രാഷ്ട്രപതി ഭവൻ ഇനി ആഴ്ചയിൽ 6 ദിവസവും സന്ദർശിക്കാം; അറിയേണ്ടതെല്ലാം

ന്യൂഡൽഹി. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും കാര്യയാലയവുമെല്ലാം ഉൾക്കൊള്ളുന്ന രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കിനി ആഴ്ചയിൽ ആറു ദിവസവും സന്ദർശിക്കാം. നേരത്തെ ഇത് അഞ്ചു ദിവസമായിരുന്നു. ജൂൺ ഒന്നു മുതൽ, തിങ്കൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാഷ്ട്രപതി ഭവന്റെ വാസ്തുശിൽപ്പ ചാരുതയും പൂന്തോപ്പും പൊതുജനങ്ങൾക്ക് കാണാം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമെ പ്രവേശനം അനുവദിക്കൂ. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഏഴ് സ്ലോട്ടുകളിലായാണ് പ്രവേശനം. ഔദ്യോഗിക സർക്കാർ അവധി ദിവസങ്ങളിൽ സന്ദർശകർക്കു പ്രവേശനമില്ല.

സന്ദർശകർക്കായി മൂന്ന് സർക്യൂട്ടുകളാണ് ഉള്ളത്. സർക്യൂട്ട് -1 രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടം, പ്രധാന പരിപാടികൾ നടക്കുന്ന സെൻട്രൽ ലോൺ, അശോക ഹാൾ, ദർബാർ ഹാൾ, രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നുകൾ സംഘടിപ്പിക്കുന്ന ബാങ്കിറ്റ് ഹാൾ, മറ്റു പ്രധാന മുറികളും കാഴ്ചകളും ഉൾപ്പെടുന്നതാണ്. സർക്യൂട്ട്- 2 രാഷ്ട്രപതി ഭവൻ മ്യൂസിയവും സർക്യൂട്ട്- 3 ഉദ്യാൻ ഉത്സവ് സീസണിൽ മാത്രം തുറക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാന പൂന്തോട്ടങ്ങളായ അമൃത് ഉദ്യാൻ (മുഗൾ ഗാർഡൻ), ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവ ഉൾപ്പെടുന്നതുമാണ്. സന്ദർശനത്തിന് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം.

രാഷട്രപതി ഭവനിൽ എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ചെയ്ഞ്ച് ഓഫ് ഗാർഡ് സെറിമണിയും സന്ദശകർക്കു കാണാം. രാവിലെ എട്ടിനും ഒമ്പതിനുമിടയിലാണ് ഈ ചടങ്ങ്. ശനിയാഴ്ച ഔദ്യോഗിക അവധി ദിവസമായി വന്നാൽ അന്ന് ഈ സെറിമണി ഉണ്ടായിരിക്കില്ല.

രാഷ്ട്രപതി ഭവൻ ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റിന്റെ കൊട്ടാരമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ ശക്തിയെയും ജനാധിപത്യ പാരമ്പര്യങ്ങളെയും മതേതര സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നു. വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത്. 1929ൽ പണി പൂർത്തിയാക്കി. 330 ഏക്കൽ വിശാലമായ എസ്റ്റേറ്റിൽ അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് H ആകൃതിയിലുള്ള രാഷ്ട്രപതി ഭവൻ. 340 മുറികളുണ്ട്. വിവിധ പൂന്തോട്ടങ്ങൾ 190 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഇടനാഴികളുടെ ദൂരം രണ്ടര കിലോമീറ്റർ വരും.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യകാലത്ത് ഇന്ത്യയുടെ വൈസ്രോയിയുടെ വസതി ആയാണ് ഈ സൗധം പണികഴിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതോടെ ബ്രിട്ടീഷ് അധികാരത്തിന്റെ പ്രതീകമായിരുന്ന ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും അതിന്റെ മതേതര ബഹുസ്വര പാരമ്പര്യത്തിന്റേയും പ്രതീകമായി മാറി.

One thought on “രാഷ്ട്രപതി ഭവൻ ഇനി ആഴ്ചയിൽ 6 ദിവസവും സന്ദർശിക്കാം; അറിയേണ്ടതെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed