചത്.

ഏറ്റവുമൊടുവിൽ ഇന്ത്യക്കാർക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ച രാജ്യമാണ് ഇന്തൊനേഷ്യ. സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന ബാലി പോലുള്ള ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്തൊനേഷ്യയിൽ എക്സ്പ്ലോർ ചെയ്യാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏറെ പേരെ ആകർഷിക്കുന്ന രാജ്യമാണിത്.

അയൽ രാജ്യമായ ശ്രീലങ്കയാണ് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പോകാവുന്ന മറ്റൊരു രാജ്യം. സാംസ്കാരികമായി ദക്ഷിണേന്ത്യയോട് ഏറെ സാമ്യമുള്ള രാജ്യമായതിനാൽ വിനോദ സഞ്ചാരികൾക്ക് ശ്രീലങ്കയിൽ ഒരു ഹോംലി ഫീൽ കിട്ടും. കേരളത്തോട് സമാനമാണ് ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും. എങ്കിലും വേറിട്ടൊരു അനുഭവം ലങ്കയിൽ സഞ്ചാരികൾക്ക് ലഭിക്കും.

Legal permission needed