✍ അബു വി കെ
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ അടങ്ങുന്ന ഒരു ദ്വീപസമൂഹമാണ്. 12 പവിഴ ദ്വീപുകൾ, മൂന്ന് പവിഴപ്പുറ്റുകൾ, കടലിൽ മുങ്ങിയ അഞ്ച് തീരങ്ങൾ, ജനവാസമുള്ള പത്ത് ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്ന ഏക ജില്ലാ കേന്ദ്ര ഭരണ പ്രദേശമാണിത്. പ്രകൃതി ദൃശ്യങ്ങൾ, നയന മനോഹര ബീച്ചുകൾ, സമൃദ്ധമായ സസ്യജന്തു ജാലങ്ങൾ, തിരക്കുകൾ ഒട്ടുമില്ലാത്ത ശാന്തമായ ജനജീവിതം എന്നിവയാണ് ലക്ഷദ്വീപിന്റെ സവിശേഷതകൾ. അത് കൊണ്ട് തന്നെ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും വൻകരയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങളുണ്ട്. അനുമതിക്കു പുറമെ ചില നടപടിക്രമങ്ങളും പൂർത്തിയാക്കിയാലെ യാത്രയ്ക്ക് വഴി തുറക്കൂ. ഇതിനെ കുറിച്ച് വിശദമായി പറയാം.
ആദ്യം വേണ്ടത് ഈ രണ്ട് രേഖകൾ
എൻട്രി പെർമിറ്റ്: ജനവാസമുള്ള 10 ദ്വീപുകളിലേക്കാണ് സർക്കാർ പ്രവേശനാനുമതി നൽകുന്നത്. ഓരോ ദ്വീപ് സന്ദർശിക്കുന്നതിനും പ്രത്യേകം അനുമതി എടുക്കേണ്ടതുണ്ട്. സാധാരണ യാത്രകൾക്ക് കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / കവരത്തിയിലെ അഡീഷനൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ആണ് എൻട്രി പെർമിറ്റ് അനുവദിക്കുക. 15 ദിവസത്തേക്കാണ് പെർമിറ്റ് അനുവദിക്കുക. ഈ കാലയളവിനുള്ളിൽ ദ്വീപ് സന്ദർശിച്ചു മടങ്ങണം.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി): അപേക്ഷകരുടെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എടുക്കണം. സ്വന്തം പേരിൽ കേസുകളൊന്നും നിലവിലില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണീ സാക്ഷ്യപത്രം. യാത്രയ്ക്ക് ഇതു നിർബന്ധമാണ്. പിസിസിക്ക് അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ കാർഡ്/ ആധാർ കോപ്പി, ഫോട്ടോ, വിലാസം എന്നിവയും സമർപ്പിക്കണം. ലക്ഷദ്വീപ് സന്ദർശനത്തിനുള്ളത് എന്ന് പ്രത്യേകം പരാമർശിക്കണം. ടൂറിസ്റ്റ് എന്നു പരാമർശിച്ചാൽ അപേക്ഷ നിരസിച്ചേക്കാം. യാത്രാ അനുമതി കിട്ടുമെന്ന് ഉറപ്പായാൽ ഉടൻ പിസിസി എടുക്കുക.
പ്രധാനമായും മൂന്ന് രീതികളിലാണ് ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനാവുക. പരിചയമുള്ള ദ്വീപ് നിവാസികൾ മുഖേന ലഭിക്കുന്ന ഡിക്ലറേഷൻ, സ്വകാര്യ ഏജൻസികളുടെ പാക്കേജ്, സർക്കാർ പാക്കേജ് എന്നിങ്ങനെ മൂന്ന് മാർഗങ്ങളാണുള്ളത്.
ദ്വീപ് നിവാസികൾ നൽകുന്ന ഡിക്ലറേഷൻ
വൻകരയിൽ നിന്നുള്ളവരെ ദ്വീപു നിവാസികൾക്ക് ദ്വീപ് സന്ദർശനത്തിന് ക്ഷണിക്കാം. ഇതു ലഭിച്ചാൽ പിസിസി കൂടി എടുത്ത് യാത്രയ്ക്ക് ഒരുങ്ങാവുന്നതാണ്. ‘ഇന്നയാളെ എന്റെ അതിഥിയായി ദ്വീപിലേക്ക് ക്ഷണിക്കുന്നു’ എന്ന് പ്രത്യേകം തയാറാക്കിയ ഫോമിൽ ദ്വീപ് നിവാസി നൽകുന്ന രേഖയാണ് ഡിക്ലറേഷൻ. വളരെ ചുരുങ്ങിയ ചെലവിൽ ദ്വീപി കഴിയുന്ന ഒരേയൊരു മാർഗമാണിത്. പോകാൻ ഉദ്ദേശിക്കുന്ന ദ്വീപിൽ നമുക്ക് പെർമിറ്റ് എടുത്തു തരാൻ അടുപ്പമുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ മറ്റു അടുപ്പക്കാരോ ഉണ്ടെങ്കിൽ അവർ മുഖേന യാത്രാ അനുമതി നേടാം. ഇവർ മുഖേനയാണെങ്കിൽ
പെർമിറ്റിനുള്ള ചാർജും കപ്പൽ യാത്രയ്ക്കും ദ്വീപിലെ താമസത്തിനും ഭക്ഷണത്തിനും മറ്റുമുള്ള പണവും കരുതിയാൽ മതി. ചുരുങ്ങിയ ചെലവിൽ ദ്വീപ് കാഴ്ചകളൊക്കെ കണ്ടു മടങ്ങാം.
ഡിക്ലെറേഷൻ ലഭിച്ചാൽ പെർമിറ്റിന് അപേക്ഷിക്കാം
യാത്രക്കാരുടെ പേരുകളും പൂർണ വിലാസവും സ്പോൺസർ ചെയ്യുന്ന ദ്വീപു നിവാസിക്കു നൽകിയാൽ ഈ വിശദാംശങ്ങൾ വച്ച് യാത്രക്കാരുടെ പേരിൽ ചലാൻ അടച്ച് ഡിക്ലറേഷൻ ഫോം അയച്ചു തരും. പോസ്റ്റ് മുഖേനയോ ദ്വീപിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ മുഖേനയോ ഇത് അയക്കാം. ഇതു ലഭിച്ചാൽ കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പോയി എൻട്രി പെർമിറ്റിനുള്ള അപേക്ഷ നൽകാം. പിസിസി, സ്പോൺസറുടെ അക്നോളജ്മെന്റ് പേപ്പർ, ഒറിജിനൽ ഐഡി കാർഡ്/ ആധാർ, മൂന്ന് ഫോട്ടോകൾ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പെർമിറ്റിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
ലക്ഷദ്വീപ് അഡ്മിസ്ട്രേഷൻ ഓഫീസിൽ നിന്ന് 250 രൂപയുടെ ഹെരിറ്റേജ് ഫീസ് ഫോം എടുക്കുക. ഇതോടൊപ്പം രണ്ട് ഫോട്ടോകളും തിരിച്ചറിൽ രേഖയുടെ പകർപ്പും വേണം. ഫോം പൂർണമായും പൂരിപ്പിച്ച് എല്ലാ വിവരങ്ങളും ചേർക്കുക. ശരിയായ മേൽവിലാസത്തിനു പുറമെ നമ്മുടെ രണ്ട് അയൽക്കാരുടെ പേരും വിലാസവും ഫോൺ നമ്പറും ഒപ്പും ചേർക്കണം. സ്പോൺസറുടെ വിവരങ്ങളും ചേർക്കണം. ഇതു സമർപ്പിച്ചു കഴിഞ്ഞാൽ തുടർ നടപടികൾ ആരംഭിക്കും. പിസിസി നമ്മുടെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് വെരിഫൈ ചെയ്യും. അപേക്ഷയിൽ പിഴവുകളോ മറ്റു തടസ്സങ്ങളോ ഒന്നുമില്ലെങ്കിൽ പെർമിറ്റ് ഒകെ ആകും. 15 ദിവസം മുതൽ ഒരു മാസം വരെയാണ് പെർമിറ്റ് കാലാവധി. അടുത്ത കടമ്പ പെർമിറ്റ് അപ്രൂവ് ആകലാണ്. ഇടയ്ക്കിടെ ഓഫീസിൽ അന്വേഷിച്ച് അപേക്ഷയുടെ സ്ഥിതി അന്വേഷിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ഒരു പക്ഷെ അപേക്ഷ പൊടിപിടിച്ച് കിടക്കും. പെർമിറ്റ് അപ്രൂവ് ആയാലും നാം ആവശ്യപ്പെട്ടാൽ മാത്രമെ പ്രിൻ്റ് ചെയ്ത് തരികയുള്ളൂ. അതായത് നാം പോകാനുദ്ദേശിക്കുന്ന തീയതിയിൽ പ്രിന്റ് ചെയ്തു കിട്ടും.
യാത്രയ്ക്ക് കപ്പൽ അല്ലെങ്കിൽ വിമാനം
എൻട്രി പെർമിറ്റ് ലഭിച്ചാൽ ഉടൻ കപ്പൽ അല്ലെങ്കിൽ ലഭ്യമായ വിമാനത്തിന്റെ യാത്രാ ഷെഡ്യൂൾ പരിശോധിച്ച് ടിക്കറ്റ് എടുക്കാം. പെർമിറ്റ് ലഭിച്ച ദ്വീപിലേക്കുള്ള കപ്പലിന്റെ ചാർട്ട് പരിശോധിക്കാം (ദ്വീപുകാർ ഇതിന് പ്രോഗ്രാം എന്നും പറയും). കൊച്ചി, ബേപ്പൂർ, മംഗലാപുരം പോർട്ടുകളിൽ നിന്നാണ് കപ്പൽ സർവീസുകൾ ഉള്ളത്. പ്രധാന പോർട്ടായ കൊച്ചിയിൽ നിന്നാണ് കൂടുതൽ സർവീസുള്ളത്. പരിമിത ദിവസങ്ങൾക്കെ പെർമിറ്റ് ലഭിക്കൂ എന്നതിനാൽ മൂന്ന് പോർട്ടുകളിൽ നിന്ന് ഏറ്റവും ആദ്യത്തെ കപ്പൽ നോക്കി ടിക്കറ്റിന് ശ്രമിക്കാം.
എംവി കവരത്തി, എംവി അറേബ്യൻ സീ, എംവി ലക്ഷദ്വീപ് സീ, എംവി ലഗൂൺ, എംവി കോറൽസ്, എംവി അമിൻഡിവി, എംവി മിനിക്കോയ് എന്നീ ഏഴ് യാത്രാ കപ്പലുകൾ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപിനെ ആശ്രയിച്ച് 14 മുതൽ 18 മണിക്കൂർ വരെ യാത്രാ ദൈർഘ്യമുണ്ടാകും. കപ്പലിൽ ഡോക്ടറുടെ സേവനമുണ്ട്. ഭക്ഷണവും ലഭിക്കും.
രണ്ട് ബെർത്ത് ക്യാബിനുകളുള്ള A/C ഫസ്റ്റ് ക്ലാസ്, നാല് ബെർത്ത് ക്യാബിനുകളുള്ള A/C സെക്കൻഡ് ക്ലാസ്, A/C ഇരിപ്പിടങ്ങളുള്ള പുഷ് ബാക്ക്/ബങ്ക് ക്ലാസ്. എന്നിങ്ങനെയാണ് ടിക്കറ്റുകൾ. ബങ്ക് ക്ലാസ് നമ്മുടെ കൂടെ സ്പോൺസർ ഉണ്ടെങ്കിൽ മാത്രമെ ലഭിക്കൂ. കപ്പലിൽ കയറാൻ ഒറിജിനൽ ഐഡന്റിറ്റി കാർഡ്/ അധാർ നിർബന്ധമാണ്. പെർമിറ്റിന്റെ ഒരു കോപ്പി കൂടി കൊടുക്കണം.
കടൽ കണ്ടു ആസ്വദിച്ചു യാത്ര ചെയ്യണമെങ്കിൽ എംവി കോറൽസ്, എംവി ലഗൂൺസ്, എംവി കവരത്തി എന്നിവയിൽ ഒരു കപ്പൽ തിരഞ്ഞെടുക്കാം. വിശാലവും നക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ അന്തരീക്ഷവും ഇവയിലുണ്ട്. എംവി അമിൻഡിവി, എംവി മിനിക്കോയ് എന്നിവയിലും രാത്രി യാത്രയ്ക്ക് അനുയോജ്യമായ എ/സി സീറ്റിംഗ് ഉണ്ട്. തിരക്കുള്ള സീസണിൽ ദ്വീപുകൾക്കിടയിൽ അതിവേഗ കപ്പലുകൾ പ്രവർത്തിക്കുന്നു.
കൊച്ചിയിൽ നിന്ന് വിമാന സർവീസ് ഉണ്ട്. ഒന്നര മണിക്കൂറാണ് യാത്രാ ദൈർഘ്യം. അഗത്തിയാണ് ലക്ഷദ്വീപിലെ ഏക എയർസ്ട്രിപ് ഉള്ളത്. ഇവിടെ ചെന്നിറങ്ങിയാലും ദ്വീപ് കാഴ്ചകൾ കാണാൻ ബോട്ടോ കപ്പലോ പിടിക്കേണ്ടി വരും.
സ്വകാര്യ ഏജൻസികളുടെ പാക്കേജ്
ലക്ഷദ്വീപിലെ പല ദ്വീപുകളിലേക്കും ഇന്ന് പ്രൈവറ്റ് ടൂർ ഏജൻസികൾ നടത്തുന്ന വൈവിധ്യമാർന്ന പാക്കേജുകൾ സുലഭമാണ്. ഓരോ ദ്വീപിലേക്കും വ്യത്യസ്ത നിരക്കുകളായിരിക്കും. ഒരു ദ്വീപ് മാത്രമാണെങ്കിൽ 8000 രൂപ മുതലാണ് പാക്കേജുകൾ. മൂന്ന് ദ്വീപുകൾ വരെയാണെങ്കിൽ 14000 രൂപയിൽ തുടങ്ങും. പിസിസി എടുത്ത് അവരെ ഏൽപ്പിച്ചാൽ എൻട്രി പെർമിറ്റ്, യാത്ര അടക്കം ബാക്കി എല്ലാ കാര്യങ്ങളെല്ലാം അവർ ചെയ്തു തരും. ഭക്ഷണം, താമസം, വാഹനം എല്ലാം പാക്കേജിൽ ഉൾപ്പെടും. തിരഞ്ഞെടുക്കുന്ന പാക്കേജുകൾക്കനുസരിച്ച് മാറ്റമുണ്ടാകാം. പണം അടച്ചാൽ പരമാവധി ഒരു മാസം വരെ കാത്തിരിക്കേണ്ടി വരും. പെർമിറ്റ് പ്രിന്റ് ചെയ്തു കിട്ടിയാൽ ഷെഡ്യൂൾ പ്രകാരം ഉടൻ അവർ യാത്ര ഒരുക്കും.
സർക്കാർ പാക്കേജ്
സർക്കാർ പാക്കേജ് മുഖേനയാണെങ്കിൽ രണ്ടോ മൂന്നോ മാസം മുമ്പ് മുൻകൂട്ടി പൈസ അടച്ച് ബുക്ക് ചെയ്ത് ലക്ഷദ്വീപ് സന്ദർശിക്കാം. ലക്ഷദ്വീപ് ടൂറിസം വകുപ്പായ Society For Promotion of Nature Tourism and Sports (SPORTS) ഒരുക്കിയ വിവിധ പാക്കേജുകളാണ് ഈ ഗണത്തിലുള്ളത്. 3000 രൂപ മുതൽ 25000 രൂപ വരെയുള്ള പാക്കേജുകളാണിവ.