കൊച്ചി. മണ്‍സൂണ്‍ മഴ വിട്ടു നിന്നതോടെ തെളിഞ്ഞ കാലാവസ്ഥ ഇടുക്കിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു. ഓണം സീസണ്‍ പ്രമാണിച്ച് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളും ഹിമാചല്‍ പ്രദേശിലെ മഴ ദുരന്തം കാരണം ഉത്തരേന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളും തിരഞ്ഞെടുക്കുന്ന മികച്ച വിനോദ കേന്ദ്രമായിരിക്കുകയാണിപ്പോള്‍ ഇടുക്കി ജില്ല. മൂന്നാര്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം തിരക്കേറി വരികയാണ്. സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഇപ്പോള്‍ നല്ല തിരക്കുണ്ട്.
സാധാരണ ജൂണ്‍-ഓഗസ്റ്റ് സീസണില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വളരെ കുറവായിരിക്കും. 2018 മുതല്‍ ഈ സീസണില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇത്തവണ മഴ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്നത്. മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്കിങ്ങിന് തിരക്കേറിയതായി ടൂറിസം ഓപറേറ്റര്‍മാര്‍ പറയുന്നു.
വാരാന്ത്യ ദിവസങ്ങള്‍ക്ക് തുടര്‍ച്ചയായി വന്ന സ്വാതന്ത്ര്യദിനാഘോഷ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകള്‍ക്ക് മുറി ലഭിക്കുക പ്രയാസമായിരുന്നുവെന്ന് ടൂറിസം സംരംഭകനായ പോള്‍ എം ടി പറയുന്നു. വിനോദ സഞ്ചാരികളുടെ ഈ തിരക്ക് ഓണം സീസണ്‍ കഴിയുന്നത് വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. ഓഗസ്റ്റ് 12 മുതല്‍ 15 വരെ മാത്രം 41,617 വിനോദ സഞ്ചാരികളാണ് ഡിടിപിസിയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമെത്തിയത്. വാഗമണിലും മൂന്നാറിലുമാണ് ഏറെ പേരുമെത്തിയത്.
ഓണാവധി ദിവസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കായി ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മഴ കുറഞ്ഞെങ്കിലും മൂടല്‍ മഞ്ഞും കുളിരും മൂന്നാറില്‍ വേണ്ടുവോളം ആസ്വദിക്കാനുണ്ട്. രാജമലയില്‍ ഇത്തവണ പന്നല്‍ച്ചെടികളുടെ ശേഖരം കൊണ്ടുണ്ടാക്കിയ ഫേണറേറിയം വേറിട്ട കാഴ്ചാനുഭവമാകും. പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ കുട്ടികളുടെ ഉദ്യാനം പുതിയ റൈഡുകളോടും കൂടുതല്‍ സവിശേഷതകളുമായി ഒരുങ്ങുന്നുണ്ട്.
ഓണാവധി പ്രമാണിച്ച് ഇടുക്കി ഡാമില്‍ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് സന്ദര്‍ശന സമയം. ആര്‍ച്ച് ഡാം, വൈശാലി ഗുഹ എന്നിവയും കാണാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് നിരക്ക്.
കാന്തല്ലൂരില്‍ ഓണക്കാലം ആപ്പിള്‍ കാലം കൂടിയാണ്. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി ഒട്ടേറെ പഴത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാം. പാകമായി ആപ്പിളുകള്‍ മരങ്ങളില്‍ നിന്ന് നേരിട്ട് പറിച്ചെടുത്ത് കഴിക്കാം.
ഡിടിപിസിയുടെ കീഴിലുള്ള ശ്രീനാരായണപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ മതിരപ്പുഴയാറിലെ വെള്ളച്ചാട്ടങ്ങളാണ് പ്രധാന കാഴ്ച. പവലിയനുകളില്‍ നിന്ന് വെള്ളച്ചാട്ടം വളരെ അടുത്തു കാണാനുള്ള സുരക്ഷിത സംവിധാനങ്ങള്‍ ഇവിടെയുണ്ട്. സാഹസിക പ്രേമികള്‍ക്ക് പുഴയ്ക്കു കുറുകെ സിപ്‌ലൈനില്‍ തൂങ്ങിയാടി അക്കരെ കടക്കാം.
ഇടവേളയ്ക്കു ശേഷം വീണ്ടു സജീവമായ ചെങ്കുളം ഹൈഡല്‍ ടൂറിസം ബോട്ട് സര്‍വീസിനു തിരക്കേറുന്നു. ഒരു വര്‍ഷത്തോളം വറ്റിക്കിടന്ന ഡാം ജൂണിലാണ് വീണ്ടും ജലം നിറച്ചത്. ഇവിടെ സ്പീഡ് ബോട്ട്, ഫാമിലി ബോട്ട്, കയാക്കിങ്, കുട്ടവഞ്ചി എന്നിവ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രാമക്കല്‍മേട്, വാഗമണ്‍ പുല്‍മേടുകള്‍ തുടങ്ങി വേറേയും ഒട്ടേറേ കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശക പ്രവാഹം കൂടും.