മണാലി. വിനോദ സഞ്ചാരികളുടെ ഇഷ്ടപാതയായ മണാലി-ലേ ഹൈവെ മാസങ്ങള്‍ക്കു ശേഷം വീണ്ടും തുറന്നു. 138 ദിവസങ്ങളെടുത്താണ് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) 427 കിലോമീറ്റര്‍ ദൂരമുള്ള ഹൈവെയിലെ മഞ്ഞ് നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പാത തുറന്നതോടെ വിനോദസഞ്ചാര, വാണിജ്യ രംഗത്ത് ഉണര്‍വ്വുണ്ടാകും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുറന്നിരുന്നെങ്കിലും ചില നിയന്ത്രണങ്ങളോടെയാണ് വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. തിങ്കളാഴ്ച മുതല്‍ ഈ പാതയില്‍ ഇരു ദിശയിലും വാഹന ഗതാഗതം അനുവദിച്ചതായി ലഹോള്‍ ആന്റ് സ്പിതി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ അറിയിച്ചു.
ലഹോളിലെ ദര്‍ച വരെ കാര്യമായ തടസ്സങ്ങളില്ലാതെ എത്താം. ഇവിടെ നിന്നുള്ള പാതയില്‍ കനത്ത മഞ്ഞുവീഴ്ച കാരണം ചിലയിടങ്ങളില്‍ ചെറിയ മാര്‍ഗ തടസ്സങ്ങളുണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ബിആര്‍ഒ മുഴുസമയവും രംഗത്തുണ്ട്. ടൂറിസ്റ്റുകളുടെ പ്രധാന പാത എന്നതിലുപരി ചൈനയുമായും പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കവും അവശ്യവസ്തുക്കളുടെ നീക്കവും ഈ പാതയിലൂടെയാണ്.
Also Read ലഡാക്കിലേക്ക് വരുന്നവർ അറിയാൻ
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന 428 കിലോമീറ്റര്‍ പാതയാണ് ലേ-മണാലി ഹൈവേ. ഇത് ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴിയാണ് കടന്ന് പോകുന്നത്. എല്ലാ വര്‍ഷവും മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഈ പാതയിലൂടെ വാഹന ഗതാഗതം സാധ്യമാകൂ. വര്‍ഷത്തില്‍ ആറു മാസത്തോളം കനത്ത മഞ്ഞുവീഴ്ചയില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഈ ഹൈവേയില്‍ ഗതാഗതം സാധ്യമല്ല.
കരസേനയുടെ ഭാഗമായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഈ ഹൈവെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതും പരിപാലിക്കുന്നതും. ഭാരം കൂടിയ സൈനിക വാഹനങ്ങള്‍ക്കു കൂടി അനുയോജ്യമായ രീതിയിലാണ് ഹൈവെയുടെ നിര്‍മാണം. 1964ല്‍ നിര്‍മാണം തുടങ്ങി 1989ലാണ് ഗതാഗതം ആരംഭിച്ചത്.