കോഴിക്കോട്ട് നിന്ന് ആരംഭിച്ച് ദല്‍ഹിയിലും ആഗ്രയും ജയ്പൂരും കറങ്ങി കോഴിക്കോട് അവസാനിക്കുന്ന മികച്ചൊരു യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് IRCTC. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) പാക്കേജാണെങ്കിലും ഈ യാത്ര വിമാനത്തിലാണ്. മാര്‍ച്ച് 30നാണ് ഈ Golden Triangle Flight package യാത്ര ആരംഭിക്കുന്നത്. ഏപ്രില്‍ അഞ്ചിന് തിരിച്ചെത്തും. ആറ് രാത്രികളും ഏഴു പകലും നീളുന്ന ഈ യാത്രയില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 സീറ്റുകളാണുള്ളത്. ഇപ്പോൾ ബുക്ക് ചെയ്യാം.
യാത്ര ഇങ്ങനെ
മാര്‍ച്ച് 30ന് രാത്രി 09.55ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്ര ആരംഭിക്കും. 31ന് പുലര്‍ച്ചെ ഒരു മണിക്ക് ദല്‍ഹി എയര്‍പോര്‍ട്ടിലിറങ്ങും. അവിടെ നിന്ന് ഹോട്ടലിലേക്ക്. ഫ്രഷായി പ്രഭാത ഭക്ഷണവും കഴിഞ്ഞ് ആദ്യ ഇനം ദല്‍ഹി നഗരം ചുറ്റിക്കാണലാണ്. ചെങ്കോട്ട, രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, ഗാന്ധി മെമോറിയല്‍, ഇന്ദിരാഗാന്ധി മെമോറിയല്‍, വൈകുന്നേരം അക്ഷര്‍ധാം സന്ദര്‍ശനം. തിരിച്ച് ഹോട്ടലിലേക്ക്. രണ്ടാമത്തെ ദിവസം ലോട്ടസ് ടെമ്പിള്‍, ഖുതബ് മിനാര്‍ എന്നിവ സന്ദര്‍ശിക്കും. വൈകുന്നേരം ഷോപ്പിങ് നടത്താം. രണ്ടാം ദിവസവും രാത്രി ദല്‍ഹിയില്‍ തന്നെ ഹോട്ടലില്‍ തങ്ങും.
മുന്നാം ദിവസമായ ഏപ്രില്‍ രണ്ടിന് പ്രഭാത ഭക്ഷണശേഷം ദല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തിരിക്കും. അവിടെ അംബര്‍ ഫോര്‍ട്ട്, ജല്‍ മഹല്‍ എന്നിവ സന്ദര്‍ശിക്കും. വൈകീട്ട് ഹോട്ടലില്‍ തങ്ങും. അടുത്ത ദിവസം ജയ്പൂരില്‍ നിന്ന് ആഗ്രയിലേക്കാണ് യാത്ര. താജ്മഹലാണ് ഇവിടത്തെ പ്രധാന സന്ദര്‍ശന കേന്ദ്രം. വൈകീട്ട് ആഗ്രയില്‍ തന്നെ ഹോട്ടലില്‍ തങ്ങും. മടക്കയാത്രയില്‍ സമയം ലഭിച്ചാല്‍ ഫത്തേപൂര്‍ സിക്രിയും സന്ദര്‍ശിക്കും.
അടുത്ത ദിവസം ആഗ്രയിലെ തന്നെ ആഗ്ര ഫോര്‍ട്ട് സന്ദര്‍ശിക്കും. ശേഷം ദല്‍ഹിയിലേക്ക്. ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 6.20ന് മടക്കയാത്ര ആരംഭിക്കും. രാത്രി 9.20ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുന്നതോടെ യാത്രയ്ക്ക് പരിസമാപ്തിയാകും.
നിരക്കുകളും സൗകര്യങ്ങളും
34300 രൂപ മുതല്‍ 48050 രൂപ വരെയാണ് നിരക്ക്. കുട്ടികളുടെ നിരക്ക് 21650 രൂപ മുതല്‍ 29650 രൂപ വരെ. വിശദമായ നിരക്കുകളും കൂടുതല്‍ വിവരങ്ങളും ഐആര്സിടിസുടെ വെബ്സൈറ്റില്‍ പരിശോധിക്കാം. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇക്കോണമി ടിക്കറ്റുകള്‍, ആറു രാത്രികളിലെ ഹോട്ടല്‍ താമസം, ആറു ദിവസത്തെ ബ്രേക്ക്ഫസ്റ്റ്, അഞ്ചു ദിവസത്തെ ഡിന്നര്‍, പാക്കേജിലുള്ള സൈറ്റ് സീയിങ്ങിനും യാത്രകള്‍ക്കും എസി വാഹനം, ഐആര്‍സിടിസിയുടെ ടൂര്‍ ഗൈഡ്, യാത്രയിലെ ടോള്‍, പാര്‍ക്കിങ് ഫീ തുടങ്ങിയ നികുതികള്‍ എന്നിവ പാക്കേജ് തുകയില്‍ ഉള്‍പ്പെടും.