VIETNAM ചൈനാ ടൗണും പ്രസിഡൻ്റിൻ്റെ പാലസും

✍🏻 വിമൽ കോട്ടയ്ക്കൽ

ഹോ ചി മിൻ സിറ്റി എന്നാണ് ഇപ്പോൾ ഔദ്യോഗിക രേഖകളിൽ കാണുന്നതെങ്കിലും കെട്ടിടങ്ങളിലും കടകളിലും ബസ്സുകളിലും കച്ചവട മേഖലകളിലുമെല്ലാം പഴയ പേരായ സൈ ഗോൺ എന്നാണ് ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഈ നഗരം യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ദൃശ്യഭംഗി നേടിയത്. അതിവിശാലമായ റോഡുകളും അതിനിടയിലെ വിസ്തൃതിയേറിയ പാർക്കുകളും പൂന്തോട്ടങ്ങളും കൂറ്റൻ കെട്ടിടങ്ങളുമെല്ലാം ഒരു ‘പ്ലാൻഡ് സിറ്റി’യെ അനുസ്മരിപ്പിക്കുന്നതാണ്. രാവിലെത്തന്നെ നഗരത്തിൽ നിന്ന് ആറു കിലോമീറ്ററോളം അകലെയുള്ള ചൈനാ ടൗണിലേക്ക് തിരിച്ചു. തപ്പിത്തിരഞ്ഞ് ബസ് സ്റ്റാൻഡ് കണ്ടെത്തി. ബസ്സിൽ കയറി അതിനടുത്തിറങ്ങി. അതിവിശാലമായ ഒരു കോംപ്ലക്സാണ്. അതിനകത്തും പുറത്തും നടക്കുന്ന കച്ചവടങ്ങൾ കണ്ടാൽ അത്ഭുതം തോന്നും. ‘അച്ഛനും അമ്മയുമൊഴികെ എല്ലാം കിട്ടും’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ യോജിക്കുന്നത് ഇത്തരം ഇടങ്ങളിലാണ്. ഒരു അത്ഭുതലോകം. നമ്മൾ കണ്ടിട്ടുപോലുമില്ലാത്ത ഉത്പന്നങ്ങളാണ് നിരത്തിവെച്ചിരിക്കുന്നത്. ഭൂരിഭാഗവും ചൈനയുടേത് തന്നെ. കച്ചവടം നടത്തുന്നവരിൽ അധികമൊന്നും ഇപ്പോൾ ചൈനാക്കാരില്ല. എങ്കിലും ചൈനാക്കാരുടെ സ്ഥാപനങ്ങളായതുകൊണ്ടാണ് ഇതിനെ ചൈനാടൗൺ എന്നു വിളിക്കുന്നത്.

അവിടന്ന് മറ്റൊരു ബസ്സിൽ നേരേ പുരാതനമായ നോട്രഡാം കത്തീഡ്രൽ എന്ന പള്ളിയിലെത്തി. അതും പഴയ പോസ്റ്റ് ഓഫീസും കണ്ട് റൂട്ട് നോക്കി നേരേ പ്രസിഡൻറ്റ് ഉപയോഗിച്ചിരുന്ന റീയൂനിഫിക്കേഷൻ പാലസ് ലക്ഷ്യമാക്കി നടന്നു. 12 ഹെക്ടറിൽ വിശാലമായ കൊട്ടാരം. ഇന്ത്യയിലെ രാജ കൊട്ടാരങ്ങൾ കണ്ട കണ്ണുപയോഗിച്ച് നോക്കിയാൽ നിരാശയാവും ഫലം. ഇതിൻ്റെ ആർക്കിടെക്ചർ അൽപം കൂടി ആധുനികമാണ്. 1962 ൽ നിർമാണം തുടങ്ങി 1966 ൽ പൂർത്തീകരിച്ചതാണ് ഇൻഡിപെൻഡൻസ് പാലസ് എന്നുകൂടി അറിയപ്പെടുന്ന ഈ കൊട്ടാരം വിയറ്റ്നാം പ്രസിഡൻ്റ് ഔദ്യോഗികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതാണിത്. നൂറോളം മുറികളുണ്ട്. ഇതിനും ഭൂഗർഭ അറയുണ്ട്. 72 മീറ്റർ നീളത്തിലാണ് ഈ ബങ്കർ. 2000 കിലോ വരെയുള്ള സ്ഫോടനം താങ്ങാൻ ശേഷിയുള്ളതാണ് ഇതിൻ്റെ ചുവരുകൾ. 1975 ൽ അമേരിക്ക ബോംബിട്ടപ്പോൾ പ്രസിഡൻ്റും കുടുംബവും കഴിഞ്ഞത് ഈ ഭൂഗർഭ അറയ്ക്കുള്ളിലാണ്. വാർത്താവിനിമയ ഉപകരണങ്ങൾ മുതൽ അടുക്കള വരെ ഒരുക്കിയിട്ടുണ്ട്.

Also Read ഗറില്ലകളോടൊപ്പം കൊലനിലങ്ങളിലൂടെ

അവരിൽ നിന്ന് പഠിക്കേണ്ടതും അവർ പഠിക്കേണ്ടതും

മറ്റാരു ജനതയ്ക്ക് മാതൃകയാക്കാവുന്ന ഒരു പാട് സവിശേഷതകൾ ഓരോ ജനതയിലും കാണും. വിയറ്റ്നാമികളിലും അങ്ങനെ ചിലതുണ്ട്. നല്ല അധ്വാനശീലരാണവർ. വിശേഷിച്ച് സ്ത്രീകൾ‌. എല്ലാ സ്ഥാപനങ്ങളിലും 90 ശതമാനവും സ്ത്രീകളാണ്. തെരുവുകച്ചവടം നടത്തുന്നവരിൽ 95 ശതമാനവും അവർ തന്നെ. നല്ല അച്ചടക്കത്തോടെ, ബഹളങ്ങളില്ലാതെ അവർ കാര്യങ്ങൾ ചെയ്യും. റോഡരികുകളും നഗരങ്ങളും എപ്പോഴും വൃത്തിയാക്കി വെക്കാൻ നാട്ടുകാരും അധികൃതരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മാലിന്യനീക്കം സമയാസമയങ്ങളിൽ നടക്കുന്നു. ടൂറിസത്തിൻ്റെ ചെറു സാധ്യതകൾ പോലും സർക്കാർ വെറുതേ കളഞ്ഞിട്ടില്ല. വകുപ്പുകൾ തമ്മിലും സ്ഥാപനങ്ങൾ, വാഹനങ്ങൾ, ടൂർ ഓപ്പറേറ്റർമാർ ഗൈഡുകൾ, തമ്മിലുമെല്ലാമുള്ള ഒരു കൂട്ടായ്മ വ്യക്തമായി അനുഭവിക്കാം. നമുക്ക് ഒട്ടും ഇഷ്ടപ്പെടാനിടയില്ലെങ്കിലും, മത്സ്യവും മാംസവും ധാരാളം പച്ചക്കറിയുമെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള, ആരോഗ്യകരമായ ഭക്ഷണ രീതിയാണ് അവരുടേത്. മസാലകൾ ഒന്നും ഉപയോഗിക്കുന്നില്ല. എല്ലാ വിഭവങ്ങളിലും മധുരം കാണും. കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്തതിനാൽ കൈ കഴുകാൻ വെള്ളം നമ്മൾ തന്നെ കൊണ്ടു പോകേണ്ടി വരും

Also Read ഹാനോയ് നഗരത്തിൽ ബൈക്കിലൊരു പ്രദക്ഷിണം.

അതേസമയം, പ്രശസ്തമായ ഒരു ടൂറിസം കേന്ദ്രമായിട്ടും വിനോദ സഞ്ചാരികളോട് നല്ല രീതിയിൽ ആശയ വിനിമയം നടത്താൻ ഇവിടത്തെ ജനതക്ക് കഴിയുന്നില്ല. ഇംഗ്ലീഷിനോടുള്ള താത്പര്യക്കുറവു തന്നെയാണ് കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ, ചെറുപ്പക്കാർക്കടക്കം ഒറ്റയെണ്ണത്തിന് എ ബി സി ഡി പോലും അറിയില്ല. സ്കൂളുകളിൽ ഇംഗ്ലീഷ് പഠനത്തിന് ഒരു പ്രാധാന്യവുമില്ല. വിദ്യാർത്ഥികൾക്ക് പോലും ഇംഗ്ലീഷറിയില്ല. അതിൻ്റെ ദുരന്തം ഇവർ അനുഭവിക്കുന്നുമുണ്ട്. ലോക സഞ്ചാരികൾക്ക് മുന്നിൽ ഇവർ പരിഹാസ്യരാവുന്നു. റോഡരികിലെ കടകൾക്ക് മുന്നിൽ കസേരയിട്ട് ഇരിക്കുന്നവരോട് എന്തെങ്കിലും ചോദിക്കാൻ ചെല്ലുമ്പോൾത്തന്നെ അവർക്ക് കാര്യം മനസ്സിലാവും, കസേരയിൽ നിന്നെണീറ്റ് അകത്തേക്ക് ഓടും. ചിലർ നമ്മുടെ വരവ് കണ്ടാൽത്തന്നെ നിഷേധാർത്ഥത്തിൽ കൈ വീശും, ഇങ്ങോട്ടൊന്നും ചോദിക്കണ്ടാ എന്നാണ് അർത്ഥം. മറ്റു ചിലർ വരവു കാണുമ്പഴേ നോ… നോ … എന്ന് വിളിച്ചു പറയും. ആകെ അറിയുന്ന ഇംഗ്ലീഷ് വാക്കാണ്. ഇങ്ങോട്ട് വരികയേ വേണ്ടാ എന്നാണ് ഉദ്ദേശിക്കുന്നത്. അപൂർവം ചിലർ കൈ കൊണ്ടും കാലുകൊണ്ടുമൊക്കെ ആംഗ്യങ്ങൾ കാണിച്ച് മുക്കിയും മൂളിയും ഇടത്തോ വലത്തോ എന്ന് കാണിച്ചു തരും. ചൈനാ ടൗണിൻ്റെ 50 മീറ്റർ അപ്പുറത്ത് കച്ചവടം ചെയ്യുന്നവർക്ക് ആ പേരു പറഞ്ഞാൽ അറിയില്ല. ബസ്സ്റ്റാൻഡു പോലും അറിയാത്തവർ ഉണ്ട്.

Also Read മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും

ബിയറാണ് പ്രധാന പാനീയം. എല്ലാ പെട്ടിക്കടകളിലും മദ്യം കിട്ടും. സ്ത്രീകളും കുട്ടികളുമെല്ലാം ധാരാളം ഉപയോഗിക്കും. നമ്മുടെ നാട്ടിലേക്കാൾ അൽപം വിലക്കുറവ് മദ്യത്തിന് മാത്രമാണെന്ന് തോന്നുന്നു. എവിടെയിരുന്നും മദ്യപിക്കാം. പക്ഷേ ‘സ്മോക്കിങ് ഏരിയ’കൾ പ്രത്യേകമുണ്ട്. സെക്സ് ടൂറിസം ഒരു പ്രധാന വരുമാനമാക്കിയവർ ഏറെയുണ്ട്. ‘ബും ബും’ എന്നാണ് അതിൻ്റെ കോഡ്. യുവാക്കളും യുവതികളും പരസ്യമായിത്തന്നെ സമീപിക്കും. ഇക്കാര്യത്തിനായി മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ പോലെത്തന്നെ ചിലരുണ്ട്. സർക്കാരിൻ്റെ മൗനാനുവാദം ഇതിനുണ്ടെന്ന് തോന്നുംവിധമാണ് ഇവരുടെ പ്രവർത്തനം.

Also Read വിയറ്റ്നാം: കൃശഗാത്രിയാം സുന്ദരി

അഞ്ചു ദിവസത്തെ വിയറ്റ്നാം യാത്ര അവസാനിക്കാറായി. ഇനി യാത്ര അയൽ രാജ്യമായ കംബോഡിയയിലേക്കാണ്. മിക്ക യാത്രകളും ടൂർ ഓപ്പറേറ്റർമാരുടെയൊന്നും സഹായമില്ലാതെത്ത ന്നെയാണ് നടത്തിയത്‌. മാപ്പും, ഗൂഗിളും ചില നാട്ടുകാരുമെല്ലാം അതിന് സഹായിച്ചു. കിലോമീറ്ററുകൾ നടന്നും, ബൈക്ക് വാടകക്കെടുത്തും, സിറ്റിബസ്സുകളിൽ കയറിയും ഞങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ അലഞ്ഞു. ഈ അലച്ചിൽ തരുന്ന കയ്പ്പും ചവർപ്പും മധുരവുമാർന്ന അനുഭവങ്ങളുണ്ടല്ലോ, അതാണ് യാത്രകളുടെ യഥാർത്ഥ ആനന്ദം. പല രാജ്യങ്ങളിലുള്ളവരുമായുള്ള സൗഹൃദങ്ങൾ, പല മാതിരി ചായം മുക്കിയ ജീവിതങ്ങൾ പുളയ്ക്കുന്ന തെരുവുകൾ, മാർക്കറ്റുകൾ, വഴിയോരങ്ങൾ, പലതരം കച്ചവടങ്ങൾ, പടുകൂറ്റൻ കെട്ടിടങ്ങൾ, അതിലെ പകിട്ടേറിയ ജീവിതങ്ങൾ, പശിയകറ്റാൻ വിശ്രമമില്ലാതെ പായുന്നവർ, പണ്ടൊന്നും കണ്ടിട്ടുപോലുമില്ലാത്ത പച്ചക്കറികൾ, വനവിഭവങ്ങൾ, ഭക്ഷണങ്ങൾ… അങ്ങനെ കലങ്ങിമറിഞ്ഞ പുഴ പോലൊഴുകുന്ന വൈവിധ്യമാർന്ന ജീവിതങ്ങൾ നൽകുന്ന ഉറച്ച ഉൾക്കാഴ്ച്ചകളാണ് ഒരു യാത്രികൻ്റെ ഊർജ്ജം.
(ഇനി കംബോഡിയയിലേക്ക്)

One thought on “VIETNAM ചൈനാ ടൗണും പ്രസിഡൻ്റിൻ്റെ പാലസും

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed