Azerbaijan: ബാലക്‌സാനി, വശ്യ സുന്ദരിയായ ഗ്രാമം

✍🏻 നൗഷാദ് കുനിയില്‍

‘ബാലക്‌സാനി വില്ലേജ്’ എന്ന പേര് ആദ്യമായി കണ്ടത് ബാക്കു നഗരത്തിൽ നിന്നും സമീപ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകളിലൊന്നിൽ കയറി, പേരറിയാത്തൊരു സ്ഥലത്തിറങ്ങി, അവിടുത്തെ പഴം, പച്ചക്കറിച്ചന്തയിൽ കറങ്ങി, വേറൊരു ബസിൽ കയറി തിരിച്ചുപോരും വഴിക്ക്, നീലനിറമാർന്ന ഒരു വഴിച്ചൂണ്ടി ഫലകത്തിൽ വെളുത്ത അക്ഷരത്തിൽ എഴുതിയത് വായിച്ച നേരത്തായിരുന്നു.

ബാലക്‌സാനി എന്ന പേരിലെ ചാരുതത്വവും ഗ്രാമം എന്നതിലെ അതിതീവ്രമായ പ്രലോഭനവും മറികടക്കാനായില്ല. തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ടാക്സി ആപ്ലിക്കേഷനിൽ ബാലക്‌സാനിയിലേക്ക് ടാക്‌സി ബുക് ചെയ്തു. തൊട്ടടുത്ത മിനിറ്റുകളിൽ വണ്ടിയെത്തി.

എണ്ണപ്പാടങ്ങൾക്കിടയിലൂടെ വണ്ടിയോടി. അധികം താമസിയാതെത്തന്നെ ബാലക്‌സാനി ഗ്രാമത്തിന്റെ ‘കവാട’ത്തിലെത്തി. അഞ്ചോ, ആറോ പഴയ റഷ്യൻ നിർമിത ലാഡ കാറുകളും ഒന്നോ രണ്ടോ ബസുകളും ആറോ ഏഴോ മനുഷ്യരും മാത്രമുള്ളൊരു ‘ബസ് സ്റ്റാൻഡ്’ ആയിരുന്നു, ആ ഗ്രാമ കവാട സ്ഥലം. അവിടെയെത്തിയപ്പോൾ ഇതേ സ്ഥലത്ത് മുൻപെന്നോ എത്തിയപോലെ തോന്നി. ‘ഖസാക്കിൻറെ ഇതിഹാസ’ത്തിലെ ആദ്യ വാചകം ഓർമ്മവന്നു: “കൂമൻ കാവിൽ ബസ്സ് ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല’. ഗ്രാമത്തിനകത്തേക്ക് നീണ്ടുപോകുന്ന, തിളക്കമുള്ള കറുത്തകല്ലുകൾ പതിച്ച മൂന്നു നാലു നിരത്തുകൾ കണ്ടു. ഏതുവഴിയിലൂടെ പോകണം എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന നേരം! വർഷങ്ങൾക്കു മുൻപ് നൈനിത്താളിൽ പോയപ്പോൾ ഒരു കേബിൾ കാറിൽ മലമുകളിലെ ഗ്രാമത്തിലേക്ക് ചെന്നപ്പോൾ ഇത്തരം പലവശത്തേക്കും നീണ്ടുപോകുന്ന പാതകൾ കണ്ടതോർത്തു. വലത്തോട്ടേക്ക് തിരിയുന്ന വഴിയിലൂടെ ചെല്ലാം എന്നായിരുന്നു അന്നത്തെ തീരുമാനം.

മുന്നിൽ കണ്ട ഒരു വഴിയിലൂടെ നടന്നു. ആദ്യകാഴ്ചകൾ തന്നെ ഒരു മായികലോകത്ത് എത്തിയ പ്രതീതി സൃഷ്ടിച്ചു. അതിസുന്ദരമായൊരു പ്രദേശം. ബാക്കു നഗരത്തിൽ എന്നെ ഏറ്റവുമേറെ സന്തോഷിപ്പിച്ചത് തെരുവുകളിലെ വൃത്തിയായിരുന്നു. ചപ്പു ചവറുകളോ മുറുക്കിത്തുപ്പിയ പാടുകളോ ഇല്ലാത്ത, മരങ്ങൾ തണൽ വിരിച്ച പാർക്കുകളിലെ സിമെന്റെ് ബെഞ്ചുകളിൽ പക്ഷി കാഷ്ഠം പോലുമില്ലാത്ത നഗരം! ആ നഗരത്തോട് കിടപിടിക്കുന്ന ശുചിത്വബോധം ഈ ഗ്രാമക്കാഴ്ചയെ ഗംഭീരമാക്കുന്നു. നയനാനന്ദകരമായ നിറങ്ങൾ പൂശിയ മതിലുകൾക്കപ്പുറം വീടിൻറെ മോന്തായങ്ങൾ മതിലിന്റെ ഇപ്പുറത്തുനിന്നും കാണാം. മതിലുകളിലും വീടിന്റെ ചുവരുകളിലും ചെടിച്ചട്ടികൾ ഘടിപ്പിച്ച്, ആ ചെടിച്ചട്ടികളിൽ വിവിധതരം പൂച്ചെടികൾ നട്ടുവളർത്തിയിരിക്കുന്നു. ചുവരുകളിലൂടെ വെള്ളിപ്പൂച്ചെടികൾ പറ്റിപ്പിടിച്ചുനിൽക്കുന്നു. മതിലുകളിൽ കളിൽ പലവിധ ചുവർച്ചിത്രങ്ങൾ…. പഴയ കലണ്ടർ ചിത്രങ്ങളിൽ കാണുന്നപോലെ അതീവ സുന്ദരമായ കാഴ്ചകളൊരുക്കിയും ഒരുങ്ങിയും നിൽക്കുന്നൊരു ഗ്രാമം! ഒരു മതിലിനിപ്പുറം, വഴിയോരത്ത് ഒരു ചുള്ളിക്കമ്പു കണ്ടു. വൃത്തി അതിന്റെ പരിപൂർണ്ണതയിൽ നിൽക്കുന്ന ആ ഗ്രാമത്തിൽ ഒരു അക്ഷരത്തെറ്റുപോലൊരു കമ്പ്! ബഷീറിന്റെ നോവൽ, മതിലുകൾ, ഓർമയുടെ ഏതൊക്കെയോ സുഷിരങ്ങളിലൂടെയും വിസ്‌മൃതിയുടെ വന്മതിലുകൾ ചാടിക്കടന്നും ചിന്തയിലേക്ക് വന്നു.

ഉച്ചയായിട്ടും, ഒഴിവു ദിനമായ ഞായറാഴ്ചയായിട്ടും ഒരൊച്ചപോലും എവിടെനിന്നും കേട്ടില്ല. ഒരീച്ചപോലും എവിടെനിന്നെങ്കിലും മൂളിക്കിതച്ച് വരുന്നതും കണ്ടില്ല. കുട്ടികൾ കശപിശ കൂടുന്ന ശബ്ദമോ കുഞ്ഞുങ്ങൾ കരയുന്ന നാദമോ കേൾക്കുന്നേയില്ല! അസർബൈജാനിലെ കുട്ടികൾ കളിക്കാറില്ലേ എന്നൊരു സന്ദേഹം എനിക്കിപ്പോഴുമുണ്ട്.

ഞാൻ ഏതൊക്കെയോ ഊടുവഴികളിലൂടെ നടന്നു. കാഴ്ചകളധികവും ഹൃദയത്തിലേക്കാണ് പകർത്തിയത്. ആ മായാക്കാഴ്ചകളുടെ മായികവലയത്തിൽനിന്നും മുക്തമാകുന്ന നേരങ്ങളിൽ അവ കാമറയിലേക്കും പകർത്തി. ഒരമ്മൂമ്മ അരവാതിൽ തുറന്ന് പുറത്തേക്ക് നോക്കി നിൽപ്പുണ്ട്. ആ ഗ്രാമത്തിനുള്ളില്‍ നിന്നും ആദ്യം കാണുന്ന ആ മനുഷ്യ മുഖം കാമറയിലാക്കാനായി തുനിഞ്ഞപ്പോൾ അവർ വാതിലടച്ചു.

രണ്ടു കൗമാരക്കാർ എന്റെ എതിർവശത്തുനിന്നും വരുന്നുണ്ട്. എനിക്ക് സന്തോഷമായി. ഞാനവർക്ക് സലാം പറഞ്ഞു. ‘സളാ൦’ എന്നാണ് അസരികൾ ഉച്ചരിക്കാറ് എന്നത് ഞാനതിനകം മനസിലാക്കി വച്ചിരുന്നു. അവർ പ്രത്യഭിവാദ്യം ചെയ്തു. ഇംഗ്ലീഷ് ഒരു വാക്കുപോലും അറിയാത്തവരാണ് മിക്ക അസരികളും. ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ ഞാൻ അവരോട് സംസാരിച്ചു. അവരോടൊപ്പം ഫോട്ടോയെടുത്തു. കുറച്ചപ്പുറത്തുള്ള പള്ളിയിൽ കയറി. ദുഹ്ർ നിസ്കാരത്തിന്റെ സമയം. ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് കുറേ കാത്തിരുന്നു. ആരും വന്നില്ല. പള്ളിക്കകത്ത് ‘ഖലീഫ അലിയുടെ ചിത്രം’ എന്ന് അടിക്കുറിപ്പുള്ള ഒരു ഫോട്ടോ വച്ചിട്ടുണ്ട്. ഒരു സിംഹത്തിന്റെ ചാരത്ത് വാളുംപിടിച്ച് നില്ക്കുന്ന ‘അലി’!. ആ ചിത്രത്തിന്റെ സാധുതയെക്കുറിച്ചും അതിന്റെ യുക്തിരാഹിത്യത്തെക്കുറിച്ചും വെറുതെ ആലോചിച്ചു. ഇതൊരു ശിയാ പള്ളിയാണെന്ന് മനസിലായി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാനിൽ മഹാഭൂരിപക്ഷവും ശിയാക്കളാണ്. പള്ളിയുടെ ചുവരുകളിൽ നിറയെ പ്രവാചക പുത്രിയുടെയും പ്രവാചക പൗത്രന്മാരുടെയും പേരുകൾ എഴുതിവെച്ചിട്ടുണ്ട്. കുറേ നേരം കാത്തിരുന്നു. ആരും വന്നില്ല. നിസ്കരിച്ച് പുറത്തുകടക്കുമ്പോൾ ഒരാൾ നിസ്കാരത്തിനായി പള്ളിയിലേക്ക് കയറി. സലാം പറഞ്ഞ് ഒരു ചിരി മാത്രം തന്ന് അയാൾ അകത്തേക്ക് കയറി. അതിലപ്പുറത്തേക്ക് മിണ്ടാനുള്ള വൊക്കാബുലറി ഞങ്ങൾക്കിരുവർക്കും ഇല്ലല്ലോ!

നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മൂന്ന് യുവാക്കൾ നടന്നുവരുന്നതുകണ്ടു. അവർ പരിചയപ്പെട്ടു. കൂട്ടത്തിലെ ദാഫിർ എന്നൊരു ചെറുപ്പക്കാരൻ എന്നോടൊപ്പം വന്നു. ആ ഗ്രാമത്തിലെ കാഴ്ചകൾ ഞാൻ കാണിച്ചുതരാമെന്ന് അവൻ അസർബൈജാനി ഭാഷയിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ ടൈപ്പ് ചെയ്തു. വളരെ സന്തോഷം, എൻറെ എല്ലാ യാത്രയിലും താങ്കളെപ്പോലെ ഏതെങ്കിലും ഒരു നല്ലമനുഷ്യനെ കണ്ടുമുട്ടാറുണ്ടെന്ന് ഞാൻ ടൈപ്പ് ചെയ്തു. അയാളത് അസരി ഭാഷയിൽ വായിച്ചു മനസിലാക്കി നിഷ്കളങ്കമായൊരു ചിരി ചിരിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ‘മണൽക്കുളിയിട’ത്തിലേക്കാണ് (സാൻഡ്ബാത്ത്) ദാഫിർ എന്നെ കൊണ്ടുപോയത്. ഹമാം സംസ്കാരത്തിന് കേളികേട്ടയിടമായിരുന്നുവത്രേ ഇവിടം. ഓരോ അയൽക്കൂട്ടങ്ങൾക്കും പ്രത്യകം ഹമ്മാമുകൾ (കുളിയിടങ്ങൾ) ഉണ്ടായിരുന്നുവത്രേ! ഇതൊരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്. പരസ്‌പരം ബന്ധിപ്പിച്ച മൂന്ന് ഭാഗങ്ങൾ. പ്രധാനം പ്രവേശനം, വസ്ത്രം മാറാനുള്ള മുറി, നീന്തൽ ഹാളും ഇടനാഴിയും തണുത്തതും ചൂടുള്ളതുമായ വെള്ളം ശേഖരിച്ചുവയ്ക്കാവുന്ന സ്ഥലവും ഇവിടെ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് അടച്ചുറപ്പുള്ള കുളിമുറികൾ. പുരുഷന്മാർക്ക് മുകളിൽ ആകാശം, താഴെ മണൽപ്പരപ്പ്.

സാൻഡ്ബാത്തിനു സമീപം ഗുഹാമുഖം പോലൊരു എടുപ്പുണ്ട്. അതിനൊരു വാതിലുമുണ്ട്. വാതിൽ തുറന്നാൽ കുറെ പടവുകൾ താഴോട്ട് ഇറങ്ങിപോവുന്നത് കാണാം. പഴയകാലത്തെ കിണറാണത്. നാട്ടുകാർ കുടിക്കാനും സമീപത്തെ ഹമ്മാമിൽ കുളിക്കാനും ഉപയോഗിച്ചിരുന്നത് ഈ കിണറായിരുന്നു. സമൃദ്ധമായി വെള്ളമുണ്ടായിരുന്ന ഈ കിണറിൽ ഇപ്പോൾ വെള്ളമില്ല.

കിണറിന്റെ സമീപത്തുനിന്നും നോക്കിയാൽ ഒരു കൊച്ചു കുന്നുകാണാം. ആ കുന്നു നിറയെ മീസാൻ കല്ലുകൾ നിറഞ്ഞു നിൽക്കുന്നു. തലേന്നു കണ്ടമാതിരിയൊരു ഖബർസ്ഥാൻ. കുന്നിൻറെ ഉച്ചിയിൽ പൗരാണികമായൊരു കെട്ടിടം. പള്ളിയാണെന്ന് തോന്നുന്നു. ഞാൻ, ദാഫിറിനെയും കൂട്ടി അങ്ങോട്ടു നടന്നു. മരിച്ചവരുടെ ചിത്രങ്ങൾ ശിലാപാളികളിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. മെഡലുകൾ കഴുത്തണിഞ്ഞുനിൽക്കുന്ന ഒരാളുടെ ചിത്രം കറുത്തൊരു ശിലയിൽ പതിച്ചുവച്ചിട്ടുണ്ട്. ബോക്സിങ് താരമായിരുന്നുവെന്നും വാഹനാപകടത്തിൽ മരിച്ചതാണെന്നും അവൻ പറഞ്ഞുതന്നു. പ്രായം ചെന്നൊരു ശ്മശാന പാലകൻ ഒരു ഖബറിടത്തിലെ പൂച്ചെടികളുടെ മുരട്ടിൽ വെള്ളമൊഴിക്കുന്നു. പള്ളിപോലെ തോന്നിക്കുന്ന കെട്ടിടം ഒരുപക്ഷെ, മയ്യിത്ത് സംസ്കരണ സമയത്ത് മാത്രം ഉപയോഗിക്കുന്നതായിരിക്കാം. അസർബൈജാനിലെ പള്ളികളധികവും മിനാരങ്ങളില്ലാത്തവയാണ്. ഇതിനും മിനാരങ്ങളില്ല. ചുവരിൽ പേർഷ്യൻ, അറബ് ലിപികളിൽ അവ്യക്തമായ എന്തൊക്കെയോ കൊത്തിവച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഒരു ഫലകത്തിൽ അസർബൈജാനി ഭാഷയിൽ എഴുതിവച്ചത് പരിഭാഷപ്പെടുത്തി. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹാജി ശഹ്‌ല മസ്ജിദ് ആണിത്. കാലാന്തരത്തിൽ അത് നശിച്ചുപോയി. 2017ൽ പള്ളി പുനർനിർമ്മിച്ചതാണ്.

സമ്പന്നമായ ചരിത്രമുള്ള പ്രദേശമാണ് ബാലക്‌സാനി. 1873 ൽ ലോകത്തെ ആദ്യത്തെ ആധുനിക എണ്ണക്കിണർ കുഴിച്ചത് ഇവിടെയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എണ്ണയുടെ കുതിച്ചുചാട്ടത്തിനിടയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കറുത്ത സ്വർണ്ണം ഇവിടെനിന്നും വേർതിരിച്ചെടുത്തിരുന്നുവത്രേ!

ബാലക്‌സാനിയിൽ നോക്കുന്നിടങ്ങളെല്ലാം സുന്ദരമാണ്. അതിശയിപ്പിക്കുന്ന പൊതുകലകൾ, ലാൻഡ്സ്കേപ് ചെയ്ത ഗാർഡനുകൾ, വർണാഭമായ മേൽക്കൂരകളുള്ള വീടുകൾ, ചെറുതെങ്കിലും മനോഹരമായ റെസ്റ്റോറന്റുകൾ… എല്ലാം വശ്യസുന്ദരമായി സംവിധാനിച്ചിരിക്കുന്നൊരു കൊച്ചു ഗ്രാമം. പതിനായിരത്തോളം ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പല വൃക്ഷങ്ങളും നിറഞ്ഞൊരു ഉദ്യാനം, സ്വർണ്ണത്തിന് സുഗന്ധം പോലെ ഇവിടെയുണ്ട്.

ദാഫിറിന് പോവണമെന്ന് പറഞ്ഞു. ഞങ്ങൾ സലാം പറഞ്ഞു പിരിഞ്ഞു. ആലീസിൻ്റെ അദ്‌ഭുതലോകത്തെത്തിയപോലെ ആലസ്യസുഖമാർന്നൊരാനന്ദത്തോടെ ഞാൻ വീണ്ടും ഏതൊക്കെയോ വഴികളിലൂടെ നടന്നുകൊണ്ടേയിരുന്നു. സ്ത്രീകളും പുരുഷന്മാരുമൊക്കെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അപരിചതനെ കൗതുകത്തോടെ അവർ നോക്കികൊണ്ടിരുന്നു. അവർ നോക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോൾ ഞാൻ അത് മനസിലാക്കിയിട്ടില്ലെന്ന് അവർക്ക് തോന്നാനായി ശ്രദ്ധ വേറെയേതോ കാഴ്ചകളിലേക്ക് തിരിച്ചു. നടന്നു നടന്ന് ഗ്രാമത്തിലേക്ക് കാലെടുത്തുവച്ച അതേയിടത്തുതന്നെ തിരിച്ചെത്തി. ആ കാഴ്ച്ചാ സൗരഭ്യത്തിലേക്ക് തിരിഞ്ഞുനോക്കി കുറേനേരം നിന്നു. നഗരത്തിലേക്ക് പോവുന്ന വെളുത്തനിറമാർന്നൊരു ബസിൽ നിന്നും ഹോൺ മുഴങ്ങി. ഞാനാ ബസിൽ ഓടിക്കയറി. പൂക്കൾ നിറയെയുള്ള ആ ബസിനുപോലും ഒരു പ്രത്യേക വൈബ് ഉണ്ടായിരുന്നു. ഞാൻ ഗ്രാമത്തോട് ബൈ പറഞ്ഞു. ബസിലെ സ്പീക്കറിൽ നിന്നും ഒരു യുഗ്മഗാനം മുഴങ്ങിക്കേൾക്കാം. അസർബൈജാനി ഭാഷയിലേതാണോ അതോ, റഷ്യൻ ആണോ എന്ന് നിശ്ചയമില്ലാത്തൊരു ഗാനം. ശ്രുതിമധുരമായൊരു ഗാനം!

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed