ന്യൂ ദല്‍ഹി. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പരിപാലിച്ചു പോരുന്ന വിവിഐപി പൂന്തോട്ടമായ രാഷ്ട്രപതി ഭവനിലെ Amrit Udyan മാര്‍ച്ച് 31 വരെ സന്ദര്‍ശിക്കാം. നേരത്തെ മുഗള്‍ ഗാര്‍ഡന്‍ എന്നറിയപ്പെട്ടിരുന്ന ഈ പൂന്തോട്ടം വര്‍ഷത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാറുള്ളൂ. ആധുനിക ദല്‍ഹിയുടെ ശില്‍പ്പിയായ സര്‍ എഡ്വിന്‍ ലുട്യന്‍സ് എന്ന ബ്രിട്ടീഷ് എഞ്ചിനീയര്‍ മുഗള്‍ ശൈലിയില്‍ ഒരുക്കിയതാണ് ഈ പൂന്തോട്ടം. രാഷ്ട്രപതി ഭവന്റെ ഭാഗമായതിനാല്‍ അതീവ സുരക്ഷയോടെ മികച്ച നിലവാരത്തില്‍ ഈ പൂന്തോട്ടത്തെ പരിപാലിച്ചു പോരുന്നു.
അര ലക്ഷത്തോളം ടുലിപ് പൂക്കള്‍, ലില്ലി, ഡാഫഡില്‍സ്, നൂറിലേറെ ഇനം റോസ് എന്നിങ്ങനെ പുഷ്പ വൈവിധ്യം കൊണ്ട് സമ്പന്നമാണ് അമൃത് ഉദ്യാന്‍. ബോണ്‍സായ് ഗാര്‍ഡന്‍, ഫ്‌ളോറല്‍ ക്ലോക്ക്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെന്‍ട്രല്‍ ലോണ്‍, ലോങ് ഗാര്‍ഡന്‍, ഹാങിംഗ് ഗാര്‍ഡന്‍, സര്‍ക്കുലര്‍ ഗാര്‍ഡന്‍, ബാല്‍ വാടിക എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേകം തയാറാക്കിയ ഗാര്‍ഡൻ എന്നിവയും ഉണ്ട്. 225 വര്‍ഷം പഴക്കമുള്ള ശീഷം മരം, ട്രീ ഹൗസ്, നേച്ചേഴ്‌സ് ക്ലാസ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. സന്ദര്‍ശകര്‍ക്കായി ഫുഡ്‌കോര്‍ട്ട്, സുവനീര്‍ ഷോപ്പ്, ക്ലോക്ക് റൂം, റെസ്റ്റ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശന സമയവും പ്രവേശനവും
രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയാണ് അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുക. പ്രവേശനം 4 മണി വരെ മാത്രമെ അനുവദിക്കൂ. രാഷ്ട്രപതി ഭവന്റെ നോര്‍ത്ത് അവന്യൂവിന് സമീപമുള്ള ഗേറ്റ് നമ്പര്‍ 35 വഴിയാണ് പ്രവേശനം. പ്രവേശനത്തിന് ഫീസ് ഈടാക്കുന്നില്ല. എന്നാൽ രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. നേരിട്ട് ടിക്കറ്റെടുക്കാൻ 35-ാം നമ്പർ ഗേറ്റിലെ സെൽഫ് സർവീസ് കിയോസ്കിൽ സഹായം തേടാവുന്നതാണ്. ദല്‍ഹി മെട്രോയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനില്‍ നിന്ന് അര മണിക്കൂര്‍ ഇടവേളകളില്‍ ഇവിടേക്ക് ബസ് സര്‍വീസ് ഉണ്ട്. മാര്‍ച്ച് 1, 5 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഈ ദിവസങ്ങല്‍ പ്രത്യേക വിഭാഗം സന്ദര്‍ശകര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിലും ഹോളി ദിവസമായ മാര്‍ച്ച് 25നും അമൃത് ഉദ്യാന്‍ തുറക്കില്ല.