വന്യജീവികളുടെ വിഹാര കേന്ദ്രമായ കാട്ടിലൂടെ സുരക്ഷിതമായ ഒരു ട്രെക്കിങിനുള്ള അവസരമാണോ നിങ്ങള്‍ തേടുന്നത്? ട്രെക്കിങ്ങില്‍ മുന്‍പരിചയമില്ലാത്ത ആളാണോ? എങ്കില്‍ ഇനി പ്ലാന്‍ ചെയ്ത് കൂടുതലായി കാടുകയറേണ്ട. ഇതിനൊരു മികച്ച അവസരം നിങ്ങള്‍ക്ക് തൊട്ടടുത്ത് തന്നെ ഉണ്ട്. അനുഭവിച്ചറിയാനും ആസ്വദിക്കാനും മികച്ചൊരു ട്രെക്കിങ്. അതാണ് വാഴച്ചാൽ കാരാംതോട് ട്രെക്കിങ് (Vazhachal Trekking). തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അതിപ്പിള്ളിയില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ വാഴച്ചാലിലെത്താം. ഒരു ദിവസം പരമാവധി 24 പേര്‍ക്കു മാത്രമെ ട്രെക്കിങ്ങിന് അവസരമുള്ളൂ എന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കുയും വേണം. വനപാതയിലൂടെയുള്ള 12 കിലോമീറ്റര്‍ നടത്തത്തില്‍ നമുക്ക് അകമ്പടിയായി സായുധരായ വനപാലകരും ഈ കാടിനെ കുറിച്ച് നന്നായി അറിവുള്ള ഗൈഡുകളും ഉണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വനപാതയാണ് ഈ ട്രെക്കിങ് റൂട്ട്. കൂട്ടിനായി വേണ്ടുവോളം കാട്ടുകാഴ്ചകളും. ഭാഗ്യം തുണച്ചാല്‍ വന്യജീവികളേയും കാണാം.
പൊകലപ്പാറയില്‍ നിന്ന് തുടങ്ങും
പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നാണ് ഈ വനയാത്ര ആരംഭിക്കുന്നത്. വനം വകുപ്പിന്റെ വാഹനത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാം വരെ എത്തിക്കും. ആറു കിലോമീറ്ററോളം ദൂരമുള്ള ഈ പാതയും മനോഹരമാണ്. ഡാമിനപ്പുറത്തു നിന്ന് നിന്നാണ് കാല്‍നട ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ആറ് കിലോമീറ്റര്‍ വനപാതയിലൂടെയുള്ള നടത്തമാണ് ഈ ട്രെക്കിങ്ങിന്റെ ഹൈലൈറ്റ്. ആദ്യമായി ട്രെക്ക് ചെയ്യുന്നവരാണെങ്കില്‍ ഈ യാത്ര നിങ്ങളെ വിസ്മയിപ്പിക്കും. വനത്തിനുള്ളിലെ ആദിവട്ടാരം ക്യാംപ് ഷെഡ് ലക്ഷ്യമാക്കിയുള്ള ഈ നടത്തം ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മഴക്കാട്ടിലൂടെയാണ്. വനം വകുപ്പിന്റെ വാഹനം മാത്രം കടന്നു പോകുന്ന മണ്‍പാതയിലൂടെയുള്ള നടത്തത്തില്‍ സിംഹവാലന്‍ കുരങ്ങുകളേയും കരിങ്കുരങ്ങുകളേയും വിവിധയിനം പക്ഷികളേയും കാട്ടില്‍ മാത്രമുള്ള മരങ്ങളേയും യഥേഷ്ടം കാണാം. ഇവയുടെ വിശേഷങ്ങളും മറ്റും വിശദീകരിച്ച് ഗൈഡ് മുന്നിലായി നടക്കും. രണ്ടു കിലോമീറ്ററോളം നടന്നാല്‍ ഒരു തേക്കിന്‍തോട്ടവും കടന്ന് നടത്തം പുഴയോരത്തെ ഒറ്റയടിപ്പാതയിലൂടെയാകും. പിന്നീടങ്ങോട്ട് കാട്ടിനുള്ളിലെ മറ്റൊരു ലോകത്താണ് നിങ്ങള്‍ എത്തിച്ചേരുന്നത്. കാട്ടാനയും കാട്ടുപോത്തുകളും മലയണ്ണാനും വേഴാമ്പലുമെല്ലാം കണ്ണില്‍പ്പെടും. ഇവയുടെ സാന്നിധ്യം മണത്തറിയാന്‍ ഗൈഡുമാര്‍ക്കു കഴിയും. ഭാഗ്യമുണ്ടെങ്കില്‍ കടുവയേയും കരടിയേയും കാണാം.
ആദിവട്ടാരം ക്യാമ്പില്‍
പുഴയോരത്തു കൂടിയുള്ള ഈ നടത്തത്തില്‍ ഗൈഡുമാര്‍ക്കു പറയാന്‍ ഒട്ടേറെ വിശേഷങ്ങളുണ്ട്. കുറെ നടന്നാല്‍ പുഴയുടെ നടുവില്‍ പഴയൊരു അണക്കെട്ടിന്റെ ശേഷിപ്പുകള്‍ കാണാം. വന്യമൃഗങ്ങള്‍ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന സ്ഥലം കൂടിയാണിത്. ഇവിടെ അല്‍പ്പം വിശ്രമം ആകാം. തണുത്ത വെള്ളത്തില്‍ കയ്യുംമുഖവും കഴുകി ഫ്രഷായി നടത്തം തുടരാം. ആറ് കിലോമീറ്റര്‍ പിന്നിടുന്നതോടെ കാരാംതോട്ടിലെ ആദിവട്ടാരം ഫോറസ്റ്റ് ക്യാംപ് ഷെഡിലെത്തും. ചുറ്റും ആഴമുള്ള കിടങ്ങ് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വന്യമൃഗങ്ങളൊന്നും ഈ ഷെഡിലേക്ക് കയറില്ല. ഇവിടെ വിശ്രമത്തിനൊപ്പം ലഘുഭക്ഷണവും ആകാം. നട്ടുച്ചയ്ക്കും നല്ല തണുത്ത കാറ്റ് ലഭിക്കും. ഇവിടെ ഇരുന്ന വനസൗന്ദര്യം ആസ്വദിക്കാം. പറമ്പിക്കുളം വനാതിര്‍ത്തിയിലേക്ക് ഇവിടെ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ ദൂരമെയുള്ളൂ.
മടക്കയാത്രയ്ക്ക് മറ്റൊരു വനപാത
ആദിവട്ടാരം ക്യാമ്പിലെ വിശ്രമം കഴിഞ്ഞാല്‍ പിന്നെ മടക്കയാത്രയാണ്. നാം കയറി വന്ന പാതയിലൂടെ അല്ല മടക്കം എന്നതിനാല്‍ ഇതുമൊരു പുതിയ അനുഭവം നല്‍കും. ട്രെക്കിങ് ഒട്ടും മടുപ്പിക്കുകയുമില്ല. ഈ വഴിയും ആറ് കിലോമീറ്ററോളം നടക്കാനുണ്ട്. കയറ്റിറക്കങ്ങള്‍ കുറഞ്ഞ ഈ വനപാതയിലൂടെ നടക്കുമ്പോള്‍ പുല്‍മേടും വേഴാമ്പല്‍ കൂടുകൂട്ടിയ മരങ്ങളും കാണാം. പുല്‍മേടുകളില്‍ മാന്‍കൂട്ടങ്ങള്‍ വിഹരിക്കുന്നയിടമാണ്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഈ യാത്ര രണ്ടു മണി കഴിയുന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിനു സമീപത്ത് തിരിച്ചെത്തും. ഇവിടെ നിന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തിക്കുന്നതോടെ ഈ ട്രെക്കിങ്ങിന് പരിസമാപ്തിയാകും. വനസൗന്ദര്യം നുകര്‍ന്ന്, ശുദ്ധവായും ശ്വസിച്ച് ഒപ്പം ഒരുപിടി കാട്ടറിവുകളും നുകര്‍ന്ന ഈ യാത്ര നിങ്ങള്‍ക്ക് തീര്‍ത്തും റിഫ്രഷ് ആയ ഒരു അനുഭൂതിയാണ് സമ്മാനിക്കുക.
വാഴച്ചാലിലെ കാരാംതോട് ട്രെക്കിങ് ഇങ്ങനെ
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന മൂന്ന് സംഘങ്ങള്‍ക്കാണ് ഒരു ദിവസം ട്രെക്കിങ്ങിനുള്ള അവസരം ലഭിക്കൂ. ഒരു സംഘത്തില്‍ പരമാവധി 8 പേര്‍. ഒരു ദിവസം ആകെ 24 പേര്‍ക്കാണ് അവസരമുള്ളത്. ഒരാള്‍ക്ക് 1000 രൂപയാണ് ഫീസ്. രണ്ടോ മൂന്നോ പേര്‍ മാത്രമുള്ള ചെറു സംഘമാണെങ്കില്‍ 4000 രൂപയാണ് ഫീസ്. രാവിലെ 8 മണിക്ക് വാഴച്ചാലില്‍ നിന്ന് ആദ്യ സംഘം പുറപ്പെടും. അര മണിക്കൂര്‍ ഇടവേളയില്‍ അടുത്ത രണ്ടു സംഘങ്ങളും പുറപ്പെടും. ഓരോ സംഘത്തോടൊപ്പവും ഒരു സായുധ വനപാലകനും രണ്ട് ഗൈഡുമാരും ഉണ്ടാകും. ഈ പ്രദേശത്തെ ആദിവാസി ഊരുകളില്‍ നിന്ന് തിരഞ്ഞെടുത്ത, പരിശീലനം ലഭിച്ച യുവാക്കളാണ് ഗൈഡുമാര്‍.
12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും 60നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ ട്രെക്കിങ്ങിന് അനുമതിയില്ല. ഓരോ ദിവസവും പരിമിത സീറ്റുകള്‍ മാത്രമെ ഉള്ളൂവെന്നതിനാല്‍ ഫോണിലൂടെ മുന്‍കൂട്ടി ബൂക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കണം. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഉറപ്പാക്കണം. ഭാരമുള്ള വസ്തുക്കള്‍ ഒഴിവാക്കി ട്രെക്കിങ്ങിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8547601991.