BEYPORE WATER FEST ഡിസംബർ 26 മുതൽ; സാഹസിക ഉത്സവത്തിന് അരങ്ങൊരുങ്ങുന്നു

tripupdates.in

കോഴിക്കോട്. ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവത്തിന് (Beypore Water Fest) ബേപ്പൂർ മറീനയിൽ ഡിസംബർ 26ന് തുടക്കമാകും. ബേപ്പൂരിനു പുറമെ നല്ലൂരിലും കോഴിക്കോട് ബീച്ചിലുമായി വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഡിസംബർ 29 വരെ അരങ്ങേറുക. സാഹസിക ജലകായിക മത്സരങ്ങൾ, പ്രദർശന പ്രകടനങ്ങൾ, പ്രമുഖ ബാൻഡുകളുടെ സംഗീത പരിപാടികൾ, ഭക്ഷ്യ-വിപണന മേള തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ടൂറിസം കാർണിവൽ, വുഡ് ഫെസ്റ്റിവൽ, ഫൂഡ് ആന്റ് ഫ്ലീ മാർക്കറ്റ് എന്നിവ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ ഉണ്ടായിരിക്കും.

സൈക്ലിങ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്ലൈബോർഡ് ഡെമോ, റോവിങ് ഡെമോ, സർഫിങ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സർഫിംഗ് ഡെമോ എന്നിവ ഡിസംബർ 26ന് നടക്കും. സ്റ്റാൻഡ് അപ്പ്‌ പാഡിൽ റേസ്, സർഫ് സ്കി ഡെമോ, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ, ട്രഷറർ ഹണ്ട്, പാരാമോട്ടറിങ്, സർഫിംഗ് ഡെമോ എന്നിവ 27നും, ബാംബൂ റാഫ്റ്റിംഗ് റേസ്, സെയിലിംഗ് റഗാട്ട, കൺട്രി ബോട്ട് റേസ്, കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, ബോഡി ബോർഡ് ഡെമോ, പാരാ മോട്ടറിങ്, സർഫിങ് ഡെമോ, സീ കയാക്ക് റേസ് എന്നിവ 28നും, ഫൈബർ കാനോയ് റേസ്, സെയിലിംഗ് റഗാട്ട, ആംഗ്ലിംഗ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, സർഫിങ് ഡെമോ, വിംഗ് ഫോയിലിംഗ്, ചുരുളൻ വള്ളം റേസ്, കയാക്ക് സെയിൽ ഡെമോ എന്നിവ ഡിസംബർ 29നും അരങ്ങേറും.

വയലി ബാംബൂ മ്യൂസിക്, തേക്കിൻകാട് ബാന്റ്, അബ്രാ കഡബ്ര, ഹണി ഡ്രോപ്പ് എന്നീ ബാൻഡുകളുടെ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിലായി ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലായി അരങ്ങേറും.

Beypore International Water Fest ഉദ്ഘാടന ദിവസമായ 26ന് സംഗീതജ്ഞൻ ഹരിചരണിന്റെ സംഗീത പരിപാടിയും ഉണ്ടാകും. ചാലിയം ബീച്ചിൽ എ.ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും നയിക്കുന്ന സംഗീത നിശയുണ്ടാകും. മുള കൊണ്ട് നിർമിച്ച സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിക്കുന്ന വയലി ബാംബൂ മ്യൂസിക്കിന്റെ പരിപാടിയും അരങ്ങേറും.

ഡിസംബർ 27ന് ബേപ്പൂരിൽ യുവ ഗായകരായ സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ എന്നിവരുടേയും, ചാലിയത്ത് നിഷാദ്, മൃദുല വാരിയർ എന്നിവരുടേയും സംഗീത പരിപാടി ഉണ്ടാകും. ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും.

28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും. ചാലിയത്ത് അഫ്‌സൽ ഷോയും കോഴിക്കോട് ബീച്ചിൽ റാഫി-മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും.

ഡിസംബർ 29ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസിയുടെ സൂഫി സംഗീത സംഗീത വിരുന്നും അരങ്ങേറും.

Legal permission needed