✍🏻 ഫാസിൽ ഫിറോസ്
ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിയും ഉണർന്നും കിടക്കുന്ന അതിമനോഹര പ്രദേശമാണ് ബുഖാറയിലെ (Uzbekistan) ലബി ഹൗസ്. ക്രിസ്തുവിന് 500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നഗരം ചരിത്രത്തിന്റെ വേരുകളിൽ പടർന്നിരുന്നു. സിൽക്ക് റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമായിരുന്നു ലബി ഹൗസ് (Lyabi-Hauz). യൂറോപ്പ് മുതൽ ചൈന വരെയുള്ള വിവിധ രാജ്യങ്ങളിലുള്ള വ്യാപാരികളും മനുഷ്യരും ഇവിടെ മാസങ്ങളോളം ഒരുമിച്ചു. കച്ചവടം ചെയ്തും സ്നേഹിച്ചും നാണയങ്ങളും, ചരക്കുകളും അവർ പരസ്പരം കൈമാറി. കൂടെ, വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും കലകളും ശില്പങ്ങളും അവരുടെ ഹൃദയാന്തരങ്ങളിൽ കുടിയേറി.
പ്രാദേശിക തലത്തിൽ മാത്രം ഒതുങ്ങി നിന്ന പല മതങ്ങളും അതിർത്തി കടന്നു വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറി. ബുദ്ധമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും വ്യാപനത്തിൽ ഈ തെരുവുകൾ അനിഷേധ്യമായ പങ്ക് വഹിച്ചു. വിശ്വയാത്രക്കാരായ ഇബ്നുബത്തൂത്തയുടെയും മാർക്കോ പോളോയുടെയും യാത്രാവിവരണങ്ങളിൽ ഈ പ്രദേശത്തെ സമ്പുഷ്ടതയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്.
ചൈനയിലെ വിഖ്യാതമായ പട്ടുതുണികൾ യൂറോപ്പിലെത്തിക്കാനായി തുറക്കപ്പെട്ട ഒരു വ്യാപാരപാതയാണ് സിൽക്ക് റൂട്ട്. ചരിത്രം അടയാളപ്പെടുത്തിയതു പോലെ, ആഫ്രിക്കൻ വൻകരയിലെ താൻസാനിയ മുതൽ ദക്ഷിണകൊറിയ വരെയും, ഇന്ത്യ മുതൽ ഇറ്റലി വരെയുള്ള പ്രദേശങ്ങളും പ്രാചീന സിൽക്ക് റൂട്ടിൽ ഉൾപ്പെടും. ക്രിസ്താബ്ദത്തോടെ പ്രാചീന സിൽക്ക് റൂട്ട് ചൈന മുതൽ ഇറ്റലി വരെയായി ചുരുങ്ങി. ഇറ്റലിയിലെ വെനീസായിരുന്നു മുഖ്യവ്യാപാര കേന്ദ്രം. വെനീസിൽ നിന്ന് കരമാർഗവും കടൽമാർഗവും യൂറോപ്പിന്റെ വിവിധഭാഗങ്ങളിലേക്ക് ധാന്യങ്ങളും പാത്രങ്ങളും വിവിധയിനം ചരക്കുകളും എത്തിച്ചു.
ഇന്ത്യൻ വ്യാപാരികളും പട്ടുപാതയിൽ കച്ചവടം നടത്തിയിരുന്നു. സിൽക്ക് പാതയിലുള്ള കച്ചവടക്കാരുടെ ഇന്ത്യയിലേക്കുള്ള സജീവ പങ്കാളിത്തത്തിനു തടസ്സമായതു ഹിമാലയമാണെന്നു കരുതപ്പെടുന്നു. മാത്രമല്ല, സിൽക്ക് പാത ഉൾപ്പെടുന്ന രാജ്യങ്ങളിലുള്ള ഭരണാധികാരികൾ ഈ പാതയെ ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിച്ചു പോന്നിരുന്നു. ഉസ്ബക്കിലെ തിമൂർ ചക്രവർത്തിയും പേർഷ്യയിലെ ഉമയ്യദ് രാജാക്കന്മാരും ചൈന ഭരിച്ചിരുന്ന രാജാക്കന്മാരുമെല്ലാം ഈ പാതയുടെ സംരക്ഷകരായിരുന്നു.
റെസ്റ്റോറന്റുകളും ഹോട്ടലുകളും സുവനീർ ഷോപ്പുകളുമാണ് അങ്ങാടി നിറയെ. പെരുന്നാളവധി ദിനമായതിനാലാകണം തെരുവുകൾ മുഴുവനും ജനനിബിഢമാണ്. കുടുംബമൊത്ത് അവധി ആഘോഷിക്കാൻ വന്നവർ, പ്രണയിനിയുമൊത്ത് നടത്തത്തിനിറങ്ങിയവർ, തെരുവിന്റെ ഭംഗി മതിവരുവോളം ആസ്വദിക്കുന്ന വിദേശികൾ. സംഗീതവും വർണങ്ങളും ഈ തെരുവിനെ ജീവസ്സുറ്റതാക്കുന്നു. കല്ലുപതിച്ച നടപ്പാതകൾ, കൃത്യമായ വിവരണങ്ങൾ നൽന്ന ബോർഡുകൾ, ഗൈഡുകൾ തുടങ്ങിയവയെല്ലാം യുനെസ്കോയുടെ (UNESCO) സഹായ ഹസ്തങ്ങളാണ്.
ബുഖാറയുടെ പൈതൃകത്തറവാടെന്ന് ലബി ഹൗസിനെ വിശേഷിപ്പിക്കാം. നിറയെ മദ്രസകളും പള്ളികളുമുള്ള ഈ നഗരം അറിവിന്റെ ഈറ്റില്ലമായിരുന്നു. റൂമി പറഞ്ഞതു പോലെ ‘അറിവിന്റെ ഖനിയാണ് ബുഖാറ. ചരിത്രാന്വേഷികളുടെ നിധികുംഭവും’.
പ്രദേശത്തെ പ്രശസ്ത മദ്രസയും സൂഫീ ധ്യാനകേന്ദ്രവുമായ കുകുൽ ദേശ് മദ്രസ നടത്തത്തിനിടയിൽ കണ്ണിലുടക്കി. പ്രശസ്ത ശില്പി നാദിർ ദിവാൻ നിർമ്മിച്ച നാദിർ ദിവാൻ ഭേഗി മദ്രസയും ഈ തെരുവിലുണ്ട്. നിറയെ പണ്ഡിതന്മാരെ വാർത്തെടുത്ത ഈ മദ്രസ ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തെ നോക്കി നിൽക്കുന്നു. നിറയെ കുളങ്ങളുള്ള ഒരു പ്രദേശമായിരുന്നത്രേ ലബി ഹൗസ്. സോവിയറ്റ് അധിനിവേശത്തോടെ അവ ഗണ്യമായ തോതിൽ മൂടപ്പെട്ടു.
ലബി ഹൗസിൽ നിന്നാണ് ബുഖാറയിലെ പ്രാചീന വാണിജ്യകേന്ദ്രം ആരംഭിക്കുന്നത്. ഒരു കിലോമീറ്റർ വിസ്തൃതിയിൽ മതിൽകെട്ടിനുള്ളിലാണ് വാണിജ്യകേന്ദ്രങ്ങൾ നിലനിൽക്കുന്നത്. 102 പൈതൃക സ്മാരകങ്ങൾ ഈ പ്രദേശത്തുണ്ടെന്ന് സൈൻ ബോർഡുകൾ സൂചിപ്പിച്ചു. ഹിന്ദിപ്പാട്ട് പാടിയും ഡാൻസു കളിച്ചും ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നൊക്കെ വിളിച്ചും ഇന്ത്യക്കാരെ കയ്യിലെടുക്കാനുള്ള കച്ചവടതന്ത്രം മനോഹരമാണ്. നടത്തത്തിനിടയിൽ ഇന്ത്യക്കാരുമൊത്ത് മത്സരിച്ച് സെൽഫിയെടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ബോളിവുഡ് സിനിമകളുടെ സ്വാധീനം അതിബൃഹത്തായി കൊണ്ടാടുന്ന ജനതയാണിവർ. കടകളുടെ നിര കഴിഞ്ഞപ്പോൾ ദൂരെ കുത്തബ്മിനാർ പോലോത്തൊരു മിനാരം കണ്ടു. ഞങ്ങൾ ആകാംക്ഷയോടെ അതിനടുത്തേക്കു നടന്നു.