മൂന്നാര്‍. എല്ലാ സീസണിലും വിനോദ സഞ്ചാരികളെ ഒരു പോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ പ്രധാന ഹില്‍സ്റ്റേഷനാണ് മൂന്നാര്‍ (Munnar hill station). എന്നാല്‍ വിനോദ സഞ്ചാരികളുടെ വരവില്‍ മൂന്നാറിനേയും കടത്തിവെട്ടയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ തന്നെ മറ്റൊരു മനോഹര ഹില്‍സ്റ്റേഷനും കേരളത്തിലെ സാഹസിക ടൂറിസത്തിന്റെ പ്രധാന കേന്ദ്രം കൂടിയായ വാഗമണ്‍ (Vagamon). കഴിഞ്ഞ എട്ടു മാസങ്ങളിലായി വാഗമണിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി ഇടുക്കി ഡിടിപിസിയുടെ (DTPC Idukki) കണക്കുകള്‍ പറയുന്നു.
2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ 6,45,600 വിനോദ സഞ്ചാരികളാണ് വാഗമണിലെത്തിയത്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ടൂറിസ്റ്റുകളുടെ 11 ലക്ഷം കവിഞ്ഞു. ഇക്കഴിഞ്ഞ ഓണാവധി കാലത്തു മാത്രം മൂന്നാറിലെ മാട്ടുപ്പെട്ടിയിലും ബോട്ടാനിക്കല്‍ ഗാര്‍ഡനിലും 13,927 സന്ദര്‍ശകരെത്തിയപ്പോള്‍ വാഗമണിലെ മൊട്ടക്കുന്നുകളും പുല്‍മേടുകളും സാഹസിക ടൂറിസം പാര്‍ക്കും സന്ദര്‍ശിക്കാനെത്തിയത് 81,978 വിനോദ സഞ്ചാരികളാണ്. വന്‍കുതിച്ചു ചാട്ടമാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായതെന്ന് ഡിടിപിസിയുടെ കണക്കുകള്‍ പറയുന്നു.
പ്രധാനമായും സാഹസിക ടൂറിസം അവസരങ്ങളാണ് വാഗമണിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ് കൂടി തുറന്നതോടെ വാഗമണിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതു മുന്‍കൂട്ടി കണ്ട് വാഗമണില്‍ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ അഡ്വഞ്ചര്‍ ടൂറിസം ആക്റ്റിവിറ്റീസ് അവതരിപ്പിക്കാനാണു പദ്ധതിയെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറയുന്നു.
മനോഹരമായ പുല്‍മേടുകളുള്ള കുന്നുകള്‍, പൈന്‍ മരങ്ങള്‍ വരിയിട്ടു നില്‍ക്കുന്ന താഴ്‌വരകള്‍, വാഗമണ്‍ തടാകം, തങ്ങള്‍പാറ, കുരിശുമല തുടങ്ങിയവയാണ് അഡ്വഞ്ചര്‍ പാര്‍ക്കിനു പുറമെ വാഗമണിലെ പ്രധാന ആകര്‍ഷണങ്ങള്‍. വാഗമണിനെ സാഹസിക വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയ കേന്ദ്രമാക്കുന്നത് ഇവിടുത്തെ പാരാഗ്ലൈഡിങ് സൗകര്യമാണ്. പാരാഗ്ലൈഡിങിനു വേണ്ടി മാത്രം നിരവധി സാഹസികപ്രിയരായ ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. വാഗമണിലേക്കുള്ള റോഡുകള്‍ മൂന്നാറിനെ അപേക്ഷിച്ച് വാഹനത്തിരക്കോ ട്രാഫിക് ബ്ലോക്കോ ഇല്ലെന്നതാണ് സന്ദര്‍ശകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.