വയനാട് ജില്ലയില്‍ സന്ദര്‍ശക പ്രവാഹം

കല്‍പ്പറ്റ: വേനൽക്കാല അവധിയിലേക്ക്‌ കടന്നതോടെ വയനാട് ജില്ലയില്‍ സന്ദര്‍ശക പ്രവാഹം. ഡി ടി പി സി, വനം വകുപ്പ്‌, കെ എസ് ഇ ബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്‌. വിഷു അവധി ദിവസങ്ങൾ എത്തുന്നതോടെ തിരക്ക്‌ ഇനിയും കൂടും. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ഉണ്ടായെങ്കിലും ഇതൊന്നും സഞ്ചാരികളുടെ വരവിനെ ബാധിച്ചില്ല. നോമ്പ് കഴിയുന്നതോടെ സഞ്ചാരികളുടെ വരവ് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. റിസോർട്ടുകളിലെ താമസത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഒറ്റ ദിവസത്തെ യാത്രക്കായാണ് വയനാടിനെ ചിലർ തിരഞ്ഞെടുക്കുന്നത്.

പ്രകൃതി സൗന്ദര്യത്തിനൊപ്പം ടൂറിസം വകുപ്പ്‌ ആവിഷ്‌കരിച്ച പുതിയ പദ്ധതികളും നവീകരണപ്രവർത്തനങ്ങളുമെല്ലാം സഞ്ചാരികളുടെ ഇഷ്‌ട നാടായി വയനാടിനെ മാറ്റി. പ്രധാന വിനോദ കേന്ദ്രമായ പൂക്കോട്‌ തടാകം, ബാണാസുരസാഗർ, കർലാട്‌ തടാകം, കാരാപ്പുഴ, കുറുവാ ദ്വീപ്‌, എടയ്ക്കൽ ഗുഹ, ചെമ്പ്ര പീക്ക്‌ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്‌. ‘എൻ ഊര്‘ ഗോത്ര പൈതൃക ഗ്രാമത്തിലും തിരക്കിന് കുറവില്ല. കർലാട്‌ തടാകത്തിൽ ജലധാര, കുട്ടികളുടെ പാർക്ക്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, പ്രത്യേക വെളിച്ച സംവിധാനം എന്നിങ്ങനെ പുതുമയാർന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ മാത്രം 1,500ലധികം സഞ്ചാരികൾ കർലാട്‌ സന്ദര്‍ശിച്ചു. കാരാപ്പുഴയിലും നവീന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്‌.

അതേസമയം, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ജില്ലയിലേക്ക് കൂടുതലായി എത്തുന്നുണ്ട്‌. സഞ്ചാരകേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളില്‍ കച്ചവടം പൊടിപൊടുക്കുകയാണ്.

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് സമയ ക്രമീകരണം ഏർപ്പെടുത്തിയത് സഞ്ചാരികള്‍ക്ക് ഗുണകരമായി. നിലവില്‍ ചുരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed