മുംബൈ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 10 കോടി യാത്രക്കാരെ പറത്തിയ ആദ്യ ഇന്ത്യൻ വിമാന കമ്പനിയായി IndiGo. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനമാണ് വര്‍ധന. 2022ല്‍ 7.8 കോടി യാത്രക്കാരാണ് ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര ചെയ്തത്. 86 ഇന്ത്യന്‍ നഗരങ്ങളിലേക്കും 32 വിദേശ നഗരങ്ങളിലേക്കുമാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഒരു ദിവസം 2000ലേറെ വിമാന സര്‍വീസുകള്‍ കമ്പനി നടത്തി വരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ബജറ്റ് എയര്‍ലൈനായ (budget airlines in india) ഇന്‍ഡിഗോ. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആഭ്യന്തര വിപണിയില്‍ 61.8 ശതമാനമാണ് ഇന്‍ഡിഗോയുടെ വിഹിതം. രണ്ടാം സ്ഥാനത്തുള്ള ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയ്ക്ക് എല്ലാം കൂടി 26.5 ശതമാനം വിപണി വിഹിതമെ ഉള്ളൂ. ആഗോള വിപണി മൂല്യത്തില്‍ ഇന്‍ഡിഗോ ആറാം സ്ഥാനത്താണ്.
പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മധ്യേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക എന്നിവിടിങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് പുതുതായി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 3000 കോടി രൂപയാണ് ഇന്‍ഡിഗോയുടെ ലാഭം.
വിമാന നിര്‍മ്മാതാക്കളായ എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങളാണ് ഇന്‍ഡിഗോ പുതുതായി വാങ്ങാനിരിക്കുന്നത്. ഇതിനുള്ള കരാര്‍ ജൂണില്‍ ഒപ്പിട്ടിരുന്നു. ഒറ്റ ഇടപാടില്‍ ഇത്രയധികം വിമാനങ്ങള്‍ വില്ക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ ഇടപാടായിരുന്നു ഇത്.