✍🏻 നൗഷാദ് കുനിയില്‍
വാഹനങ്ങളുടെ ഹോണടി കേൾക്കാതെയും, അവയുടെ പുകക്കുഴലിലൂടെ പുറത്തേക്കുവരുന്ന പുക ശ്വസിക്കാതെയും സ്വസ്ഥമായി നടക്കാൻ പറ്റുന്നൊരിടം. സമ്മോഹനമായി സംവിധാനിക്കപ്പെട്ട തെരുവ്. എങ്ങോട്ട് തിരിഞ്ഞാലും കാണുന്ന കാഴ്ചകളിലെല്ലാം സൗന്ദര്യം പൂവിട്ടുനിൽക്കുന്ന ലോകം. വൃത്തി അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്നൊരു പ്രദേശം. കൂടുതലാളുകൾ കൂടുന്നിടത്ത് അഴുക്കും മാലിന്യങ്ങളും കൂടുമെന്ന മുൻധാരണയുടെ തലയിലൊരു കിഴി കിട്ടിയ സ്ഥലം. ലോകത്തെ രുചിഭേദങ്ങളെല്ലാം ഈ തെരുവിലെ ഓരോ ഭോജനശാലയിലും കയറിയിരിക്കുന്നതായി തോന്നും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെ പ്രശസ്തമായ നിസാമി സ്ട്രീറ്റാണിത്. തെരുവെന്നതിന്റെ ധാരണകളുടെ അതിരുകളും മുൻധാരണയുടെ പരിധികളും മറികടന്നൊരു സ്ഥലം!
നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്ന എന്തൊന്നും ഈ തെരുവിലെ ശതക്കണക്കിന് കടകളിലൊന്നിൽ നിന്നെങ്കിലും നിങ്ങൾക്ക് കിട്ടാതിരിക്കില്ല. ലോകോത്തര ബ്രാൻഡുകളുടെ വസ്ത്രങ്ങളോ, പാദരക്ഷകളോ ആവട്ടെ, സുവനീറുകളോ പ്രാദേശിക ഉൽപ്പന്നങ്ങളോ ആയിക്കൊള്ളട്ടെ, പലഹാരങ്ങളോ ഫലവർഗങ്ങളോ ആയിരുന്നോട്ടെ, ഇനി ഇവയൊന്നും അല്ലാതിരിക്കട്ടെ, ഈ തെരുവിലൂടെ തേടിനടന്നാൽ നിങ്ങൾ അത് കരസ്ഥമാക്കിയേ തിരിച്ചുവരൂ!
ഒരു ലക്ഷ്യവുമില്ലാതെ ആൾക്കൂട്ടത്തിൽ തനിയനായിങ്ങനെ നടന്നുനോക്കൂ. എന്തൊക്കെ കാഴ്ചകളാണ് ഒരുങ്ങിനിൽക്കുന്നത്! ജലധാരകൾ തണുത്ത വെള്ളത്തുള്ളികൾ തെറിപ്പിക്കുന്ന, ദേവദാരുക്കളും ഓക്ക് മരങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഉദ്യാനം നിസാമി സ്‌ട്രീറ്റിന്റെ പടിഞ്ഞാറെ മൂലയിലുണ്ട്. ഈ വൃന്ദാവനത്തോട് ചേർന്ന് മാർബിളുകൾ വിരിച്ച ഇരിപ്പിടങ്ങൾ. ആ ഇരിപ്പിടത്തിനപ്പുറം ഇരുമ്പു ബെഞ്ചുകൾ. മരങ്ങൾക്കു മുകളിൽ പറവകളുണ്ടെങ്കിലും ആ മരങ്ങളോട് ചാരെയാണ് ഇരിപ്പിടങ്ങളുള്ളതെങ്കിലും, ഒരിടത്തുപോലും, മരുന്നിനുപോലും പക്ഷി കാഷ്ഠങ്ങൾ കണ്ടതേയില്ല. അവിടുത്തെ മനുഷ്യരെപ്പോലെ ആ പക്ഷികളും വൃത്തിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നാലോചിച്ച് നമ്മളാശ്ചര്യപ്പെടും.
സായം സന്ധ്യക്ക് തെരുവ് സജീവമാകും. ഒരു നഗരം ഒരു തെരുവിലേക്ക് ചുരുങ്ങിപ്പോയോ എന്ന് നമ്മൾ സംശയിച്ചുപോകും. ആ സംശയവും പേറിയിങ്ങനെ നടക്കും നേരം അപ്പുറത്തുനിന്നും കേൾക്കാനിമ്പമുള്ള പാട്ടുകേൾക്കാം. ഗിറ്റാറും മറ്റു വാദ്യോപകരണങ്ങളുമായി ഒരാൾ പാടുകയാണ്. ആ പാട്ടുകേൾക്കാൻ ഒരു പുരുഷാരം അയാൾക്ക് ചുറ്റും കൂടിനിൽക്കുകയാണ്. ചിലർ അവർക്കിഷ്ടമുള്ള പാട്ടുകൾ പാടാൻ ആ ഗായകനോട് അഭ്യർത്ഥിക്കുന്നുണ്ട്. ശ്രുതിസുന്ദരമായി അയാൾ അത് പാടുന്നു. ആളുകൾ ആടിയും പാടിയും അയാളെ പ്രോത്സാഹിപ്പിക്കുന്നു. ചിലർ, മുന്നിൽ തുറന്നുവച്ച , ഗിറ്റാറിന്റെ ബാഗിലേക്ക് പണമിടുന്നുണ്ട്.
Also Read ബാലക്സാനി, വശ്യ സുന്ദരിയായ ഗ്രാമം
കുറച്ചുനേരം പാട്ടുകേട്ട് കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു കാഴ്ചകണ്ടു. കാഴ്ചാപരിമിതിയുള്ളൊരാൾ വർണ്ണനൂൽ കൊണ്ട് ഒരു അലങ്കാര തുണിസഞ്ചി തുന്നിയുണ്ടാക്കുന്നു. അകക്കാഴ്ചയുടെ പിൻബലത്തിൽ തന്റെ സ്വപ്‌നങ്ങൾ നെയ്‌തെടുക്കുന്ന അയാളെ കുറച്ചുനേരം നോക്കിനിന്നു. ആരെങ്കിലും അയാളിൽ നിന്ന് ഓരു ബാഗെങ്കിലും വാങ്ങുന്നത് കാണണമെന്ന് മോഹിച്ചു. ചില മോഹങ്ങളൊക്കെ അതിമോഹമായിത്തീരുമല്ലോ! ആവശ്യമില്ലാതിരുന്നിട്ടും 10 മനാത്തിന് പിങ്ക് നിറമാർന്നൊരു കൊച്ചു നൂൽസഞ്ചി വാങ്ങി. അയാൾ സന്തോഷിച്ചുകാണും, എനിക്ക് ആശ്വാസമായി.
ഏതൊക്കെയോ ദിക്കുകളിലേക്ക് ആളുകളൊഴുകുന്നുണ്ട്. ഒരപശബ്ദമോ അവതാളമോ അവിടെ സംഭവിക്കുന്നില്ല. അനിർവ്വചനീയമായൊരു താളം അവിടെ ഉരുവപ്പെടുന്നതായി തോന്നി. വ്യത്യസ്തമാർന്ന രൂപത്തിലുള്ള വളർത്തു നായകളെയും പിടിച്ചാണ് പലരും നടക്കുന്നത്. ചിലർ അവയെ കൈയിലെടുത്ത് ഉമ്മവയ്ക്കുന്നതും കണ്ടു.
ആ തെരുവിലൂടെ തെക്കോട്ട് നടന്നാൽ പഴയ നഗരത്തിലേക്കെത്താം. ആ വഴികളും സുന്ദരമാണ്, വൃത്തിബദ്ധമാണ്. നടന്നു നടന്ന് പ്രശസ്തമായ മൈഡെൻ ഗോപുരനടയിലെത്തി. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരപൂർവ നിർമിതി. അവിടെനിന്നും നോക്കിയാൽ കാസ്പിയൻ കടലുകാണാം. കടലിൽ നിന്നും കാറ്റുവീശുന്നുണ്ട്. ബാക്കുവിന് ‘കാറ്റിന്റെ നഗരം’ എന്നൊരു വിളിപ്പേരുണ്ട്. കാസ്പിയൻ കടലിൽ നിന്നും സദാനേരവും അടിക്കുന്ന കാറ്റുകൊണ്ടുണ്ടായ പേരാണിത്. നഗരത്തിലെ അപൂർവ്വസുന്ദരമായ വൃത്തിക്കു പിറകിൽ ഒരുപക്ഷേ, ഈ കാറ്റിന്റെ സാന്നിധ്യവും സ്വാധീനവും ഉണ്ടാകുമായിരിക്കുമെന്ന് ഞാനൂഹിച്ചു. ഓരോ കാറ്റിന്റെ ഓളവും അവിടുത്തെ ചപ്പുചവറുകൾ എങ്ങോട്ടോ നീക്കിക്കൊണ്ടുപോകുന്നുണ്ടാവാം. ഇതിലൂടെ നൈസർഗികമായ ആകൃതിപ്പെട്ട ശുചിത്വബോധമായിരിക്കാം അസരികളുടേത്!
തിരിച്ച് വീണ്ടും നിസാമി സ്ട്രീറ്റിലേക്ക്. തെരുവീഥികൾ നിറഞ്ഞുകൊണ്ടിരിക്കുന്നു. റെസ്റ്റോറന്റുകൾ ശ്വാസം മുട്ടുന്നു. വർണ്ണപ്രകാശം കാഴ്ചവിസ്മയങ്ങൾ തീർക്കുന്നു. അപ്പോഴാണ് രസകരമായൊരു കാഴ്ചകണ്ടത്. ഒരാൾ ഒരു കുരങ്ങിൻ കുഞ്ഞിനെ ചുമലിലേറ്റി നിൽപ്പുണ്ട്. വിദേശികളെന്ന് തോന്നുന്ന കുറച്ചു യുവാക്കൾ അയാൾക്കരികിലുണ്ട്. അവരിലൊരാൾ തന്റെ കൈയിലുള്ള മദ്യക്കുപ്പി കുരങ്ങന് കൊടുക്കുന്നു. കുരങ്ങൻ വളരെ ആവേശത്തോടെ അത് കുടിക്കുന്നു. വിദേശികൾ ആ കാഴ്ച ചിരിച്ചുകൊണ്ട് കാമറയിൽ പകർത്തി. ഞാനും പകർത്തി. അപ്പോൾ രണ്ട് പോലീസുകാർ അവിടെ വന്നു. കുരങ്ങുകാരനെ ശക്തമായ സ്വരത്തിൽ ശാസിച്ചു. കാമറയിൽ പകർത്തിയവരുടെ ഫോണിൽ നിന്നും അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ പെട്ടെന്ന് അവിടെനിന്നും സ്ഥലം കാലിയാക്കി. എന്തൊക്കെയെല്ലാം കാഴ്ചകളാണ് തെരുവ് ഒരുക്കിവച്ചിട്ടുള്ളത്.
അപൂർവമായി മാത്രമേ ബാക്കുവിലെ തെരുവുകളിൽ വയോധികരെ കണ്ടുള്ളൂ! അതെന്തുകൊണ്ടാണെന്ന് മനസിലായിട്ടില്ല. കണ്ടവരിൽ ഒരാൾ ഷൂ പോളീഷ് ചെയ്യുന്ന ആളായിരുന്നു. ഞാൻ കാണും നേരം അയാൾ താഴോട്ടു നോക്കി മുഖംപൊത്തി ഇരിപ്പായിരുന്നു. വേറെ മൂന്നാലുപേർ നിസാമി സ്ട്രീറ്റിന്റെ പടിഞ്ഞാറു ഭാഗത്ത് കസേരകളിൽ ഇരുന്ന് ഗൗരവ സ്വഭാവം തോന്നിക്കുന്ന രൂപത്തിലുള്ള സംസാരത്തിലായിരുന്നു. റഷ്യൻ കഥകളോടൊപ്പം കാണാറുള്ള ചിത്രത്തിൽ കാണാറുള്ള ആളുകളെപ്പോലെ അവർ തൊപ്പി ധരിച്ചിരുന്നു. രണ്ടു കലാകരന്മാര്‍ തങ്ങളുടെ മൊബെെല്‍ ഫോണിലുള്ള ആരുടെയോ ഫോട്ടോ കാന്‍വാസിലേക്ക് പകര്‍ത്തുന്നത് കണ്ടു. കുറച്ചുനേരം അതുകണ്ടു നിന്നു.
പേർഷ്യൻ കവിയായ നിസാമി ഗഞ്ചാവിയുടെ പേരിൽ നിന്നാണ് നിസാമി സ്ട്രീറ്റ് എന്ന നാമകരണം വരുന്നത്. കറുപ്പും വെളുപ്പും കലർന്ന കല്ലുകൾ പതിച്ച ഈ തെരുവിലെ കെട്ടിടങ്ങൾ ഹൃദ്യമായ കാഴ്ചയൊരുക്കിയും ഒരുങ്ങിയുമാണ് നിൽക്കുന്നത്. എവിടേക്കു നോക്കിയാലും പോസിറ്റിവ് എനർജി മാത്രം നൽകുന്നൊരു തെരുവ് സംവിധാനം. ആ സംവിധാനത്തിന്റെ മനോഹാരിതയോർത്തങ്ങനെ നടക്കുമ്പോൾ തൃശൂർ ശൈലിയിലുള്ള മലയാള സംസാരം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ മലയാളി ദമ്പതികൾ. മാള സ്വദേശി രത്‌നാകരനും ഭാര്യയും. ഞാനവരെ പരിചയപ്പെട്ടു. വ്യാപാരിയായ രത്‌നാകരേട്ടനും ഭാര്യയും വേറെ കുറച്ചാളുകളും നാട്ടിൽ നിന്നും അസർബൈജാൻ കാണാൻ വന്നതാണ്. അന്വേഷിച്ചപ്പോൾ എഴുത്തുകാരി കെ.പി. സുധീരയുടെ മകൻ അമിതിന്റെ ബാക്കുവിലുള്ള ടൂറിസം സ്ഥാപനം വഴിയാണ് അസർബൈജാൻ കാഴ്ചകൾ കാണാൻ പോകുന്നതെന്ന് പറഞ്ഞു. അമിതിന്റെ ഭാര്യ അസര്‍ബെെജാന്‍കാരിയാണത്രെ! രണ്ടു മക്കളുണ്ട്. ഭാര്യ നമ്മെ അത്ഭുതപ്പെടുത്തുമാറ് മലയാളം പറയുന്നുവെന്ന് രത്‌നാകരേട്ടനും ഭാര്യയും അതിശയത്തോടെ പറഞ്ഞപ്പോൾ ഞാനതിശയിച്ചത്, ഈ തിരക്കേറിയ തെരുവിലും ഒരു മലയാളിയെ കാണാൻ പറ്റിയല്ലോ എന്നായിരുന്നു!