ദുബയ്. യുഎഇയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് Air India Express അധിക ബാഗേജ് നിരക്കിന്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മൂന്നിലൊന്നായാണ് നിരക്കുകള്‍ കുറച്ചത്. ദുബായ്, ഷാര്‍ജ, അല്‍ഐന്‍, അബു ദബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഈ ഇളവ് ലഭിക്കുക.
അഞ്ച് കിലോ അധിക ബാഗേജിന് 150 ദിര്‍ഹമായിരുന്നത് വെറും 49 ദിര്‍ഹമാക്കി കുറച്ചു. 10 കിലോയ്ക്ക് 99 ദിര്‍ഹം, 15 കിലോയ്ക്ക് 199 ദിര്‍ഹം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് യഥാക്രമം 300, 500 ദിര്‍ഹം വീതമായിരുന്നു. സൂറത്ത്, വരാണസി, അമൃത് സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും ഈ നിരക്കു മതി. ദല്‍ഹി, മുംബൈ, വിജയവാഡ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ അഞ്ച് കിലോ അധിക ബാഗേജ് സൗജന്യമാക്കുകയും ചെയ്തു. ഇവിടങ്ങളിലേക്ക് 10 കിലോ അധിക ബാഗേജിന് 49 ദിര്‍ഹം ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഇളവുകള്‍. ബുക്ക് ചെയ്യുന്ന യാത്രകള്‍ ഒക്ടോബര്‍ 19നു മുമ്പായിരിക്കണമെന്ന നിബന്ധനയുമുണ്ട്.