അബു ദബി ഗൾഫിലെ ഏറ്റവും സ്മാര്‍ട് ആയ നഗരം

അബു ദബി. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സ്മാര്‍ട് ആയ നഗരമെന്ന പദവി യുഎഇ തലസ്ഥാനമായ അബു ദബി നിലനിര്‍ത്തി. ആഗോള തലത്തില്‍ അബു ദബിക്ക് പതിമൂന്നാം സ്ഥാനമാണ്. സ്വിറ്റസര്‍ലന്‍ഡിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രസിദ്ധീകരിച്ച സ്മാര്‍ട് സിറ്റി ഇന്‍ഡെക്‌സ് 2023 പട്ടികയിലാണ് അബു ദബി മുന്‍നിരയില്‍ ഇടംപിടിച്ചത്. ഇവിടെ നടപ്പാക്കിയ എഐ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യവും നൂതനവുമായ ഡിജിറ്റല്‍ പദ്ധതികളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.

2019ല്‍ ദുബൈക്ക് ആയിരുന്നു ഈ പദവി. പിന്നീട് തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ അബു ദബി ഈ പദവി സ്വന്തമാക്കി. പട്ടികയിലെ ആദ്യ 20 നഗരങ്ങളില്‍ രണ്ടു നഗരങ്ങളും യുഎഇയിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ മാത്രമെ ഒന്നിലേറെ സ്മാര്‍ട്ടസ്റ്റ് സിറ്റികളുള്ളൂ. സിംഗപൂര്‍ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് ഡിസൈനുമായി ചേര്‍ന്നാണ് ഈ പട്ടിക തയാറാക്കുന്നതിനുള്ള പഠനം നടത്തിയത്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് 30ാം സ്ഥാനത്താണ്. നേരത്തെ 39 ആയിരുന്നു. മക്ക, ജിദ്ദ നഗരങ്ങളുടെ റാങ്ക് യഥാക്രമം 52, 56 എന്നിങ്ങനെയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹ 59ാം സ്ഥാനത്താണ്. ഈ മൂന്ന് നഗരങ്ങളും ആദ്യമായാണ് ഈ പട്ടികയില്‍ ഇടം നേടുന്നത്. ലോകത്തെ ഏറ്റവും സ്മാര്‍ട് ആയ നഗരം സ്വിസ് തലസ്ഥാനമായ സൂറിച് ആണ്. നോര്‍വെയിലെ ഓസ്ലോ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയിലെ കാന്‍ബറ മൂന്നാം സ്ഥാനത്തുമാണ്. കോപന്‍ഹേഗന്‍, ലോസന്‍, ലണ്ടന്‍, സിംഗപൂര്‍, ഹെല്‍സിങ്കി, ജനീവ, സ്റ്റോക്‌ഹോം എന്നീ നഗരങ്ങലാണ് ആദ്യ പത്തില്‍ ഇടം നേടിയവ.

Legal permission needed