ഡ്രൈവിങ് ലൈസൻസുകൾ സ്മാർട് കാർഡ് രൂപത്തിലേക്ക് മാറ്റിയതിനു പിന്നാലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (RC) ഒക്ടോബർ നാലു മുതൽ PET G കാർഡ് രൂപത്തിലേക്കു മാറുന്നു. സെപ്റ്റംബർ 29 മുതൽ ഫീസടച്ച് അപേക്ഷിച്ചവർക്ക് കാർഡ് രൂപത്തിലായിരിക്കും ആർസി ലഭിക്കുക. കേരളത്തിലെ 86 ആർടിഒ, സബ് ആർടിഒകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങളുടേയും ആർ സികൾ PET G കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്യുന്നതിന് കൊച്ചി തേവരയിലെ കേന്ദ്രീകൃത പ്രിന്റിങ് യൂനിറ്റിൽ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രതിദിനം 15000 മുതൽ 20,000 വരെ ആർസി കാർഡുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. കാർഡ് രൂപത്തിലുള്ള പുതിയ ലൈസൻസും ഏപ്രിൽ മുതൽ ഇവിടെയാണ് പ്രിന്റ് ചെയ്തു വരുന്നത്.
നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റൽ, വിലാസം മാറ്റൽ, റജിസ്ട്രേഷൻ പുതുക്കൽ, വായ്പ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കൽ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിച്ചാലും ഇനി മുതൽ കാർഡ് രൂപത്തിലുള്ള ആർസിയാകും ലഭിക്കുക.
200 രൂപയും തപാല്‍ ഫീസും അടച്ച് കാർഡ് രൂപത്തിലുള്ള ആർസിക്ക് അപേക്ഷിക്കാം. പ്രിന്റ് ചെയ്ത കാർഡുകൾ തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റിൽ നിന്ന് അപേക്ഷകരുടെ വിലാസത്തലേക്ക് നേരിട്ട് അയക്കും. വിലാസം കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. അപേക്ഷകർ നൽകിയ വിലാസം കണ്ടെത്താനാകാതെ തപാൽ വകുപ്പ് ആർസി മടക്കി അയച്ചാൽ എറണാകുളം തേവരയിലെ പ്രിന്റിങ് കേന്ദ്രത്തിൽ നേരിട്ടെത്തി കൈപ്പറ്റേണ്ടി വരും.
സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിവയെല്ലാം പുതിയ ആര്‍സിയിലുണ്ടാകും. ആര്‍ടി ഓഫീസുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ നടപടികൾ പൂർത്തിയാക്കും. ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രിന്റെടുക്കാനായി കൊച്ചിയിലേക്ക് അയക്കും.