കൊച്ചി. വർഷങ്ങൾക്കു ശേഷം തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് (Sri Lanka) യാത്രാ കപ്പൽ സർവീസ് ചൊവ്വാഴ്ച (ഒക്ടോബർ 10) വീണ്ടും ആരംഭിക്കും. നാഗപട്ടണം തുറമുഖത്തു നിന്ന് വടക്കൻ ശ്രീലങ്കയുടെ തലസ്ഥാനമായ ജാഫ്നയിലെ കാങ്കേശന്തുറയിലേക്കാണ് (Nagapattinam-Kankesanthurai) പാസഞ്ചർ ഫെറി സർവീസ് (ferry service). കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ‘ചെറിയപാനി’ (High-Speed Craft Cheriyapan) എന്ന ചെറുകപ്പലിലാണ് യാത്ര. മൂന്ന് മണിക്കൂറാണ് യാത്ര സമയം. നാഗപട്ടണത്തു നിന്ന് കാങ്കേശന്തുറയിലേക്ക് 60 നോട്ടിക്കൽ മൈൽ (ഏകദേശം 112 കിലോമീറ്റർ) ദൂരമുണ്ട്. കപ്പൽ കഴിഞ്ഞ ദിവസം 14 പേരടങ്ങുന്ന സംഘവുമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
പൂർണമായും എയർ കണ്ടീഷൻ ചെയ്ത കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാം. 7,670 രൂപയാണ് ടിക്കറ്റ് നിരക്ക്. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണിത്. ഒരു ടിക്കറ്റിനൊപ്പം 40 കിലോ ലഗേജ് അനുവദിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കാലാവധിയുള്ള വിസയും പാസ്പോർട്ടും നാഗപട്ടണം തുറമുഖം പാസഞ്ചർ ടെർമിനലിൽ ഹാജരാക്കണം. (വിസ അപേക്ഷ വിവരങ്ങൾ ഇവിടെ)
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരത്തിനൊപ്പം കപ്പൽ യാത്രാനുഭവം കൊതിക്കുന്ന സഞ്ചാരികൾക്കും ഇതൊരു അവസരമാണ്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (Shipping Corporation of India) ഈ സർവീസ് നടത്തുന്നത്.
1982ൽ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയതിനെ തുടർന്നാണ് ഇന്ത്യ-ശ്രീലങ്ക കപ്പൽ സർവീസ് നിർത്തിവച്ചത്. തമിഴ്നാട്ടിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ തലൈമന്നാറിനുമിടയിലായിരുന്നു ഈ സർവീസ്. ഈ സർവീസും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2011ൽ തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ ആറു മാസത്തിനകം അത് നിർത്തുകയായിരുന്നു. 5000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തൂത്തുകുടി-കൊളംബോ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാണ്. വ്യാപാര മേഖലയിക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഈ സർവീസ് ഉണർവേകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം മെച്ചപ്പെടുത്തുന്നതിനും ചരിത്രപരമായ ബന്ധം ഊഷ്മളമാക്കുന്നതിനുമാണ് ലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നത്. ഇത് ശ്രീലങ്കയിലെ ടൂറിസം മേഖലയ്ക്കും ഏറെ ഗുണം ചെയ്യും.