ARMENIA: ഓർമകളെ മുറിപ്പെടുത്തുന്ന യേരവാനിലെ സ്മാരകം

✍🏻 അമീർ ഷാജി

ഒരു യാത്രയ്ക്കും അങ്ങനെ കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും ഞാൻ നടത്താറില്ല. അവധി ഒത്തുവന്നാൽ ദോഹയിൽ നിന്ന് നാട്ടിലേക്കു കയറാം എന്നു തീരുമാനിച്ചിരിക്കെയാണ് അർമേനിയൻ ട്രിപ്പിനുള്ള സാഹചര്യം ഒത്തുവന്നത്.  ഒരു നിലക്കും നാട്ടിലേക്കു പോക്ക് നടക്കാതെ വന്നപ്പോഴാണ് അർമേനിയ തീരുമാനമായത്. പെരുന്നാൾ അവധിക്ക് കുടുംബ സമേതം അവിടേക്ക് പോകാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ അതിനിടയ്ക്ക് ഒരു ദുബായ് ട്രിപ്പ് കൂടെ വന്നപ്പോൾ ആ യാത്ര നടന്നില്ല. അന്നെടുത്തുവച്ച വീസയ്ക്ക് ജൂലൈ 21 വരെ കാലാവധിയും ഉണ്ടായിരുന്നു.

ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വീസയുള്ളവർക്ക് അർമേനിയയിൽ ഓൺ അറൈവൽ വീസ ലഭിക്കും. ഓൺലൈൻ വഴി എടുക്കുകയാണെങ്കിൽ കൂടുതൽ ഏളുപ്പമാണ്. അങ്ങനെ ജൂൺ 29 യാത്രാ തീരുമാനം ഫൈനലാക്കി. തൊട്ടടുത്ത ദിവസത്തേക്കു തന്നെ അർമേനിയൻ തലസ്ഥാനമായ യേരവാനിലേക്ക് ടിക്കറ്റും സെറ്റാക്കി. ബാക്കിയെല്ലാം ദൈവത്തിന് വിട്ടു. നാട്ടിലേക്ക് പാക്ക് ചെയ്തു വെച്ച പെട്ടിയിൽ നിന്നും കുറച്ചു സാധനങ്ങൾ മാറ്റിവച്ച് രണ്ട് പാന്റും രണ്ട് ടി ഷർട്ടും മാത്രം എടുത്തു ബാഗേജ് റെഡിയാക്കി ഇറങ്ങി.

കോക്കസ് മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഈ മനോഹര രാജ്യം. യൂറോപ്പിനേയും ഏഷ്യയേയും വേർത്തിരിക്കുന്ന പർവ്വത മേഖലയാണിത്. മുൻ സോവിയറ്റ് റിപബ്ലിക്കാണ്. പുരാതന ക്രിസ്ത്യൻ നാഗരികതകളുടെ ഒട്ടേറെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ ഇവിടെയുണ്ട്. പുരാതന സ്മാരകങ്ങളും അതിമനോഹരമായ മലനിരകളും മലയിടുക്കുകളും ഇവിടെ നിന്നൊഴുകുന്ന നദികളും തടാകങ്ങളുമടക്കം ഒട്ടേറെ കാഴ്ചകളുണ്ട്.

ഫെയ്സ്ബുക്ക് വഴി പരിചയമുള്ള സുഹൃത്ത് ക്രിസ് ആണ് അർമേനിയയിൽ സഹായത്തിനുണ്ടാകുക. നേരിട്ടു കണ്ടിട്ടില്ല. വാട്സാപ്പ് വഴിയാണ് സംസാരങ്ങൾ. അദ്ദേഹം യാരവാൻ വിമാനത്താവളത്തിൽ എത്തുമെന്ന് തന്നെയാണ് വിശ്വാസം. അതിനിടയ്ക്ക് ചെറിയൊരു പണികിട്ടി. തിരക്കിട്ടുള്ള ഓട്ടത്തിനിടെ ഫോൺ ചാർജ് ചെയ്യാൻ മറന്നുപോയിരുന്നു. ചാർജ് ചെയ്യാൻ നോക്കുമ്പോൾ അഡ്പ്റ്ററും കാണുന്നില്ല. എയർപോർട്ടിൽ ഇറങ്ങി ഇമിഗ്രേഷൻ നപടിപകൾക്കായി വരി നിൽക്കുമ്പോ ഫോണിൽ നെറ്റ് കണക്ട് ചെയ്ത് ഇറങ്ങിയ കാര്യം ക്രിസിന് മെസേജ് അയച്ചു.  രണ്ട് ശതമാനം മാത്രം ചാർജ് ബാക്കിയുണ്ടായിരുന്ന ഫോൺ അതോടെ ഓഫായി. ക്രിസിനെ ബന്ധപ്പെടാൻ വഴികളൊന്നുമില്ല.

കുറെ വലഞ്ഞതിനു ശേഷമാണ് ബാഗിൽ നിന്ന് ഒരു യൂനിവേഴ്സൽ അഡാപ്റ്റർ കിട്ടിയത്. ഉടൻ അതെടുത്ത് ഫോൺ ചാർജ് ചെയ്ത് ഓണാക്കി. വാട്സാപ്പ് തുറന്നപ്പോൾ ക്രിസിന്റെ മിസ്ഡ് കോളുകൾ. എവിടെ എന്നന്വേഷിച്ച് മെസേജും. നിൽക്കുന്ന കഫേയുടെ അടുത്ത് നിൽക്കുന്ന ഫോട്ടോയും അയച്ചു കൊടുത്തു. ഉടൻ ക്രിസ് അവിടെ എത്തി.  

സുമുഖനായ ഒരു ഫിലിപ്പിനോ ചെറുപ്പക്കാരൻ. ഒരു അർമേനിയക്കാരനെയാണ് പ്രതീക്ഷിച്ചത്. വാട്സാപ്പിൽ സംസാരിച്ചു എന്നല്ലാതെ ഫോട്ടോ കണ്ടിട്ടില്ലല്ലോ. ക്രിസ് ആറു വർഷമായി അർമേനിയയിൽ ഉണ്ട്. ഇവിടെ നന്നായി ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നുണ്ടെന്നും ക്രിസ് പറഞ്ഞു. ബുക്ക് ചെയ്ത ഹോസ്റ്റൽ എയർപോർട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ്. ടൗണിനു പുറത്താണെന്ന് ക്രിസ് പറഞ്ഞു. പുലർച്ചെ 1.30ഓടെ സ്ഥലത്തെത്തിയെങ്കിലും ഹോസ്റ്റൽ കണ്ടു പിടിക്കാൽ കുറച്ച് വലഞ്ഞു. മുൻപ് ജോർജിയയിൽ പോയപ്പോഴും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നു. ഹോസ്റ്റൽ ഹോട്ടൽ പോലെ പെട്ടെന്ന് കണ്ടു പിടിക്കാൻ പ്രയാസമാണ്. അടുത്തു താമസിക്കുന്നവർക്ക് പോലും അറിയിഞ്ഞെന്നുവരില്ല. ഒടുവിൽ കണ്ടെത്തി. രാത്രി റിസപ്ഷനിൽ ആളുണ്ടാകില്ല എന്നതിനാൽ മുറിയിൽ കയറാനുള്ള പാസ്കോഡ് നേരത്തെ തന്നെ ഓണർ മെയിൽ ചെയ്തു തന്നിരുന്നു. ഞാൻ റൂമിൽ കയറി എന്നുറപ്പാക്കിയ ശേഷം, രാവിലെ 9 മണിക്ക് എത്താമെന്നേറ്റ് ക്രിസ് വീട്ടിലേക്കു മടങ്ങി.

സോളോ യാത്രകൾക്ക് ഹോസ്റ്റലാണ് താമസത്തിന് തിരഞ്ഞെടുക്കാറുള്ളത്. ചെലവ് കുറവാണ്. ഫോർമാലിറ്റീസും കുറവാണ്. എല്ലാ രാജ്യങ്ങളിലും ഇതുപോലുള്ള സൗകര്യങ്ങളുണ്ട്. ഡോർമിറ്ററി ആയിരിക്കും. എട്ടോ പത്തോ ആളുകൾ വരെ മുറിയിൽ ഉണ്ടായിരിക്കും. പലരും പല സമയങ്ങളിലായിരിക്കും വരവും പോക്കും. ഇതുമായി പൊരുത്തപ്പെടാമെങ്കിൽ ഹോസ്റ്റലുകൾ മികച്ച ഒപ്ഷനാണ്.

നട്ട പാതിരാ ആയത് കൊണ്ട് ശബ്ദമുണ്ടാക്കാതെ പതുക്കെ കയറിയാണ് ഹോസ്റ്റൽ മുറിയിലെ ഞാൻ ബുക്ക് ചെയ്ത കട്ടിൽ കണ്ടെത്തിയത്. പെട്ടിയും മറ്റും ലോക്കറിൽ വെച്ച് മെല്ലെ കട്ടിലിലേക്ക് കയറി. മരത്തിന്റെ ഡബിൾ കട്ടിൽ ആണ്. മുകളിൽ ആരുമില്ല. കട്ടിലിൽ പുതപ്പ്, കുളിക്കാനുള്ള തോർത്ത്,  അങ്ങിനെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. നല്ല വൃത്തിയുള്ള റൂമും ഹോസ്റ്റലും.  മൂന്ന് ബാത്റൂം ഉണ്ട്. തണുത്ത വെള്ളവും ചൂട് വെള്ളവും കിട്ടും. കുളിയൊക്കെ പാസ്സാക്കി നേരെ ഉറങ്ങാൻ കിടന്നു.

നല്ല ഉറക്കം കിട്ടി. എട്ടു മണിയോടെ എഴുന്നേറ്റ് വേഗം പ്രാഥമിക കാര്യങ്ങൾ ഒക്കെ നിർവഹിച്ചു. ഡ്രസ് ചെയ്ത് ക്രിസിനെ കാത്തിരുന്നു. മനസ്സിൽ നിറയെ കാണാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ചിന്തകളായിരുന്നു. കൃത്യം ഒമ്പത് മണിക്ക് ക്രിസിന്റെ മെസേജ് വന്നു. പുറത്ത് കാത്തിരിക്കുന്നുവെന്ന്. ഉടനെ ബാക്ക്പാക്കും തൂക്കി പുറത്തിറങ്ങി. നേരെ വണ്ടിയിലേക്ക്.

അർമേനിയയിലെ ആദ്യ ദിവസം സന്ദർശിക്കാൻ പോകുന്നത് അർമേനിയൻ ജെനസൈഡ് മ്യൂസിയം ആണ്. ക്രിസിന് വേറെ രണ്ട് ഗസ്റ്റുകൾ കൂടിയുണ്ട്. അവരെ എടുക്കാൻ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഖത്തറിൽ നിന്ന് തന്നെ എത്തിയ ഫിലിപ്പിനോ ദമ്പതികളായിരുന്നു. ഞാൻ വന്ന ഫ്ളൈറ്റിൽ തന്നെയായിരുന്നു അവരും. ശനിയാഴ്ച്ച ആയത് കൊണ്ട് റോഡിൽ അത്ര ട്രാഫിക് ഇല്ല. ക്രിസ് അടക്കം ഞങ്ങൾ നാലു പേരാണ് കാറിലുള്ളത്. പോകുന്ന വഴിയിൽ ഓരോ കഥകൾ പറഞ്ഞങ്ങനെ പോവുകയാണ്.

യാത്ര 25 മിനിറ്റോളമെടുത്തു. കാണാൻ പോകുന്ന സ്ഥലത്തെ കുറിച്ച്  യാത്രയിലുടനീളം ക്രിസ് വിവരിച്ചുകൊണ്ടിരുന്നു. ചെറിയ ചെറിയ കുന്നുകൾ കയറി ഞങ്ങളവിടെ എത്തി. കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്ന് ഒരു ഉദ്യാന പാതയിലൂടെ ടെമ്പിൾ ഓഫ് എറ്റേണിറ്റി ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്ന് തന്നെ നമുക്ക് ഒരു കൂറ്റൻ സ്തൂപം കാണാം. റീ ബോൺ അർമേനിയ എന്നാണതിന്റെ പേര്. യേരവാനിലെ പ്രധാന വാസ്തുവിദ്യാ ശിൽപ്പവും ഒരു തീർത്ഥാടന കേന്ദ്രവുമാണ് Tsitsernakaberd Memorial എന്നു വിളിക്കപ്പെടുന്ന ഈ സമുച്ചയം. ഞങ്ങളവിടെ എത്തിയപ്പോൾ അധികം ആളുകളില്ല. ശനിയാഴ്ച ആയത് കൊണ്ട് മ്യൂസിയം അടച്ചിരിക്കുന്നു. അതുകൊണ്ട് മ്യൂസിയത്തിനകത്ത് കയറാൻ സാധിച്ചില്ല.

ഇരുപതാം നൂറ്റാണ്ടിൽ തുർക്കി ഗവൺമെന്റ് നടത്തിയ കൂട്ടക്കൊലയിൽ ജീവൻ നഷട്മായ 15 ലക്ഷത്തോളം അർമേനിയൻ വംശജരോടുള്ള ആദരസൂചകമായി 1967ൽ നിർമിച്ചതാണ് ഈ സ്മാരകം. യേരവാനിലെ സിറ്റ്സെർനകാബെർഡ് (Tsitsernakaberd) കുന്നിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

Also Read വായിക്കാം, അസർബൈജാൻ യാത്രാനുഭവങ്ങൾ

ഈ സമുച്ചയത്തിന് മുകളിലുള്ള ടെമ്പിൾ ഓഫ് എറ്റേണിറ്റി വിടരാൻ ഒരുങ്ങുന്ന ഒരു പുഷ്പം പോലെയാണ്. 44 മീറ്റർ ഉയരത്തിൽ 12 പാളികൾ വൃത്താകൃതിയിൽ പിരമിഡ് രൂപത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഈ പാളികൾക്കിടയിൽ താഴേക്കിറങ്ങാൻ പടികളുണ്ട്. ഒന്നര മീറ്റർ താഴെ തറനിരപ്പിനു മധ്യഭാഗത്തായി ചെറിയൊരു വൃത്തത്തിനുള്ളിൽ ഒരു ജ്വാല അണയാതെ കത്തിക്കൊണ്ടിരിക്കുന്നു. സന്ദർശകർ ഇവിടെ എത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ചരിത്രം പറഞ്ഞു തുടങ്ങിയാൽ കുറെ പറയാനുണ്ടാകും അർമേനിയക്ക്. അർമേനിയൻ വംശഹത്യയുടെ സ്മാരക സമുച്ചയം (The Armenian Genocide Memorial complex) അർമേനിയയിലെ ഒരു പ്രധാന ഔദ്യോഗിക സ്മാരകമാണ്. വംശഹത്യ നടന്ന അർമേനിയൽ പട്ടണങ്ങളുടെ പേരുകളും കൊല്ലപ്പെട്ടവരുടെ എണ്ണവും അടയാളപ്പെടുത്തിയ മതിലുമുണ്ട് ഇവിടെ. അർമേനിയൻ വംശഹത്യ അനുസ്മരണ ദിനമായ ഏപ്രിൽ 24ന് എല്ലാ വർഷവും വംശഹത്യയുടെ ഇരകളെ അനുസ്മരിക്കാൻ ആയിരക്കണക്കിന് അർമേനിയക്കാർ ഇവിടെ ഒത്തുകൂടാറുണ്ട്.

മ്യൂസിയം കാണാൻ കഴിയാതിരുന്ന സങ്കടത്തിൽ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് പുറപ്പെടാൻ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറിയപ്പോഴാണ് പാസ്പോർട്ട് ഓർമ വന്നത്. മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ബാഗിലെടുത്തുവെക്കാനായി പെട്ടിയിൽ നിന്ന് പുറത്തെടുത്തിരുന്നു. ബാഗിൽ വച്ചതായാണ് ഓർമ. ബാഗിൽ എല്ലായിടത്തും തപ്പി. കാണുന്നില്ല. ബാഗിലുള്ളതെല്ലാം എടുത്തു പുറത്തിട്ടു പരിശോധിച്ചു. അതിലൊന്നും കണ്ടില്ല. റൂമിലുണ്ടോ എന്നന്വേഷിക്കാൻ അവിടുത്തെ നമ്പറും കൈവശമില്ല. കണ്ണിൽ ചെറുതായിട്ട് ഇരുട്ട് കയറുന്നത് പോലെ…
(അവസാനിക്കുന്നില്ല)

One thought on “ARMENIA: ഓർമകളെ മുറിപ്പെടുത്തുന്ന യേരവാനിലെ സ്മാരകം

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed