ട്രിപ്പിന്റെ കാര്യത്തില്‍ എല്ലാം നാം പ്ലാന്‍ ചെയ്ത പോലെ നടന്നു കൊള്ളണമെന്നില്ല. എത്ര പ്ലാന്‍ ചെയ്ത് ട്രിപ്പിന് ഒരുങ്ങിയാലും പലപ്പോഴും മികച്ച അനുഭവവും സര്‍പ്രൈസുകളും പ്ലാനുകള്‍ക്കു പുറത്താണ് സംഭവിക്കാറുള്ളത്. പ്ലാന്‍ ചെയ്യാതേയും മനോഹര യാത്രകള്‍ നടത്താം. അതിനായി മനസ്സിനെ ഒന്നൊരുക്കിയാല്‍ മാത്രം മതി. അപ്പോള്‍ വഴികള്‍ നമുക്കു മുമ്പില്‍ തുറക്കപ്പെടും. പ്ലാന്‍ ചെയ്യാതെ യാത്ര ചെയ്യാവുന്ന മികച്ച ഒരിടത്തെ നമുക്ക് പരിചയപ്പെടാം. മറ്റെവിടേയുമല്ല, ഗോവ തന്നെ. ബീച്ചുകളും ഫ്‌ളീറ്റ് മാര്‍ക്കറ്റുകളും പാര്‍ട്ടികളും മാത്രമല്ല ഗോവ. അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത, അറിയപ്പെടാത്ത മറ്റു പലതും ഇവിടെ ഉണ്ട്. യാത്രകളില്‍ പ്ലാനുകള്‍ക്ക് സ്ഥാനം നല്‍കാത്തവുരം അല്‍പ്പസ്വല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവരുമൊക്കെയാണ് നിങ്ങളെങ്കില്‍ തുടര്‍ന്നു വായിക്കാം.

ആദ്യം ചെയ്യേണ്ടത് ഗൂഗ്ള്‍ മാപ്പ് ഓഫ് ചെയ്തിടുക എന്നതാണ്. അല്‍പ്പം സാഹസികമാണ്. പ്ലാന്‍ ചെയ്യാത്ത യാത്രയാണെന്ന് ഓര്‍ക്കണം. മാപ്പ് ഓഫ് ചെയ്തത് കൊണ്ട് മറ്റു വഴികളില്ല എന്ന് കരുതേണ്ട. വഴിയില്‍ കാണുന്നവരോട്, ആ പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സംസാരിച്ച് വഴികളും അവരുടെ ജീവിതവും ചോദിച്ചറിഞ്ഞാണ് യാത്ര ചെയ്യേണ്ടത്. അപരിചിതരോട് ഇടപഴകുക വഴി പ്രാദേശിക സംസ്‌കാരങ്ങളേയും രീതികളേയും അടുത്തറിയാം. ഗോവയിലാണെങ്കില്‍ ഏതു വഴി തിരഞ്ഞെടുത്താലും നിങ്ങള്‍ എത്തിച്ചേരുക മനോഹരമായ സ്ഥലങ്ങളിലായിരിക്കും. ഒരു ഗ്രാമമോ, പഴകിയ ഒരു ചാപ്പലോ, അല്ലെങ്കില്‍ മികച്ച സമൂസ ലഭിക്കുന്ന ചായക്കടയോ ആകാം. എവിടെ ആണെങ്കിലും മികച്ച ഒരു അനുഭവം ലഭിക്കുമെന്നുറപ്പ്.
കേരളത്തെ പോലെ തെങ്ങുകള്‍ ഗോവയിലും സമൃദ്ധമാണ്. തെങ്ങുകളുടെ നിരയെ പിന്തുടര്‍ന്ന് നടന്നാല്‍ ആ വഴി നിങ്ങളെ മനോഹരമായ പുഴക്കരയിലോ പച്ചവിരിച്ച നെല്‍പ്പാടത്തോ, അല്ലെങ്കില്‍ മികച്ച മീന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഏതെങ്കിലും നാല്‍ക്കവലയിലോ എത്തിക്കും. അതെ, നാം കേരളീയര്‍ പറയുന്നതു പോലെ തെങ്ങുകള്‍ ഒരിക്കലുമം ചതിക്കില്ല.

ഇടവഴികള്‍ കാണാതെ പോകരുത്. വീതി കുറഞ്ഞ വഴികള്‍ കണ്ടാല്‍ ഇടംവലം നോക്കാതെ ആ വഴി പിടിക്കുക. ഗോവയില്‍ പലയിടത്തും ചെറിയ ഇത്തരം പാതകള്‍ നിങ്ങളെ അതിമനോഹരമായ ഒരിടത്തായിരിക്കും എത്തിക്കുക. അത് ചിലപ്പോള്‍ ഒരു രഹസ്യ ബീച്ചോ, മനോഹരമായ ഒരു വ്യൂ പോയിന്റോ അല്ലെങ്കില്‍ അലക്ഷ്യമായി തുറന്നുവച്ചിരിക്കുന്ന ചെറിയ കഫെയോ ആകാം. ഇവിടെ കയറി ഒരു കാപ്പി കുടിക്കാനിരുന്നാല്‍ കടക്കാരനും ഒരു പക്ഷെ നിങ്ങള്‍ക്കൊപ്പമിരുന്ന് കഥകള്‍ പങ്കുവയ്ക്കും.

രുചിവൈവിധ്യങ്ങള്‍ നുണയുക എന്നതാണ് യാത്രയിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇതിനായി മെനു ഇല്ലാത്ത ഭക്ഷണ ശാലകളെയാണ് തിരഞ്ഞെടുക്കേണ്ടത്. നമ്മുടെ യാത്ര പ്ലാന്‍ ഇല്ലാത്തതിനാല്‍ മെനുവും പ്രധാനമല്ലല്ലോ. ഏതെങ്കിലും തനി ഗോവന്‍ ഭക്ഷണ ശാലയില്‍ കയറുക, ഏറ്റവും ഫ്രഷ് ആയ പ്രാദേശിക വിഭവം ഓര്‍ഡര്‍ ചെയ്യുക, രുചിക്കുക. മികച്ച മീന്‍കറികളാണ് ഗോവക്കാരുടെ പ്രത്യേകത.

പ്രദേശവാസികളെ കാണുക, അവരോട് സംസാരിക്കുക. ഇതൊരു മികച്ച യാത്രാനുഭവം നിങ്ങള്‍ക്കു സമ്മാനിക്കും. പ്രദേശ വാസികള്‍ക്ക് മികച്ച യാത്രാ രഹസ്യങ്ങള്‍ പറഞ്ഞു തരാന്‍ കഴിയും, മികച്ച ഉപദേശങ്ങളും തരും. കഥകളും പറഞ്ഞു തരും. തീരപ്രദേശങ്ങളിലാണെങ്കില്‍ മീന്‍വലകളില്‍ അറ്റക്കുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളോട് സംസാരിച്ചിരിക്കാം. റോഡരികില്‍ ചിത്രം വരയ്ക്കുന്നവരോടും ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്നവരോടുമെല്ലാം സംസാരിക്കാം. ഇതുവഴി ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരു ഗോവന്‍ ആതിഥ്യം അനുഭവിക്കാനും അവസരം ഒത്തുവന്നേക്കാം.