✍ അബു വി കെ
വിനോദയാത്രാ പ്രിയരായ എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും പോകണമെന്ന് കൊതിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പവിഴപ്പുറ്റുകളുടെ നാടായ ലക്ഷദ്വീപ് (LAKSHADWEEP). ദ്വീപിലെ ഓരോ ഇടങ്ങളിലേക്കുമുള്ള യാത്രയ്ക്കും അതിന്റെതായ സൗന്ദര്യമുണ്ട്. കരയിൽ നിന്ന് അകലെ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഈ ദ്വീപുകളെന്നതിനാൽ കാലവും സമയവുമൊക്കെ നോക്കി വേണം യാത്ര തിരിക്കാൻ. ലക്ഷദ്വീപിലേക്ക് ആണെങ്കിൽ ഒരു കപ്പൽ യാത്ര ആക്കുന്നതായിരിക്കും ഏറ്റവും മികച്ചതും വേറിട്ടതുമായ അനുഭവം. കടലിന്റെ വന്യമായ ഭംഗി ആസ്വദിച്ച് ഒരു ദേശത്തിന്റ സംസ്കാരലാളിത്യമുള്ള തീരങ്ങളിൽ നമുക്ക് ചെന്നണയാം. ലക്ഷദ്വീപിനെ കുറിച്ചും അവിടേക്കുള്ള യാത്രാ മാർഗങ്ങളെ കുറിച്ചും പാക്കേജുകളെ കുറിച്ചുമുള്ള വിവരങ്ങൾ തുടർന്ന് വായിക്കാം.
ലക്ഷദ്വീപിനെ അറിയാം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തു നിന്ന് 440 കിലോമീറ്ററോളം അകലെ അറബിക്കടലിലാണ് 36 ചെറിയ ദ്വീപുകളടങ്ങിയ ലക്ഷദ്വീപ് എന്ന ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. 32 ചതുരശ്ര കിലോമീറ്ററിലായി ഇവ വ്യാപിച്ചു കിടക്കുന്നു. പവിഴപുറ്റുകളുടെ നാടെന്നും വിശേഷണമുള്ള ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. കവരത്തി ആണ് തലസ്ഥാനം. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിലാണ് ജനവാസമുള്ളത്. കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷികൾ മാത്രമുള്ള പക്ഷിപ്പിട്ടി (പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി (സബ് മെർജ്ട്) എന്നീ ദ്വീപുകളിൽ ജനവാസമില്ല.
ജനവാസമുള്ള ദ്വീപുകളിലേക്ക് മാത്രമെ സന്ദർശകർക്ക് പ്രവേശനമുള്ളൂ. സ്ഫടികം കണക്കെ കിടക്കുന്ന കടലിനു മീതെ പച്ച വിരിച്ചു കിടക്കുന്ന ഈ ദ്വീപുകൾ ഒട്ടുമിക്കതും പവിഴങ്ങൾ വളർന്ന് രൂപം കൊണ്ടവയാണ്. ദ്വീപുകാരുടെ മുഖ്യ തൊഴിൽ മത്സ്യ ബന്ധനവും തെങ്ങ് കൃഷിയുമാണ്. ചെറിയൊരു വിഭാഗം ജനങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരുമാണ്. ജനസംഖ്യ പൂർണമായും ഇസ്ലാം മത വിശ്വാസികളാണ്. മറ്റിടങ്ങളിൽ നിന്നെത്തിയ സർക്കാർ ജീവനക്കാരാണ് ഇതര മതസ്ഥരായുള്ളത്.
കടലിലെ മലയാള നാട്
കേരള തീരത്തോട് അടുത്ത് കിടക്കുന്നതിനാൽ ലക്ഷദ്വീപുകാർക്ക് കൂടുതലും കേരളവുമായാണ് ബന്ധം. ദ്വീപ് നിവാസികളുടെ എല്ലാ അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നാണ് കൊണ്ടു പോകുന്നത്. ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കായി ദ്വീപു നിവാസികൾ പ്രധാനമായും കേരളത്തെ ആശ്രയിക്കുന്നു. മലയാളം തന്നെയാണ് ഔദ്യോഗിക ഭാഷ. എന്നാൽ ജസരി എന്ന പേരിലുള്ള ഒരു മലയാള ഭാഷാഭേദമാണ് കൂടുതലും സംസാരിക്കപ്പെടുന്നത്. ചെത്ത്ലത്ത്, ബിത്ര, കിൽത്താൻ, കടമത്ത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽപേനി എന്നീ ദ്വീപുകളിൽ ആണ് ജസരി ഭാഷ സംസാരിക്കുന്നത്. ഒരോ ദ്വീപിലും ശൈലീ വ്യത്യാസങ്ങളുണ്ട്. എന്നാൽ മിനിക്കോയ് ദ്വീപിൽ മാത്രം സമീപ ദ്വീപു രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കുന്നത്. മിനിക്കോയ് ദ്വീപിന് സാംസ്കാരികമായി ലക്ഷദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം.
സന്ദർശകരെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നവരാണ് ദ്വീപുകാർ. ഒരിക്കൽ ഇവിടെ സന്ദർശിച്ചവർ വീണ്ടും വരണമെന്ന് ആഗ്രഹിച്ചു പോകുന്നത് സ്വാഭാവികം. അത്രയും ഹൃദ്യമാണ് അവരുടെ ആതിഥ്യ മര്യാദ. മദ്യവും ലഹരിയും പൂർണമായും നിരോധിച്ച നാടാണ്. കുറ്റകൃത്യങ്ങളും അത്യപൂർവ്വം. വളരെ സമാധാനന്തരീക്ഷത്തിൽ ജീവിക്കുന്ന അപൂർവം ജനസമൂഹങ്ങളിലൊന്നാണ് ദ്വീപിലേത്. വെള്ളിയാഴ്ചകൾ ആണ് ദ്വീപുകാരുടെ പൊതു അവധി ദിനം. കേരളത്തിൽ പണ്ടു കാലത്ത് കണ്ടിരുന്ന രൂപത്തിലുള്ള തെരുവോര ചായക്കടകളും വീടുകളും ധാരാളമായി കാണാം.
തെളിമയാർന്ന കടൽ വെള്ളവും കടൽ വിനോദവും തന്നെയാണ് ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്ന പ്രധാന കാഴ്ചകൾ. സ്ഫടികം പോലിരിക്കുന്ന കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങാൻകുഴിയിട്ട് മതിമറന്ന് കടലിൽ ആർമാദിക്കാം. നെഞ്ചോളം വെള്ളത്തിലൂടെ സമീപ ദ്വീപുകളിലേക്ക് നടന്നു പോകാം. ദ്വീപിലെ ലൈറ്റ് ഹൌസ്, ലൈബ്രറി, മ്യൂസിയം, ഉദയാസ്തമയ കാഴ്ചകൾ എല്ലാം കാണുകയും ആസ്വദിക്കുകയും ചെയ്യാം. ചുരുങ്ങിയ കീലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള ദ്വീപിലെ കാഴ്ചകളൊക്കെ കാണാൻ അധികം യാത്ര ചെയ്യേണ്ടതില്ല. വാഹനങ്ങൾ ഏറെയും ചെറു വാഹനങ്ങളും ബൈക്കുകളുമാണ്. സ്കൂബ ഡൈവിങ്, കയാക്കിങ് തുടങ്ങി ഒട്ടു മിക്ക വാട്ടർ സ്പോർട്സ് സൌകര്യങ്ങളും ലഭ്യമാണ്. ദ്വീപുകാരുടെ സവിശേഷ മീൻ വിഭവങ്ങളും മറ്റു പലഹാരങ്ങളും സ്വാദിഷ്ടമായ രുചികളും രുചിച്ചറിയാം.
ബിഎസ്എൻഎല്ലും എയർടെലും മാത്രമാണ് ലക്ഷദ്വീപിൽ ടെലികോം സേവനങ്ങൾ നൽകുന്നത്. കവരത്തി, അഗത്തി ദ്വീപുകളിൽ എയർടെൽ കണക്റ്റിവിറ്റിയും ലഭ്യമാണ്. ജനവാസമുള്ള 10 ദ്വീപുകളിലും ബിഎസ്എൻഎൽ മികച്ച കവറേജ് നൽകുന്നു.
ലക്ഷദ്വീപിലേക്കുള്ള യാത്ര എങ്ങനെ?
കടലിലായത് കൊണ്ട് തന്നെ കടമ്പകൾ ഒട്ടേറെയുണ്ട്. യാത്രാ പെർമിഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എന്നിവയാണ് ആദ്യം വേണ്ടത്. തുടർന്ന യാത്രാ മാർഗത്തെ കുറിച്ച് ആലോചിക്കാം. യാത്രാ അനുമതി കിട്ടുമെന്ന് ഉറപ്പുള്ളവർ ആദ്യം പിസിസി എടുക്കുക. പെർമിറ്റ് ലഭിച്ചാലുടൻ കപ്പലിന്റെ ഷെഡ്യൂൾ നോക്കി ടിക്കറ്റെടുക്കുക. വിമാന മാർഗമാണെങ്കിൽ വിമാന സീറ്റ് ലഭ്യതയും നോക്കുക. അഗത്തിയിൽ മാത്രമാണ് വിമാനത്താവളമുള്ളത്. അവിടെ നിന്ന് മറ്റ് ദ്വീപുകളിലേക്കു പോകാൻ കപ്പലിനേയൊ ബോട്ടുകളെയോ ആശ്രയിക്കേണ്ടി വരും. കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നീ പോർട്ടുകളിൽ നിന്നാണ് കപ്പലുകൾ പുറപ്പെടുന്നതും തിരികെ വന്നു ചേരുന്നതും. കൂടുതൽ കപ്പലുകൾ കൊച്ചിയിൽ നിന്നാണ്.
ദ്വീപ് നിവാസികൾ നൽകുന്ന ഡിക്ലെറേഷൻ രേഖ (ഞാൻ ഇന്നയാളെ എന്റെ അതിഥിയായി ദ്വീപിലേക്ക് ക്ഷണിക്കുന്നു എന്നു വ്യക്തമാക്കുന്ന രേഖ) ഉണ്ടെങ്കിൽ യാത്ര എളുപ്പമാണ്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ദ്വീപിൽ ബന്ധുക്കളോ സുഹൃത്തുക്കളോ അടുപ്പമുള്ളവരോ ഉണ്ടെങ്കിൽ അവർ മുഖേന ഡിക്ലറേഷൻ രേഖ സംഘടിപ്പിക്കാം. ഇവർ മുഖേനയാണെങ്കിൽ വളരെ ചുരുങ്ങിയ ചെലവിൽ നമുക്ക് യാത്ര ചെയ്യാം.
ലക്ഷദ്വീപിലേക്ക് പോകാനുള്ള വഴികൾ, അനുമതി, കപ്പൽ/ വിമാന ബുക്കിങ്, ആവശ്യമായി രേഖകൾ, ഡിക്ലറേഷൻ പേപ്പർ തുടങ്ങി എല്ലാ വിവരങ്ങളും ഇതു വച്ചു എങ്ങനെ യാത്രയ്ക്കൊരുങ്ങാമെന്നും അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന് വായിക്കുക: