Azerbaijan: ഗൊബുസ്താനിലെ മൺ ജ്വാലാമുഖികൾ

✍🏻 നൗഷാദ് കുനിയില്‍

അസര്‍ബെെജാനിലെ ഗൊബുസ്താന്‍ പീഠഭൂമിയിലെ മണ്‍ ജ്വാലാമുഖികളെ (Mud Volcano) കാണാനായി എത്തിയപ്പോള്‍ ആകാശം മേഘാവൃതമായിരുന്നു. ഭൂമിയില്‍ നിഴല്‍ പരന്നു. പരന്നുകിടക്കുന്ന പ്രദേശത്ത് അങ്ങിങ്ങായി കൊച്ചു കൊച്ചു മണ്‍കൂനകള്‍ നിവര്‍ന്നു നില്പുണ്ട്. അപ്പോളോയില്‍ നിന്നും ചന്ദ്രോപരിതലത്തിലിറങ്ങിയ നീല്‍ ആംസ്ട്രോങിന്റെ ചിത്രത്തോടൊപ്പം പലപ്പോളും കണ്ട ചന്ദ്രന്റെ ഉപരിതല കാഴ്ചകള്‍ക്കു സമാനമായൊരിടമായിത്തോന്നി അന്നേരം ആ പ്രദേശക്കാഴ്ച.

പ്രകൃതിയിലെ ഒരു ദൃശ്യവിസ്മയമാണ് മണ്‍ജ്വാലാമുഖികള്‍! ലോകത്താകെ എഴുന്നോറോളം ഇത്തരം പ്രതിഭാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുന്നൂറില്‍പ്പരം വോള്‍ക്കാനോകളും അസര്‍ബെെജാനിലാണുള്ളത്! ആദ്യനോട്ടത്തില്‍ നിര്‍ജ്ജീവമായിത്തോന്നുന്ന ഒരു സ്ഥലം എത്രമാത്രം സജീവമാണെന്ന് നമ്മളെ തിരുത്തും ഇവിടുത്തെ ഓരോ ജ്വാലാമുഖക്കാഴ്ചകളും!

Also Read സഹസ്രാബ്ദങ്ങളായി അണയാതെ കത്തുന്ന മല

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭൂമിക്കടിയില്‍ നിന്നും പുറത്തേക്ക് ചാരനിറമാര്‍ന്ന ചെളിമണ്ണ് ലാവ കണക്കേ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. കുഴച്ച സിമെന്റിനെപ്പോലുള്ള നിറമാര്‍ന്ന ചെളിമണ്ണ് പാത്രത്തില്‍ വെള്ളം തിളയ്ക്കുന്ന പോലെ ഇളകിക്കൊണ്ടിരിക്കുന്നു. ചെവിയോര്‍ത്താല്‍ വ്യത്യസ്തമാര്‍ന്നൊരു ശബ്ദം കേള്‍ക്കാനാവും! ഭൂമിഗീതം പോലൊരഭൗമ ശബ്ദം! അത്യപൂര്‍വ്വമായ നാദം!

കുറേ നോക്കിനിന്നപ്പോള്‍ ഇളകുന്ന മണ്ണില്‍ വലിയ കുമിളകള്‍ രൂപപ്പെടുന്ന കാഴ്ചകണ്ടു. ആ കാഴ്ച ആസ്വദിച്ചു നില്ക്കവേ, ആകാശത്തെ മേഘം നീങ്ങി വെയില്‍ വിരിഞ്ഞു. കുമിളകള്‍ വലുതായി പുറത്തേക്ക് ‘മണ്‍ലാവാ’ പ്രവാഹം സംഭവിച്ചു. അതൊഴുകിയ വഴിക്ക് മണ്‍ചാലുകള്‍ ആകൃതിപ്പെട്ടിട്ടുണ്ട്. കാസ്പിയന്‍ കടലില്‍ നിന്നുള്ള കാറ്റ് വീശിക്കൊണ്ടേയിരിക്കുന്നു. വിണ്ണില്‍ നിന്നുള്ള സൂര്യകിരണങ്ങള്‍ ഈ മണ്ണിനുമേലെ പതിയുന്നു. പതിയെ, മണ്ണുണങ്ങുന്നു. അല്പംകഴിഞ്ഞപ്പോള്‍ മണ്ണ് തിളച്ചു മറിഞ്ഞ് വീണ്ടും പുറത്തേക്കൊഴുകി.

ജ്വാലാമുഖിയെന്നാണ് പേരെങ്കിലും, സാധാരണ അഗ്നിപര്‍വ്വതത്തെപ്പോലെയല്ല ഇവ. മഞ്ഞിനോടു സമാനമായ തണുപ്പാണ് ഭൂമിക്കടിയില്‍ നിന്നും ഉരുവംകൊണ്ട് ജ്വാലാമുഖത്തു വന്ന് ‘തിളച്ചു’കൊണ്ടിരിക്കുന്ന ആ മണ്ണിനുള്ളത്! ചിലപ്പോള്‍ ധാതുസമ്പന്നമായ ആ ചെളി ചിലയാളുകള്‍ കുപ്പിയിലാക്കി കൊണ്ടുപോവുന്നതു കണ്ടു. ചാവുകടലിലെ മണ്ണുപോലെ ഇവിടുത്തെ മണ്ണും ചര്‍മ്മരോഗങ്ങള്‍ക്ക് അത്യുത്തമമാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ആ വിശ്വസത്തിന്റെ പ്രകാശത്തിലായിരിക്കാം ആളുകള്‍ ആ മണ്ണ് കൊണ്ടുപോകുന്നത്!

ഭൂപ്രതലത്തിന് താഴെ നടക്കുന്ന വാതക പ്രതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലവും മണ്ണും കൂടിക്കുഴഞ്ഞ് സുഷിരങ്ങളിലൂടെ പുറത്തേക്ക് വമിക്കുന്നതാണ് ഈ ദൃശ്യവിസ്മയമെന്നാണ് ശാസ്ത്രനിഗമനം.

Mud volcano കണ്ട് തിരിച്ചു വണ്ടിയില്‍ കയറാന്‍ നേരത്ത് കുറേ പശുക്കളെ തെളിച്ച് ഒരിടയന്‍ വരുന്നതു കണ്ടു. പശുക്കളെ ആ പീഠഭൂമിയിലൂടെ നടത്തിക്കൊണ്ടുവരുന്ന അപൂര്‍വ്വകാഴ്ച ദൂരെനിന്നും ഫോട്ടോയെടുത്ത് കാറില്‍ കയറി. ഒട്ടകങ്ങളും ആടുകളും മരഭൂമിയിലൂടെ തെളിക്കപ്പെടുന്നതെത്രയോ കണ്ടിട്ടുണ്ട്. മംഗോളിയന്‍ കാഴ്ചകളില്‍ കുതിരക്കൂട്ടങ്ങളെയിങ്ങനെ കൊണ്ടുപോകുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍, പശുക്കള്‍, അതും മരഭൂസമാനമായ മണ്ണിലൂടെ കൂട്ടമായി നടന്നുവരുന്നത് അത്യപൂര്‍വ്വം തന്നെ!

മണ്‍ ജ്വാലാമുഖികളിലെ ജ്വാലാമുഖത്തുകണ്ട ദൃശ്യവിസ്മയങ്ങളെയോര്‍ത്ത് മനസ്സില്‍ അനേകം ചോദ്യങ്ങള്‍ രൂപപ്പെട്ടു. പ്രകൃതിയിലെ എണ്ണമറ്റ പ്രതിഭാസങ്ങളെയും അദ്ഭുതങ്ങളെയും പ്രതിയുള്ള ചോദ്യങ്ങളാൽ കുറച്ചുനേരത്തേക്കെങ്കിലും മനസ്സ് തപിച്ചു മറിയുന്നൊരു അഗ്നിപര്‍വ്വതമായി രൂപാന്തരപ്പെട്ടു.

One thought on “Azerbaijan: ഗൊബുസ്താനിലെ മൺ ജ്വാലാമുഖികൾ

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed