LADAKH: പാംഗോങ് തടാകക്കരയിലെ രാത്രിയുടെ വന്യ സൗന്ദര്യം

✍🏻 സുനു കാനാട്ട്

കറന്റും ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു മല മുകളിൽ ശക്തമായി വീശിയടിക്കുന്ന ശീതക്കാറ്റിന്റെ ശബ്ദം മാത്രം കേട്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് ഒരിടത്തു താമസിച്ചിട്ടുണ്ടോ? അതൊരു ഒന്നാം തരം അനുഭവമാണ്.

ലഡാക്കിലെ പാങ്കോങ് ലേക്കിന് (Pangong Lake) അരികിലുള്ള ചെറിയ ക്യാബിനുകളിലും ടെന്റുകളിലും താമസിക്കുന്നവർക്ക് അത് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. അൽപ്പം ഭയപ്പെടുത്തുന്ന ഒരു രാത്രിയും.

ഈ കഴിഞ്ഞ ഓഗസ്റ്റ് 12 ന് സമാപിച്ച ലഡാക്കിലെ ഒരു റോഡ് ട്രിപ്പിനൊടുവിൽ ഓഗസ്റ്റ് മാസം ഒൻപതാം തിയതിയാണ് സോളോ ട്രിപ്പ്കാരനായ ഞാനും ഷെയറിങ് ടാക്സിയിലെ പങ്കാളികളായ മറ്റു നാലുപേരും (രണ്ട് നോർത്തിന്ത്യൻ ദമ്പതികൾ ) നുബ്രാ വാലിയിൽ നിന്ന് 165 കിലോമീറ്റർ തീർത്തും ദുർഘടവും അപകടകരവുമായ പാതയിലൂടെ ഏകദേശം എട്ടു മണിക്കൂർ സഞ്ചരിച്ചു വൈകുന്നേരം 5 മണിയോടെ സമുദ്ര നിരപ്പിൽ നിന്ന് 13,862 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെത്തുന്നത്.

അതിമനോഹരമാണ് പാങ്കോങ് തടാകം. കടും നീല നിറത്തിൽ കണ്ണെത്താ ദൂരത്തോളം നിശ്ചലമായി നീണ്ടു കിടക്കുന്ന ലോകത്തിലേ തന്നെ ഏറ്റവും ഉയര കൂടിയ ഒരു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ തടാകം ഒരു വിസ്മയക്കാഴ്ച്ച തന്നെയാണ്. പക്ഷേ സങ്കടകരമായൊരു കാര്യം ദീർഘ യാത്ര കഴിഞ്ഞു അവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒന്നിരിക്കാനോ ഒരു ചായ കുടിക്കാനോ ടോയ്‌ലെറ്റിൽ പോകാനോ ഒന്നും അവിടെ ഒരു സംവിധാനവുമില്ല എന്നതാണ്.

അതുകൊണ്ട് തടാകക്കരയിൽ അധിക സമയം നിൽക്കാതെ തൊട്ടടുത്തുള്ള ക്യാബിനുകളിലൊന്നിൽ ഡിന്നറും പ്രഭാത ഭക്ഷണവും ഉൾപ്പെടെ 1500 രൂപയ്ക്ക് ഒരു മുറിയെടുത്തു. അവിടെ കാശ് കൊടുക്കുമ്പോൾ നേരെ ചാവി തരുന്ന ഏർപ്പാടാണ്. പേരോ മേൽവിലാസമോ ഒന്നും ചോദിക്കുന്ന ഏർപ്പാടില്ല. ഒരുപക്ഷേ പോരുന്ന വഴിയിൽ നിരവധി തവണ പോലീസിൽ സഞ്ചാരികൾ റിപ്പോർട്ട് ചെയ്യേണ്ടതുള്ളതുകൊണ്ടാവും അങ്ങനെ.

ഉയരം കുറഞ്ഞ ചെറിയൊരു മുറിയാണ് .തറയിൽ കാർപ്പെറ്റ് പോലെ എന്തോ ഒന്നിട്ടിട്ടുണ്ട് വൃത്തിയുള്ള കിടക്കയും കട്ടിയുള്ള രണ്ടു കമ്പിളിപ്പുതപ്പും തടിച്ച ഒരു ബെഡ് സ്പ്രെഡും പുതയ്ക്കാൻ കിട്ടും .ബാത്ത് റൂമും നല്ല വൃത്തിയുള്ളതാണ്.

യാത്രാ ക്ഷീണമുള്ളതുകൊണ്ട് ഒന്ന് കുളിക്കാമെന്ന് വിചാരിച്ചു നോക്കിയപ്പോൾ ചൂട്ടുവെള്ളമില്ല. ഐസുപോലുള്ള തണുത്ത വെള്ളത്തിൽ കുളിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് കയ്യും കാലും മുഖവും കഴുകി ഓടി രക്ഷപ്പെട്ടു.

സമീപത്തു അവരുടെതന്നെ ഒരു ചെറിയ കാന്റീനുണ്ട്. അവിടെ ചെന്നപ്പോൾ ഒരു നല്ല ചൂട് മസാല ചായ കിട്ടി. അതും കുടിച്ചു റൂമിനു പുറത്തിട്ടിരിക്കുന്ന കസേരയിലിരുന്നു വെയിൽ ചായുന്ന സന്ധ്യയും നിഴൽ പരക്കുന്ന പർവ്വതങ്ങളും, അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളേറ്റ് സ്വർണ്ണനിറമാർന്ന മഞ്ഞു മലകളും, മയങ്ങുന്ന തടാകവും കൺ കുളിർക്കെ കണ്ടുകൊണ്ട് തനിച്ചിരുന്നു.

8 ഡിഗ്രിയാണ് തണുപ്പ്. സാധാരണ തണുപ്പുള്ള സ്ഥലങ്ങളിൽ ചെന്നാൽ ദീർഘദൂരം നടക്കാനിറങ്ങും. ഇവിടെയും ഒരു തെർമ്മൽ വെയറിന് മുകളിൽ ടി ഷർട്ടും ജാക്കെറ്റുമിട്ട് തൊപ്പിയും ഷാളും ഇട്ടു മൂടിപ്പൊതിഞ്ഞു നടക്കാനിറങ്ങിയെങ്കിലും അതി ശക്തമായി വീശിയടിച്ച ശീതക്കാറ്റിൽ വിറച്ചു നടപ്പു ശ്രമം പരാജയപ്പെട്ടു തിരികെ റൂമിൽ അഭയം പ്രാപിച്ചു.

രാത്രി 7 മുതൽ 9 വരെ രണ്ടു മണിക്കൂർ ജനറേറ്റർ വെച്ച് വെളിച്ചം കിട്ടിയിരുന്നു. കൃത്യം 9 മണിക്ക് ജനറേറ്റർ ഓഫ് ആയി. ഭീതിപ്പെടുത്തുന്ന കാറ്റിന്റെ ശബ്ദമാണ് പിന്നീട്. ക്യാബിനെല്ലാം ഇളകിത്തെറിച്ചു പോകുമോയെന്ന് തോന്നും. പുറത്തും കട്ടപിടിച്ച ഇരുട്ടാണ്. കൂടെ വന്നവരൊക്കെ ഏത് ക്യാബിനുള്ളിലാണെന്ന് അറിയില്ല. എന്തെങ്കിലുമൊരു ആവശ്യം വന്നാൽ വിളിക്കാൻ ഫോണില്ല. ക്യാബിൻ നടത്തിപ്പുകാർ എവിടെയാണ് കിടക്കുന്നത് എന്നെങ്കിലും ചോദിച്ചു വെക്കാമായിരുന്നു എന്നോർത്തു. വല്ല ഹാർട്ട് അറ്റാക്കും വന്നാൽ ഇരുന്ന ഇരിപ്പിൽ മരിക്കുവല്ലാതെ രക്ഷയില്ല. അടുത്തെങ്ങും ഒരൊറ്റ ആശുപത്രിയില്ല. ലേ സ്വദേശിയായ വണ്ടിയുടെ ഡ്രൈവർ കിടക്കുന്നതെങ്കിലും എവിടെയാണെന്ന് അറിഞ്ഞുവെക്കാത്തത് വലിയ അബദ്ധമായിപ്പോയി എന്നോർത്തു. ഒരുപോലെയിരിക്കുന്ന നൂറുകണക്കിന് ടെന്റുകളും ക്യാബിനുകളുമാണ് അവിടെയുള്ളത്.

ഇതെന്തിനാണ് ദൈവമേ ഈ രാത്രിയിൽ ഇത്ര വലിയ കാറ്റ് വീശുന്നത് എന്നായിരുന്നു എന്റെ വിചാരം. എങ്ങിനെയോ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. പാതി രാത്രി ഒരു മണി കഴിഞ്ഞു ഒന്ന് മുള്ളാൻ എണീറ്റപ്പോൾ ആകാശത്തു കുറച്ചു നക്ഷത്രങ്ങളും അർദ്ധ ചന്ദ്രനും കണ്ടു. പൗർണ്ണമിരാവിലെങ്ങാനും ഇവിടെ വന്നാൽ എന്താവും കാഴ്ച്ച എന്നോർത്ത് അൽപ്പനേരം രാത്രിയുടെ ഭംഗിയും ഭീകരതയും നോക്കി നിന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ വലിയ സന്തോഷവും ആശ്വാസവുമാണ് തോന്നിയത്. രാവിലെ 7 മണിക്ക് റൂം ബോയ് ഒരു ബക്കറ്റ് ചൂടുവെള്ളം കൊണ്ടുത്തന്നു. ചൂടുവെള്ളത്തിലൊരു നല്ല കുളിയും പാസ്സാക്കി ഒരു ചൂടുചായയും കുടിച്ചു വിശ്രമിച്ചിരുന്നപ്പോൾ ഭാര്യയെയും മകളെയുമൊക്കെ പതിവിലും കൂടുതൽ ഓർത്തു.

കല്യാണം കഴിക്കുക, വീട് വെക്കുക, മക്കളെ കെട്ടിച്ചു വിടുക ഇതുമാത്രമല്ല ജീവിതമെന്ന് വിചാരിക്കുന്ന ഒരുവനാണ് ഓരോ സഞ്ചാരിയും. അവന് അനുവദിക്കപ്പെട്ട ഈ ജീവിതം അനുഭവ സമ്പന്നമാകണം എന്നതാണ് അവന്റെ കാഴ്ചപ്പാട്. അതിന് യാത്രകളോളം പറ്റിയത് മറ്റൊന്നുമില്ല .

നിരീക്ഷിക്കാൻ കഴിവുള്ളവനായ ഒരു സഞ്ചാരി ഓരോ യാത്രയും കഴിഞ്ഞു മടങ്ങിയെത്തുന്നത് നിറയെ അനുഭവങ്ങളുമായിട്ടായിരിയ്ക്കും. ആ അനുഭവങ്ങൾ അവന് ഒരു ആഴവും പാകതയും പകർന്ന് നൽകും. നിസ്സാര കാര്യങ്ങളിൽ പിന്നീടവന് താല്പര്യമുണ്ടാകില്ല. മനുഷ്യൻ ഈ മഹാ പ്രകൃതിക്ക് മുൻപിൽ എത്ര നിസ്സാരനാണ് എന്ന് ഓരോ യാത്രയിലും അവൻ തിരിച്ചറിയും.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ലഡാക്കിലെ പാങ്കോങ് തടാകം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.

Legal permission needed