ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള വ്യോമയാന ഗതാഗത മേഖലയാണ് ഇന്ത്യയിലേത്. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ സമീപ വര്‍ഷങ്ങളായി നല്ല വര്‍ധനവുമുണ്ട്. ഡിജിസിഎ(DGCA)യുടെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് ഡൊമസ്റ്റിക് യാത്രക്കാരുടെ എണ്ണം 15 ശതമാനം വര്‍ധിച്ചുവെന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 132.67 ലക്ഷം പേരാണ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളില്‍ യാത്ര ചെയ്തത്. മുന്‍ വര്‍ഷം ഇത് 114.67 ലക്ഷമായിരുന്നു.
ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ ആണ് 61.4 ശതമാനം വിപണി വിഹിതത്തോടെ മുന്നിലുള്ളത്. ഒരു വര്‍ഷത്തില്‍ ഇന്‍ഡിഗോ 81.10 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. ഇന്ത്യയില്‍ മത്സരം രൂക്ഷമായ ഒരു വ്യവസായ മേഖലയാണിന്ന് എയര്‍ലൈന്‍ മേഖല. ചില വിമാന കമ്പനികള്‍ തഴച്ചു വളരുമ്പോള്‍ ചിലര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനാകാതെ സര്‍വീസ് പാടെ നിര്‍ത്തിപ്പോകേണ്ടി വരുന്നു. ഇതിനു കാരണങ്ങൾ പലതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ചെറുതും വലുതുമായ ഏഴ് വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവച്ചു എന്നാണ്. ഇന്ത്യയില്‍ നിലവില്‍ വ്യോമഗതാഗത രംഗത്ത് 11 ഷെഡ്യൂള്‍ഡ് സര്‍വീസ് നടത്തുന്ന 11 കമ്പനികളും ഷെഡ്യൂള്‍ഡ് കമ്യൂട്ടര്‍ സര്‍വീസ് നടത്തുന്ന അഞ്ച് കമ്പനികളുമാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് ലോക്‌സഭയില്‍ ഈയിടെ അറിയിച്ചിരുന്നു.
2022ല്‍ ടര്‍ബോ മേഘ എയര്‍വേയ്‌സ്, ഹെരിറ്റേജ് ഏവിയേഷന്‍ എന്നീ കമ്പനികള്‍ പൂട്ടി. ഡെക്കാന്‍ ചാര്‍ട്ടേഴ്‌സ്, സെക്‌സസ് എയര്‍ സര്‍വീസ്, എയര്‍ ഒഡീഷ ഏവിയേഷന്‍ എന്നീ കമ്പനികള്‍ 2020ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായിരുന്ന, ആദ്യ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വേയ്‌സും (Jet Airways) അവരുടെ ഉപ കമ്പനിയായ ജെറ്റ് ലൈറ്റ് ഇന്ത്യയും 2019ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഏറ്റവുമൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗോ ഫസ്റ്റ് (Go First) എന്ന നേരത്തെ ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന വിമാന കമ്പനി സര്‍വീസ് നിര്‍ത്തിയത്.
എന്തായിരുന്നു ഈ വിമാന കമ്പനികള്‍ നേരിട്ട പ്രശ്‌നം? വലിയ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു വലിയ വിമാന കമ്പനികള്‍ നേരിട്ട പ്രശ്‌നമെങ്കിലും മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. വിമാന എഞ്ചിനുകളുടെ അറ്റക്കുറ്റപ്പണിയും ലഭ്യതയുമായിരുന്നു ആ പ്രശ്‌നം. PW1100G-JM എഞ്ചിനുകളുടെ വിതരണ ശൃംഖലയിലുണ്ടായ താളപ്പിഴ നിരവധി വിമാനക്കമ്പനികളെ താഴെയിറക്കിയിട്ടുണ്ടെന്ന് ഡിജിസിഎ ചുണ്ടിക്കാട്ടുന്നു.
യുഎസ് എയറോസ്‌പേസ് കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി (Pratt & Whitney / P&W) ആണ് ഈ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നത്. വിമാന എഞ്ചിനുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നതില്‍ ലോകത്തെ മുന്‍നിരയിലുള്ള കമ്പനിയാണിത്. ആഗോള തലത്തില്‍ വ്യാപകമായി വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ ഇവര്‍ നിര്‍മ്മിക്കുന്നവയാണ്. ഇവരുടെ എഞ്ചിന്‍ ഉല്‍പ്പാദനത്തിലുണ്ടായ അപര്യാപ്തതയും പ്രശ്‌നങ്ങളും ലോകത്തൊട്ടാകെ നിരവധി വിമാന കമ്പനികളെ ബാധിച്ചു. ഇന്ത്യന്‍ കമ്പനിയായ ഗോ ഫസ്റ്റിന് പ്രാറ്റ് & വിറ്റ്‌നി വരുത്തി വച്ചത് 181 മില്യണ്‍ ഡോളറിന്റെ നഷ്ടമാണെന്നും ഈയിടെ റിപോര്‍ട്ടുണ്ടായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണക്കാര്‍ പ്രാറ്റ് ആന്റ് വിറ്റ്‌നിയാണെന്ന് ഗോ ഫസ്റ്റ് എന്‍സിഎല്‍ ട്രൈബ്യൂണലില്‍ (NCLT) കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതു കൂടാതെ വളരെ ഉയര്‍ന്ന പ്രവര്‍ത്തന ചെലവാണ് വിമാന കമ്പനികളുടേത്. വിമാന അറ്റക്കുറ്റപ്പണികള്‍, പാട്ട, വായ്പാ ചെലവുകള്‍, ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി ഭീമമായ സ്ഥിര ചെലവുകളാണ് കമ്പനികള്‍ വഹിക്കുന്നത്.