വാഴച്ചാൽ ട്രെക്കിങ് വീണ്ടും തുടങ്ങി; നിരക്കും സമയവും ഇങ്ങനെ

vazhachal trekking tripupdates.in

തൃശൂർ. വർഷങ്ങൾക്കു ശേഷം വീണ്ടും ആരംഭിച്ച പെരിങ്ങൽകുത്ത് – കാരാംതോട് വാഴച്ചാൽ ട്രെക്കിങ് (Vazhachal Trekking)നു സഞ്ചാരികളിൽ നിന്ന് മികച്ച പ്രതികരണം. അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയ്ക്ക് (Athirappilly and Vazhachal Waterfalls) കൂടുതൽ ഉണർവേകുന്ന പുതിയ ട്രെക്കിങിന് തിങ്കളാഴ്ചയാണ് വനം വകുപ്പ് വീണ്ടും തുടക്കമിട്ടത്. വാഴച്ചാൽ വനവികസ ഏജൻസിയുടെ കീഴിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് പുനരാരംഭിച്ചത്.

മൂന്ന് സംഘങ്ങൾക്കാണ് ഒരു ദിവസം ട്രെക്കിങിന് അനുമതിയുള്ളത്. ഒരു സംഘത്തിൽ പരമാവധി എട്ടു പേർക്കാണ് അവസരം. ചുരുങ്ങിയത് നാലു പേർ. ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് രാവിലെ എട്ടു മണിക്ക് ആദ്യ ട്രെക്കിങ് ആരംഭിക്കും. 8.15നും 8.45നുമാണ് അടുത്ത സംഘങ്ങൾ പുറപ്പെടുക. പെരിങ്ങൽകുത്ത് ഡാം വരെ വനം വകുപ്പിന്റെ വാഹനത്തിലും ഇവിടെ നിന്ന് കാരംതോട് വരെ ആറു കിലോമീറ്റർ വനപാതയിലൂടെ കാൽനടയായുമാണ് യാത്ര. തിരിച്ച് മറ്റൊരു പാതയിലൂടെയാണ് യാത്ര. ഇരുവശത്തേക്കുമായി 12 കിലോമീറ്ററാണ് ട്രെക്കിങ് ദൂരം.

വനംവകുപ്പിന്റെ ആദിവട്ടാരം ക്യാംപിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷമാണ് മടക്കയാത്ര. രണ്ടു മണിയോടെ വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. യാത്രയിലുടനീളം മാർഗനിർദേശങ്ങളുമായി ഓരോ സംഘത്തോടൊപ്പവും രണ്ടു ഗൈഡുമാരും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടായിരിക്കും.

വാഴച്ചാൽ റേഞ്ചിൽ ഉൾപ്പെടുന്ന പൊകലപ്പാറ, പെരിഞ്ഞൽകുത്ത് ആദിവാസി ഊരുകളിൽ നിന്നും പുളിയിലപ്പാറ വിഎസ്എസിൽ നിന്നും തിരഞ്ഞെടുത്ത 13 ഗൈഡുമാരുടെ സേവനവും ട്രെക്കിങിനായി എത്തുന്നവർക്ക് ലഭിക്കും. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിലാണ് ഇവർക്ക് പരിശീലനം നൽകിയത്.

വാഴച്ചാൽ വനമേഖലയുടെ വന്യസൗന്ദര്യം ആസ്വദിച്ച് കാടിനെ അടുത്തറിഞ്ഞുള്ള ഈ ട്രെക്കിങ് സഞ്ചാരികൾക്ക് ഒരു റിഫ്രഷിങ് അനുഭവമായിരിക്കും. ബുക്കിങ്ങിന്: 85476 01991

Legal permission needed