വയനാട്ടിൽ കാണാനുള്ളതെല്ലാം ഈ പട്ടികയിലുണ്ട്

wayanad tourist destinations tripupdates

വനം, മലകൾ, കുന്നുകൾ, വന്യമായ പച്ചപ്പ്, ശിലായുഗത്തോളം ചെന്നെത്തുന്ന മനുഷ്യ ചരിത്രം, ഗ്രാമീണത മുറ്റി നിൽക്കുന്ന പ്രകൃതി ദൃശ്യങ്ങൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, പ്രകൃതി തന്നെ അണിയിച്ചൊരുക്കിയ മനോഹര വിനോദ കേന്ദ്രങ്ങൾ തുടങ്ങി വിനോദ സഞ്ചാരികൾക്കും യാത്രാ കുതുകികൾക്കുമുള്ള ഒട്ടേറെ വിഭവങ്ങൾ വയനാട്ടിലുണ്ട്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വനമേഖലയുടെ ഭാഗമാണ് വയനാട്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ അടുത്തറിയാം.

എൻ ഊര് – ഗോത്ര പൈതൃക ഗ്രാമം

കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വേറിട്ട സംരഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഇവിടെ ഒരുകുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. ഊര് ഗോത്ര പൈതൃക ഗ്രാമം ഇന്ന് വിനോദ സഞ്ചാരികളുടെ തിരക്കേറിയ ഒരു സന്ദർശന കേന്ദ്രമായി മാറിയിരിക്കുന്നു. താമരശ്ശേരി ചുരം കയറി നാല് കിലോമീറ്റർ സഞ്ചരിച്ചാൽ എൻ ഊരിലെത്താം, കോഴിക്കോട് നിന്നും 62 കിലോമീറ്റർ ദൂരമുണ്ട്.
വയനാട്ടിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ ലക്കിടിയിൽ പൂക്കോട്‌ വെറ്ററിനറി സർവകലാശാല‌ക്കടുത്തുള്ള 25 ഏക്കറിലാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. എപ്പോഴും നല്ല കാലാവസ്ഥയുള്ള കുന്നിൻ പ്രദേശമാണ്. കോടമഞ്ഞും ശീതക്കാറ്റും തണുപ്പുമുള്ളയിടം.

ടിക്കറ്റ് നിരക്ക്: 50+20 രൂപ. www.enooru.co.in എന്ന വെബ്സൈറ്റിലൂടെയോ, 9778783522 നമ്പറിൽ വിളിച്ചോ പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാം. 1500 ടിക്കറ്റുകളാണ് പ്രതിദിനം ഓൺലൈൻ വഴി നൽകുക.

en ooru wayanad tripupdates

പൂക്കോട് തടാകം

വ‌യനാട് ജില്ലയിലെ സുന്ദരമായ ഒരു ശു‌ദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം. 13 ഏക്കറിൽ വിശാലമായി പരന്ന് കിടക്കുന്ന ഈ തടാകത്തിനു ചുറ്റും ഇടതൂർന്ന വനവും കുന്നുകളുമാണ്. 40 മീറ്ററാണ് ആഴം. തടാകത്തിനു ചുറ്റും നടക്കാൻ നടപ്പാതയുമുണ്ട്. നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഈ തടാകത്തിന് ചുറ്റുമുള്ള ഭൂ‌പ്രകൃതിയും സഞ്ചാരികളെ ആഹ്ലാദിപ്പിക്കും. ‌താടകത്തിന്റെ ‌സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഇവിടെ ബോ‌ട്ടിങിനുള്ള സൗകര്യവുമുണ്ട്. കയാക്കിങുമുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശകർക്ക് പ്രവേശനം. ചിൽഡ്രൻസ് പാർക്ക്, അക്വേറിയം, കരകൌശല വസ്തുക്കളുടെ വിപണ കേന്ദ്രം എന്നിവയും ഇവിടെയുണ്ട്.

കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞാൽ ആദ്യമെത്തുന്ന ലക്കിടിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കൽപ്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. ചുരം കയറിയാലുള്ള ആദ്യ പ്രധാന ടൌണായ വൈത്തിരി എത്തുന്നതിനു മുൻപാണിത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്ററാണ് പൂക്കോട് തടാകത്തിലേക്കുള്ള ദൂരം. വൈത്തിരി പാർക്: പൂക്കോട് തടാകത്തിനടുത്താണ് വൈത്തിരി പാർക്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുറേയധികം ഗെയിമുകൾ ഇവിടെയുണ്ട്.

ചെമ്പ്ര പീക്ക്

തെക്കന്‍ വയനാട്ടില്‍ മേപ്പാടിക്കടുത്താണ് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്ര പീക്ക് (ചെമ്പ്രമുടി). ട്രെക്കിങ് ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള പീക്കുകളിൽ ഒന്നായ ചെമ്പ്ര മല കയറി ഇറങ്ങാൻ ഒരു ദിവസം മാറ്റിവെക്കേണ്ടി വരും. കയറുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ കാഴ്ചകളും അതിമനോഹര പ്രകൃതി ദൃശ്യങ്ങളാണ്. കല്‍പ്പറ്റയിലെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC) ഇവിടെ ക്യാമ്പിംഗിന് ഉള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു.

മേപ്പാടിയിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയാൽ ചെമ്പ്ര ട്രെക്കിങ് ഓഫീസിനടുത്തെത്താം. ചെമ്പ്ര പീക്ക് ട്രക്കിങ് എന്ന് ഗൂഗ്ൾ മാപ്പിൽ ലൊക്കേഷൻ നോക്കി വന്നാൽ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ സെർച്ച് ചെയ്താൽ 900 കണ്ടിയിലാണ് എത്തുക. കൃത്യമായി ഇവിടെ എത്തിച്ചേരണമെങ്കിൽ ചെമ്പ്ര പീക്ക് ടിക്കറ്റ് കൌണ്ടർ എന്ന് സെർച് ചെയ്താൽ മതി.

വനം വകുപ്പിന്റെ കീഴിലാണ് നിലവിൽ ചെമ്പ്ര മലയിലേക്കുള്ള ട്രെക്കിങ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയാണ് ട്രെക്കിങ് അനുവദിക്കുന്നത്. 5 പേരടങ്ങുന്ന സംഘത്തിന് ടാക്സ് അടക്കം 1770 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ക്യാമറ, വാട്ടർ ബോട്ടിൽ എന്നിവക്ക് പ്രത്യേകം പണമടക്കണം. വെള്ളക്കുപ്പി ട്രക്കിങ്ങിനു ശേഷം തിരിച്ചേൽപ്പിച്ചാൽ ആ പണം തിരിച്ചു നൽകും (മല മുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കാനുള്ള വനം വകുപ്പിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്ന്). 5 പേരിൽ കുറവാണെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. തനിച്ചു വരുന്നവരും രണ്ടോ മൂന്നോ ആളുകളായി വരുന്നവരും നേരത്തെ കൗണ്ടറിൽ എത്തി ഒരു ടീമിനെ സെറ്റ് ആക്കി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ ടിക്കറ്റ് കാശ് കുറയ്ക്കാം.

ആറായിരം അടിയിലേറെ ഉയരത്തിലുള്ള മല ആയതിനാൽ അതിമനോഹരമായ വിദൂര ദൃശ്യങ്ങൾ മല മുകളിൽ നിന്ന് കാണാൻ സാധിക്കും. ചെമ്പ്ര മലയുടെ ഏറ്റവും മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൃദയ താടാകവും മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. തെരുവപുല്ലുകൾ നിറഞ്ഞ മലമേടുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരേ സമയം കൗതുകവും സാഹസികതയും നിറഞ്ഞതാണ്. ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതാണ് ചെമ്പ്ര മല ട്രെക്കിങ്.

ചൂരൽമല

മേപ്പാടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചൂരൽമല എന്ന ഗ്രാമീണത മുറ്റി നിൽക്കുന്ന കുന്നിൽ പ്രദേശത്തെത്താം. വഴി വളഞ്ഞു പുളഞ്ഞതാണെങ്കിലും മനോഹരമാണ് പ്രകൃതി ദൃശ്യങ്ങൾ. ഇവിടെ ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണ കേന്ദ്രം. എന്നാൽ അധികമൊന്നും വിനോദ സഞ്ചാരികളെത്താത്ത വെല്ലരിലപ്പാറ, സീത തടാകം, വട്ടപ്പാറ, ഹോളിവുഡ് വാലി, അപ്സര വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ആറ് കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ മുണ്ടേരിയിൽ നിന്ന് ചൂരൽമലയിലേക്ക് വെറും എഴ് കിലോമീറ്റർ ദൂരമെയുള്ളൂ.

അരണമല

മേപ്പടിയിൽ നിന്നും 12 കി.മി അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് അരണമല. ഉയർന്നു നിൽക്കുന്ന കുന്നുകളും, ഇടതൂർന്ന കാടുകളും പച്ച പുൽമേടുകളും, അതിനിടയിൽ തെളിഞ്ഞ ശുദ്ധജലമൊഴുകുന്ന ചെറിയ അരുവികളും, തണുത്ത കാറ്റും, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മൂടൽമഞ്ഞുമെല്ലാം അരണമലയെ മാന്ത്രിക കാഴ്ചകളുടെ ഇടമാക്കി മാറ്റുന്നു. അരണമലയിലേക്കുള്ള യാത്ര മനോഹരവും സാഹസികത നിറഞ്ഞതുമാണ്. പച്ചപ്പ് നിറഞ്ഞ കുന്നുകളും, അതിനപ്പുറം മൂടൽമഞ്ഞ് പുതച്ച താഴ്‌വരകളും മനംമയക്കുന്ന കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ഏലത്തോട്ടങ്ങളിലൂടെയും വനങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. വയനാട്ടിലെ മികച്ച ഏലത്തോട്ടങ്ങളിൽ ചിലത് അരണമലയിലാണ്. ഏലക്കായുടെ സുഗന്ധവും ട്രെക്കിങിൽ ചിലയിടങ്ങളിൽ ലഭിക്കും. കുത്തനെ ഉയർന്നു നിൽക്കുന്ന കുന്നുകളെ, മരതക പരവതാനി പോലെ പുൽമേടുകൾ പൊതിഞ്ഞു നിൽക്കുന്നു. ഇടയിൽ ഇരുണ്ട പാടുകൾ പോലെ ചെറിയ പാറകൾ. വന്യമൃഗങ്ങളെ ഭയന്ന് പ്രദേശം വൈദ്യുത വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുകയാണ്. യാത്രയ്ക്കിടയിൽ നിങ്ങൾക്ക് ആനകളെയും മറ്റു മൃഗങ്ങളെയും കാണാൻ സാധിക്കും. കുന്നിലൂടെ ഒഴുകുന്ന വെള്ളം താഴെയുള്ള വീടുകളിലേക്ക് സ്ഥിരമായി ഉപയോഗിക്കുന്നതിന് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. അരുവിയിൽ നിന്നുള്ള വെള്ളം ശുദ്ധവും തണുത്തതുമാണ്.

900 കണ്ടി

മേപ്പാടിയിൽ നിന്ന് 15 കി.മി ആണ് 900 കണ്ടിയിലേക്കുള്ള ദൂരം. വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്. ഫോർവീൽ ഡ്രൈവുള്ള വാഹനങ്ങൾക്കും ബൈക്കുകൾക്കും മാത്രമെ കടന്നു പോകാൻ കഴിയൂ. കൊടുംവനത്തിലൂടെയാണ് യാത്ര. അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും. ഇത്തിരി മഴയുള്ള സമയത്ത് പോയാൽ മാത്രമേ ആസ്വദിക്കാനാകൂ. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു
അര്‍ത്ഥം. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്. ഇവിടെ മാനോഹരമായ ഗ്ലാസ് ബ്രിഡ്ജ് ഉണ്ട്. ഏതാനും റിസോർട്ടുകളുമുണ്ട്.

സൂചിപ്പാറ വെള്ളച്ചാട്ടം

മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. സന്ദർശന സമയം രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ.

മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്. കൽ‌പറ്റയിൽ നിന്ന് 22 കിലോമീറ്റർ തെക്കാണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്.

സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

മേപ്പാടിയിൽ നിന്ന് 15 കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്ററും സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് ആറ് കിലോമീറ്ററുമാണ് സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്. ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. സീതാദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.

കാന്തൻ പാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നാണ്. കൽപ്പറ്റയിൽ നിന്നും ഏകദേശം 22 കിലോമീറ്റർ മാറി നിബിഢവനമേഖലയിലാണ് സ്ഥിതി ചെയുന്നത്. ഏകദേശം 100 മീറ്റർ ഉയരത്തിൽ നിന്നും വെള്ളം പാറക്കെട്ടുകളിലൂടെ ആർത്തലച്ചിറങ്ങുന്ന ദൃശ്യം അതിന്റെ മാറ്റു കൂട്ടുന്നു. റൂട്ട്: കൽപറ്റയിൽ നിന്ന് മേപ്പാടി വഴി വടുവൻചാൽ റൂട്ടിൽ 19 കി.മീ സഞ്ചരിക്കണം. മെയിൻ റോഡിൽ നിന്ന് മൂന്ന് കി.മീ അകത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്.

നീലിമല വ്യൂ പോയിന്റ്

കൽപ്പറ്റയിൽ നിന്ന് 26 കിലോമീറ്ററും മേപ്പാടിയിൽ നിന്ന് 16 കിലോമീറ്ററുമാണ് നീലിമല വ്യൂ പോയിന്റിലേക്കുള്ള ദൂരം. കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ഇവിടെ എത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡാണ്. മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട്. മുകളിലേക്ക് 4×4 വാഹനങ്ങൾ മാത്രമേ പോകൂ. ഇവിടെ ട്രെക്കിങുമുണ്ട്. ഒരു ജീപ്പിൽ 500 രൂപക്ക് ഏഴ് പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ ഏഴു പേർക്ക് 200 രൂപയാണ് നിരക്ക്.

ബാണാസുര സാഗർ അണക്കെട്ട്

കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറയിലാണ് മനോഹരമായ ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്. മണ്ണ് കൊണ്ട് നിർമിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്. കക്കയം ജലവൈദ്യുത പദ്ധതിയുടെ സഹായവും വേനൽക്കാലത്ത് ജനങ്ങളുടെ ജലസേചന, കുടിവെള്ള ആവശ്യങ്ങളും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ട് നിർമ്മിച്ചത്. വയനാട്ടിലെ മികച്ച പിക്നിക് സ്ഥലങ്ങളിൽ ഒന്നാണിത്. ഡാമിൽ ബോട്ടിങും ഉണ്ട്. ചിൽഡ്രൻസ് പാർക്കും ഫോട്ടോ എടുക്കാൻ ഏറ്റവും മികച്ച ഒട്ടേറെ ഇടങ്ങളും ഇവിടെയുണ്ട്. പ്രവേശനം രാവിലെ ഒമ്പത് മണി മുതൽ. മുതിർന്നവർക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. മീൻമുട്ടി വെള്ളച്ചാട്ടം, കർലാട് തടാകം എന്നിവയാണ് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

മീൻ മുട്ടി വെള്ളച്ചാട്ടം

ബാണാസുര സാഗർ ഡാമിനടുത്ത് നിന്നും ഏകദേശം 2.5 കിലോ മീറ്റർ സഞ്ചരിച്ചാൽ മീൻമുട്ടി വെള്ളച്ചാട്ടം കാണാം. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നയന മനോഹരമായ വെള്ളച്ചാട്ടവും ആസ്വദിക്കാം. മികച്ചൊരു ട്രെക്കിങ് സ്ഥലം കൂടിയാണ്. കയറിൽ തൂങ്ങി പാറക്കെട്ടുകളിൽ കൂടിയുള്ള യാത്ര സാഹസിക പ്രേമികൾക്ക് മികച്ച അനുഭവമാകും. കാടിനുള്ളിലൂടെ തണുത്ത കാറ്റേറ്റ് ശുദ്ധവായു ശ്വസിച്ച് ആനന്ദകരമായ യാത്ര ഇഷ്ടപ്പെടുന്നവർ നിർബന്ധമായും ഇവിടം കണ്ടിരിക്കണം. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും വരാൻ പറ്റിയ മനോഹരമായ സ്ഥലം കൂടിയാണ് മീൻമുട്ടി വെള്ളച്ചാട്ടം. (ചെറിയ കുട്ടികളുമായി സീസൺ സമയങ്ങളിൽ മാത്രം വരിക.) ഫോറസ്റ്റ് ഗാർഡിന്റെ മികച്ച സുരക്ഷാ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവേശന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.

കർലാട് തടാകം

വയനാട്ടിലെ അധികമാരും അറിയാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കർലാട് തടാകം. ബാണാസുര സാഗറിൽ നിന്ന് നാല് കിലോ മീറ്ററാണ് ഇങ്ങോട്ടേക്കുള്ള ദൂരം. വൈത്തിരി – പടിഞ്ഞാറെത്തറ റൂട്ടിൽ നിന്നും തിരിഞ്ഞ് പോയാൽ കർലാട് എത്തിച്ചേരാം. തരിയോട് പഞ്ചായത്തിലാണ് ഈ കൊച്ചു വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വയനാട് അഡ്വഞ്ചർ ക്യാമ്പിന്റെ കീഴിലുള്ള ഒരു പ്രധാന സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണിത്. ഇവിടെത്തെ പ്രധാന വിനോദം തടാകത്തിലൂടെയുള്ള ബോട്ടു യാത്രയാണ്. ഉദ്യാനവും കുട്ടികളുടെ പാർക്കും ഇവിടെയുണ്ട്. രാത്രി എത്തിച്ചേരുന്ന സഞ്ചാരികൾക്ക് തങ്ങാൻ കോട്ടേജുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടത്തെ കയാക്കിംഗും ബോട്ടിങ്ങും അടിപൊളിയാണ്.

വയനാട് ഹെറിറ്റേജ് മ്യൂസിയം

നീലിമലയിൽ നിന്ന് 11 കിലോമീറ്ററും കാരാപ്പുഴ ഡാമിൽ നിന്ന് അഞ്ച് കിലോമീറ്ററും ദൂരമുണ്ട് വയനാട് ഹെറിറ്റേജ് മ്യൂസിയത്തിലേക്ക്. അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും അറിയപ്പെടുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്. നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി ഒട്ടേരെ പുരാവസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വീരസ്മൃതി, ദേവ സ്മൃതി, ജീവനസ്മൃതി, ഗോത്ര സ്മൃതി എന്നീ നാലു വിഭാഗങ്ങളായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. സന്ദർശന സമയം രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ.

കാരാപ്പുഴ ഡാം

വയനാട്ടിൽ കുടുംബസമേതം ചെറിയൊരു സന്ദർശനം നടത്താൻ പറ്റിയ ഒരു സ്ഥലമാണ് കാരാപ്പുഴ ഡാം. ബാണാസുര സാഗർ ഡാം പോലെ വാഹനം നിർത്തി ഒരുപാട് ഉയരത്തിലേക്ക് നടക്കാനില്ല. ഡാമിന്റെ കവാടം വരെ വാഹനമെത്തും. പ്രവേശിച്ചാലുടനെ ഒരു നടപ്പാതയാണ്. ഇരുവശവും മനോഹരമായ ചെടികളും പൂക്കളും. കുട്ടികൾക്കുള്ള ചെറിയൊരു പാർക്കുണ്ട്. മുതിർന്നവർക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങളുണ്ടവിടെ. പലയിടത്തായി ബേഡ്സ് ചെറി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നല്ല മധുരമുള്ള പഴങ്ങൾ. പ്രത്യേകം പണം കൊടുത്ത് ഉപയോഗിക്കാവുന്ന സിപ് ലൈൻ, ട്രമ്പോളിൻ പാർക്ക്, Human Gyro, Bungee തുടങ്ങിയ ചില ആക്റ്റിവിറ്റികൾ കൂടിയുണ്ട്.
അണക്കെട്ടിനു മുകളിലൂടെ കല്ലു വിരിച്ച നടപ്പാതയുണ്ട്. അവിടെ ഇരിക്കാനുള്ള നിരവധി ബെഞ്ചുകളും. അണക്കെട്ടിനു മുകളിൽ നിന്ന് വെള്ളത്തിലേക്കുള്ള കാഴ്ച അതിമനോഹരമാണ്. ഏതു സമയത്തും സുഖകരമായ കാറ്റ്. കുടിവെള്ള സൗകര്യം, നല്ല വൃത്തിയുള്ള ടോയ്‌ലെറ്റുകൾ.
വൈകിട്ട് 4 മണിക്ക് എത്തുന്നതാണ് ഉചിതം.

ആറാട്ടുപാറ

കാരാപ്പുഴ ഡാമിൽ നിന്ന് 8 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അധികം അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .

ഫാന്റം റോക്ക്

തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട്. ആറാട്ടുപാറയിൽ നിന്ന് ഒരു കിലോ മീറ്ററാണ് ഫാന്റം റോക്കിലേക്കുള്ള ദൂരം. അമ്പലവയലിൽ നിന്ന് 2.7 കിലോമീറ്ററും. ചരിത്ര പ്രധാനമായ എടക്കല്‍ ഗുഹയിലേക്ക് ഇവിടെ നിന്ന് 6 കിലോമീറ്ററാണ് ദൂരം.

എടക്കൽ ഗുഹ

ചരിത്ര പ്രേമികൾ സന്ദർശിച്ചിരിക്കേണ്ട വയനാട്ടിലെ ഏറ്റവും പ്രധാന സ്ഥലമാണ് എടക്കൽ ഗുഹ. സുൽത്താൻ ബത്തേരി നിന്നും 12 കിലോമീറ്റർ അകലെയായി നേന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലെ അമ്പുകുത്തി മലയിലാണ് ഈ പുരാതന ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രാചീന ശിലായുഗത്തിലെ ലിപികൾ ഗുഹയ്ക്കുള്ളിലെ പാറയിൽ കൊത്തിവെച്ചത് കാണാം. ശിലായുഗ കാലഘട്ടത്തിലെ പൂർവികർ ഉപയോഗിച്ചിരുന്ന ലിഖിത ഭാഷയാണിതെന്ന് കരുതപ്പെടുന്നു.
ചരിത്ര വിദ്യാർഥികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ് എടക്കൽ ഗുഹ. ശിലായുഗത്തിലെ സംസ്കാരത്തെ പറ്റിയും, ചരിത്രപരമായ വസ്തുതകളെ പറ്റിയും പഠിക്കാൻ ഒട്ടനവധി ചരിത്ര വിദ്യാർഥികളാണ് എടക്കൽ ഗുഹയിലേക്ക് എത്തുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് എടക്കൽ ഗുഹയുടെ നിയന്ത്രണം. ചുമതല നിർവഹിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.

മൈലാടിപ്പാറ, ജൈന ക്ഷേത്രം

കൽപ്പറ്റയിലെ ഒരു മനോഹര വ്യൂ പോയിൻറാണ് മൈയിലാടി പാറ. സൂര്യോദയവും അതിലേറെ മനോഹരമായ സൂര്യാസതമയവും മൈലാടിപ്പാറയിൽ നിന്ന് ആസ്വദിക്കാം. സ്വകാര്യ ട്രെസ്റ്റിന്റെ പേരിലുള്ള സ്ഥലമാണിത്. മൈലാടിപ്പാറയുടെ മുകളിൽ ഒരു ജൈന ക്ഷേത്രമുണ്ട്. കൽപ്പറ്റ ബൈപ്പാസിനു സമീപമാണ് മൈലാടിപ്പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കൽപ്പറ്റയുടെ മനോഹരമായ ആകാശ കാഴ്ച്ച ആസ്വദിക്കാം. പ്രവേശനത്തിന് പാസോ മറ്റോ ഇല്ല.

മുത്തങ്ങ വന്യജീവി സങ്കേതം

സുൽത്താൻ ബത്തേ‌രിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യ‌ജീവി സങ്കേതം എന്ന പേ‌‌രിൽ പ്രശസ്തമായ ഈ വന്യ ജീവി സങ്കേതം കർണാടകയിലെ നാഗർഹോ‌ളെ, ബന്ദിപ്പൂർ വന്യജീവി സങ്കേത‌ങ്ങളുമായും തമിഴ്നാട്ടിലെ മുതുമലയുമായും ബന്ധപ്പെട്ട് കിടക്കുന്ന 345 ചതുർശ്ര കിലോമീറ്റർ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു മഴക്കാടാണ്. 1973‌ൽ സ്ഥാപി‌തമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്.

വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോ‌ൽ‌പ്പെട്ടിയും. വനയാത്രയ്ക്കും വന്യജീവികളെ കാണാനും മുത്തങ്ങ എലിഫന്റ് ക്യാമ്പ് സന്ദർശിക്കാനും ആദിവാസികളുടെ കലാപരിപാടികൾ ആസ്വദിക്കാനുമൊക്കെ സന്ദർശകർക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഇക്കോ ക്യാമ്പ്. മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ഡെവല‌പ്മെന്റ് കമ്മിറ്റിയുടെ (EDCs) കീഴിലാണ് ഇവിടുത്തെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

തോൽ‌പ്പെട്ടിയിലേയും മുത്തങ്ങയിലേയും ജീപ്പ് സഫാരി, ഇന്റർപ്രട്ടേഷൻ സെന്റർ, ട്രെക്കിങ്, പക്ഷി നിരീക്ഷണം, മൂന്ന് ദിന ക്യാമ്പിങ്, ഔഷധ സസ്യത്തോട്ടം, ട്രൈബൽ ഫോക്ലോർ എന്നിവയാണ് ഇവിടുത്തെ പ്ര‌ധാന ആക്റ്റിവിറ്റികൾ. താമസത്തിന് മുത്തങ്ങയിലും പരിസര പ്രദേശങ്ങളിലും റിസോർട്ടുകളും ഡോർമെറ്ററികളും റൂമുകളും ഫോറെസ്റ്റ് ഹട്ടുകളും ലഭ്യമാണ്. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ സന്ദ‌ർശിക്കാൻ പറ്റിയ മികച്ച സമയം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ സഞ്ചാരികളെ വന മേഖലകളിൽ പ്രവേശിപ്പിക്കാറില്ല.

തോൽപ്പെട്ടി വന്യജീവി സങ്കേതം

മുത്തങ്ങയിൽ നിന്ന് 66 കിലോമീറ്ററും കുറുവാദ്വീപിൽ നിന്ന് 20 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
1973-ലാണ് തോൽപ്പെട്ടി ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത്.

കുറുവ ദ്വീപ്

കബനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തൃതമായ ഒരു ദ്വീപ് സമൂഹമാണ് കുറുവാ ദ്വീപ്.
കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്ക് പ്രവേശിക്കാൻ വെള്ളപ്പൊക്കമുള്ള അവസരങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.

റൂട്ട്: മാനന്തവാടിയിൽ നിന്നും 17 കിലോമീറ്ററാണ് കുറുവ ദ്വീപിലേക്കുള്ള ദൂരം. പലപ്പോഴും അടഞ്ഞ് കിടക്കുന്ന പ്രദേശമായത് കൊണ്ടു തന്നെ ജില്ലാ ടൂറിസം ഇൻഫർമേഷൻ സെന്ററിൽ വിളിച്ച് അന്വേഷിച്ചു വേണം പോകാൻ.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേടമാസത്തിൽ വിഷുവിളക്കായി നടത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവാണ്‌. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. “ദക്ഷിണകാശി” എന്നും “ദക്ഷിണ ഗയ” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം. മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ – ഓഗസ്റ്റ്), തുലാം (ഒക്ടോബർ – നവംബർ), കുംഭം (ഫെബ്രുവരി – മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ആണ് ബലി ഇടുക. അനേകരാണ് ഇവിടെ പിതൃബലി, തിലഹോമം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്.

Legal permission needed