ദുബായ്. റോഡില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് പല കര്‍ശന ട്രാഫിക് നിയമങ്ങളുമുള്ള നാടാണ് യുഎഇ. ഇവ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ശിക്ഷയും ഈ നിയമങ്ങളും ചട്ടങ്ങളും ഉറപ്പാക്കുന്നുണ്ട്. പിഴകളിലും മറ്റു സംവിധാനങ്ങളിലും കാലോചിതമായി പുതിയ മാറ്റങ്ങളും യുഎഇ അധികൃതര്‍ നടപ്പിലാക്കി വരുന്നു. ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനും അവര്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ട്രാഫിക് ലംഘനങ്ങള്‍ പിടികൂടുന്നതിനും 2023ല്‍ യുഎഇയില്‍ നടപ്പിലാക്കിയ പ്രധാന നാല് ട്രാഫിക് സംവിധാനങ്ങളെ അറിയാം.
അബു ദബിയിലെ റോഡ് അലര്‍ട്ട് സിസ്റ്റം
ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് അബു ദബി പൊലീസ് ഹൈവേകളില്‍ പുതിയ റോഡ് അലര്‍ട്ട് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. റഡാര്‍ പോലുള്ള ഈ സംവിധാനം ട്രാഫിക് അപകടങ്ങളെ കുറിച്ചും കാലാവസ്ഥയെ കുറിച്ചു ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. വിവിധ നിറങ്ങളിലുള്ള ലൈറ്റുകളിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ലൈറ്റ് തെളിഞ്ഞാല്‍ റോഡില്‍ ട്രാഫിക് അപകടം നടന്നിട്ടുണ്ടെന്നാണ് സാരം. മഞ്ഞ ലൈറ്റാണെങ്കില്‍ മൂടല്‍ മഞ്ഞോ, മഴയോ, പൊടിയോ പോലുള്ള മോശം കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണ്.
സ്കൂളുകള്‍ക്കു സമീപം സ്മാര്‍ട് സ്പീഡ് ലിമിറ്റ് സൈന്‍
സ്കൂളുകള്‍, റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍, കാല്‍നടക്കാരുടെ ക്രോസിങ് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുന്നതിനും അമിത വേഗത കണ്ടെത്തുന്നതിനും ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി സ്മാര്‍ട് സ്പീഡ് ലിമിറ്റ് സൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓടുന്ന വാഹനത്തിന്റെ വേഗത കൃത്യമായി ഇതു പിടിച്ചെടുക്കും. അനുവദനീയ വേഗ പരിധിക്കുള്ളിലാണ് വാഹനമെങ്കില്‍ പച്ച ലൈറ്റും ഒപ്പം സ്മൈലി ഇമോജിയും തെളിയും. വേഗ പരിധി ലംഘിച്ചിട്ടുണ്ടെങ്കില്‍ ചുവപ്പ് ലൈറ്റും സാഡ് ഇമോജിയും തെളിയും. ഇതു കണ്ടാല്‍ ഡ്രൈവര്‍ വേഗത കുറക്കണം. യുഎഇയില്‍ സ്കൂള്‍ പരിസരങ്ങളില്‍ വേഗ പരിധി 30 മുതല്‍ 40 kmph വരെയാണ്. പിഴ അമിത വേഗത്തിനനുസരിച്ച് 300 ദിര്‍ഹം തൊട്ട് 3000 ദിര്‍ഹം വരേയും.
റോഡ് ക്രോസിങ് നിരീക്ഷിക്കാന്‍ പുതിയ റഡാര്‍
ഉമ്മുല്‍ ഖുവൈന്‍ പൊലീസാണ് ഈ പുതിയ സൗരോജ ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചത്. പെഡസ്ട്രിയന്‍ ക്രോസിങില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും പിടികൂടാനുമാണിത്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാനാണ് ഈ സംവിധാനം. കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
ജിസിസി രാജ്യങ്ങളുമായി സംയോജിത ട്രാഫിക് സിസ്റ്റം
യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം സംയോജിപ്പിക്കുന്ന പുതിയ പദ്ധതി ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ട്രാഫിക് ലംഘനം സംബന്ധിച്ച വിവരങ്ങളും നിയമ ലംഘകരായ ഡ്രൈവര്‍മാരുടെ വിവരങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതാണ് ഈ സംവിധാനം.