ARMENIA: അരാഗറ്റ്സ് മലഞ്ചെരുവിലെ പൗരാണിക ശേഷിപ്പുകളും വിസ്മയ ദൃശ്യങ്ങളും

tripupdates.in

✍🏻 അമീർ ഷാജി

അർമേനിയൻ വംശഹത്യാ സ്മാരകം സന്ദർശിച്ച ശേഷം അടുത്ത സ്ഥലത്തേക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് പാസ്പോർട്ട് കാണാനില്ലെന്ന കാര്യം അറിയുന്നത്. താമസിക്കുന്ന ഹോസ്റ്റലിലെ നമ്പർ കയ്യിലില്ല. ബുക്കിങ് ഡീറ്റെയിൽസിൽ നിന്ന് ഹോസ്റ്റലിന്റെ നമ്പർ തപ്പിയെടുക്കാമെന്ന് ഗൈഡായ ക്രിസാണ് പറഞ്ഞത്. അങ്ങനെ നമ്പർ തപ്പിയെടുത്ത് ക്രിസ് തന്നെ വിളിച്ചന്വേഷിച്ചു. നോക്കിയിട്ട് തിരിച്ചു വിളിക്കാമെന്നായിരുന്നു ഹോസ്റ്റലുകാരുടെ മറുപടി.

നെഞ്ചിടിപ്പ് കൂടി വരികയാണ്. ചൊവ്വാഴ്ച തിരികെ ഓഫീസിൽ എത്താനുള്ളതാണ്. എങ്ങാനും പാസ്പോർട്ട് നഷ്ടമായാൽ എന്താകും അവസ്ഥ… ചിന്ത കാടുകയറി. ക്രിസ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അൽപ്പം കഴിഞ്ഞ് ഹോസ്റ്റലിൽ നിന്ന് വിളിയെത്തി. കട്ടിലിനു സമീപം തറയിൽ നിന്ന് സാധനം കിട്ടിയതായി അറിയിച്ചു. പേരൊക്കെ ചോദിച്ച് ഉറപ്പു വരുത്തി. ദൈവത്തിനു സ്തുതി എല്ലാവർക്കും സമാധാനമായി. വേഗം കാറിൽ കയറി അടുത്ത സന്ദർശന സ്ഥലത്തേക്ക് വച്ചുപിടിച്ചു.

അരാഗറ്റ്സ് പർവതം

യേരവാനിൽ നിന്ന് 40 കിലോമീറ്ററോളം വടക്ക് പടിഞ്ഞാറായി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന അരാഗറ്റ്സ് പർവ്വതത്തിന് (Mount Aragats) നാലു കൊടുമുടികളുണ്ട്. ഇവയിൽ വടക്കൻ കൊടുമുടിയാണ് അർമേനിയയിലെ ഏറ്റവും ഉയരം കൂടിയ ഭൂമി. സമുദ്രനിരപ്പിൽ നിന്ന് 13,420 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ മലനിരകളാണിത്. അർമേനിയൻ ചരിത്രത്തിലും സംസ്കാരത്തിലും സാഹിത്യത്തിലുമെല്ലാം വളരെ പ്രാധാന്യമുള്ള പർവ്വതനിരകളാണിത്. ഇതൊരു വിശുദ്ധപർവ്വതമായും അർമേനിയക്കാർ കാണുന്നു.

വിൻഡോസ് വോൾപേപ്പറുകളായി നാം എപ്പോഴും കാണാറുള്ള വശ്യമനോഹര പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ ഈ മലനിരകളിലുടനീളം കാണാം. ഞങ്ങളുടെ ലക്ഷ്യം ഏറ്റവും മുകളിലെത്തുകയാണ്. അവിടെ ചെറിയൊരു തടാകവും മഞ്ഞിന്റെ ശേഷിപ്പുകളും ഉണ്ട്. മുകളിലേക്ക് കയറുന്തോറും തണുപ്പും കൂടി വന്നു. വഴിയിൽ പുൽമേടുകളിൽ ധാരാളം ആടുകളെ കണ്ടു. ആടിനെ മേയ്ക്കുന്നവർ സമ്മറിലാണ് ഈ കുന്നിൻചെരുവുകളിൽ തമ്പടിക്കുക. മറ്റു സമയങ്ങളിൽ ഈ പ്രദേശങ്ങളെല്ലാം മഞ്ഞിൽപ്പുതച്ചു കിടക്കുകയാകും.

കാരി തടാകം

മലകയറിയെത്തുന്നത് കാരി തടാകത്തിനടുത്താണ്. വിനോദ സഞ്ചാരികളെത്തുന്ന പാതയുടെ അവസാനം ഇവിടെയാണ്. അരാഗറ്റ്സ് മലനിരയുടെ ചെരുവിലാണ് ഈ തടാകം (Lake Kari). ഐസും മഞ്ഞും ഉരുകിയാണ് ഈ തടാകത്തിൽ വെള്ളം നിറയുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,185 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ തടാകത്തിന് 1,150 മീറ്റർ ചുറ്റളവുണ്ട്. തൊട്ടടുത്തായി ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. അവിടെ കുറച്ചു സമയം ചെലഴിച്ച് കുറച്ചു ഫോട്ടോകളുമെടുത്ത് തിരിച്ചിറങ്ങി.

തിരികെ വരുന്നതിനിടെ ചിലയിടങ്ങളിൽ കാർ നിർത്തി കുറെ ഫോട്ടോസ് എടുത്തു. ആംബർഡ് കോട്ടയിലേക്കുള്ള റോഡിൽ ഒരു ഗ്രാവിറ്റി ഹിൽ ഉണ്ട്.  ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ഇവിടെ വണ്ടി നിറുത്തിയിട്ടാൽ തനിയെ മുന്നോട്ടു പോകും. ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന സംഘം കാർ നിർത്തി ഇറങ്ങി ഈ പരീക്ഷണം നടത്തി. ആളില്ലാതെയും വണ്ടി പതുക്കെ പോയി തുടങ്ങി. ഇതും കണ്ട് യാത്ര തുടർന്നു.

ആംബർഡ് കോട്ടയും വഹ്‌റമാഷെൻ ചർച്ചും

നിരവധി കോട്ടകളുള്ള അർമേനിയയിലെ ഏറ്റവും വലിയ കോട്ടയാണ് അരാഗറ്റ്സ് മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ആംബെർഡ് കോട്ട (Amberd Fortress). സുന്ദരമായ നിമിഷങ്ങളേയും ഓർമകളേയും ഫ്രെയ്മിനുള്ളിലൊതുക്കി അതിമനോഹര ഫോട്ടോകളെടുക്കാൻ പറ്റിയ ഇടമാണ്. 

സന്ദർശകർക്ക് എൻട്രി ഫീ ഉണ്ട്. 1500 അർമേനിയൻ ഡ്രം ആണ് നിരക്ക്. 15 ഖത്തർ റിയാൽ അല്ലെങ്കിൽ 330 ഇന്ത്യൻ രൂപ വരും. ടിക്കറ്റെടുത്ത് കോട്ടയുടെ ഭാഗത്തേക്ക് ഇറങ്ങി. അതിനു മുമ്പ് അവിടെയുള്ള വ്യൂ പോയിന്റിൽ നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. താഴേക്ക് ഇറങ്ങി വേണം കോട്ടയുടെ ഭാഗത്തേക്കും പള്ളിയുടെ ഭാഗത്തേക്കും പോകാൻ. ആദ്യം പോയത് പള്ളിയുടെ ഭാഗത്തേക്കാണ്. ഇറങ്ങി കുറച്ചു നടന്നാൽ എത്തുന്നത് ഈ പള്ളിയിലേക്കാണ്. മറുഭാഗത്തേക്ക് നടന്നാൽ കോട്ടയിലുമെത്താം.

വഹ്‌റാമഷെൻ പള്ളി (Vahramashen church) സാധാരണയായി അറിയപ്പെടുന്നത് വഹ്‌റാമഷെൻ സർപ്പ് അസ്ത്വാത്‌സാറ്റ്‌സിൻ അല്ലെങ്കിൽ ചർച്ച് ഓഫ് ആംബർഡ് എന്നാണ്. ആയിരം വർഷത്തോളം പഴക്കമുണ്ട് ഈ പുരാതന പള്ളിക്ക്. പണി പൂർത്തിയായത് 1026ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അരാഗറ്റ്സ് മലഞെചരിവിൽ ആംബർഡ് കോട്ടയ്ക്കു സമീപത്തായാണിത് സ്ഥിതി ചെയ്യുന്നത്. താഴെ മലയിടുക്കിൽ അർകാഷ്യൻ നദിയും കാണാം. നാലു വശങ്ങളിലും ഇരുനില ചേംബറുകളുള്ള ക്രൂശിതരൂപത്തിലുള്ള നിർമ്മിതിയാണിത്. ഒരു വലിയ കുട പോലെ മധ്യഭാഗത്ത് ഏറ്റവും മുകളിൽ ഡോമും ഉണ്ട്. അർമേനിയയുടെ പൗരാണികത വിളിച്ചോതുന്ന വാസ്തുശിൽപ്പ ഭംഗിയുണ്ട് ഈ പള്ളിക്ക്.

അകത്ത് പ്രാർത്ഥനകളും മറ്റുമൊക്കെ നടക്കുന്നുണ്ട്. സന്ദർശകർ മെഴുകുതിരി വാങ്ങി കത്തിക്കുന്നു. അകത്ത് തന്നെ മെഴുകുതിരി വില്പനയുമുണ്ട്. കുറെ വിനോദ സഞ്ചാരികൾ വന്നും പോയും കൊണ്ടിരിക്കുന്നു. പള്ളി വിശാലമായി തന്നെ കണ്ട ശേഷം കോട്ടയിലേക്ക് കേറി. അല്പം ദുർഘടം പിടിച്ച വഴിയാണ്. സൂക്ഷിച്ചില്ലെങ്കിൽ കാൽ തെന്നി വീഴാനും സാധ്യതയുണ്ട്.

പത്താം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ടയ്ക്ക് നിരവധി ആക്രമണങ്ങളേയും അധിനിവേശങ്ങളേയും നേരിട്ട ചരിത്രം കൂടിയുണ്ട്. പലഭാഗങ്ങളും തകർന്ന നിലയിലാണെങ്കിലും ഇന്നും നിരവധി സഞ്ചാരികളെ ഈ കോട്ട ആകർഷിക്കുന്നു. കോട്ടയുടെ പൊളിഞ്ഞ ഭാഗങ്ങളിലേക്ക് പോകുന്നത് കുറച്ച് റിസ്ക്കാണ്. കുത്തനെയുള്ള ചിലയിടങ്ങളിൽ മാത്രമാണ് പടികളുള്ളത്.

സമുദ്ര നിരപ്പിൽ നിന്ന് 7500 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അർകാഷെൻ, ആംബർഡ് നദികളുടെ സംഗമസ്ഥാനത്ത് അരാഗത് പർവ്വതത്തിന്റെ മനോഹരമായ ചെരിവിലാണ് ഈ പള്ളി. പഴയ രാജാക്കൻമാരുടെ വേനൽകാല കേന്ദ്രമായിരുന്നു ഇതെന്നും പറയപ്പെടുന്നു.  1070-കളിൽ സെൽജുക് തുർക്കികൾ ഈ കോട്ട കീഴ്പ്പെടുത്തി ഒരു സൈനിക താവളമാക്കി മാറ്റി. 1197ൽ അർമേനിയക്കാരുടെയും ജോർജിയക്കാരുടെയും സംയുക്ത സൈന്യം കോട്ട തിരിച്ചുപിടിച്ചു. പിന്നീട് കോട്ടമതിലും കെട്ടിടങ്ങളും ശക്തിപ്പെടുത്തുകയും പുതുക്കുകയും ചെയ്തു. ഇത് പിന്നീട്‌ മേഖലയിലെ ഒരു പ്രധാന പ്രതിരോധ കേന്ദ്രമാക്കി മാറ്റി. 1236ൽ മംഗോളിയക്കാർ ഈ കോട്ട പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ട് വരെ ഈ കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇവിടെ നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ ഈ കോട്ടയിൽ രാജകീയ സ്വീകരണ കേന്ദ്രവും സ്വകാര്യ മുറികളും ആഡംബര വസ്തുക്കളുമെല്ലാം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
(അവസാനിക്കുന്നില്ല…)

ARMENIA PART 1 ഓർമ്മകളെ മുറിപ്പെടുത്തുന്ന യേരവാനിലെ സ്മാരകം

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed