ബെംഗളൂരു. കര്‍ണാടകയിൽ വനമേഖലകളിലെ ട്രെക്കിങ്ങിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളോടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമുള്ള ട്രെക്കിങ് കേന്ദ്രങ്ങളില്‍ മാത്രമെ ഇനി ട്രെക്കിങ് അനുവദിക്കൂവെന്ന് സർക്കാർ വ്യക്തമാക്കി. മറ്റിടങ്ങളിലെ ട്രെക്കിങ്ങ് ആക്ടിവിറ്റികള്‍ വനം വകുപ്പ് താല്‍ക്കാലികമായി നിരോധിച്ചു. ദക്ഷിണ കന്നഡയിലെ കുമാര പര്‍വ്വത കൊടുമുടിയിലേക്ക് അനിയന്ത്രിതമായി ആയിരക്കണക്കിന് ആളുകള്‍ ട്രെക്കിങ്ങിനായി ഇരച്ചെത്തിയ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍.
പശ്ചിമഘട്ട മേഖലിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന വനമേഖലകളില്‍ വന്‍തോതില്‍ ട്രെക്കിങ് അനുവദിക്കുന്നത് അപകടങ്ങൾക്കും ഇവിടങ്ങളിലെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്നുണ്ടെന്നും മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എല്ലാ ആഴ്ചകളിലും അനിയന്ത്രിതമായി ട്രെക്കിങ് അനുവദിച്ചാല്‍ ഈ പ്രദേശങ്ങളിലെ ജലാശയങ്ങള്‍ മലിനീകരിക്കപ്പെടുമെന്നും വനംവകുപ്പ് മന്ത്രി ഈശ്വര ഖാന്ദ്രെ പറഞ്ഞു.
നിലവില്‍ കര്‍ണാടക ഇക്കോ ടൂറിസം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ട്രെക്കിങ് കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 150 പേര്‍ക്കു മാത്രമെ പ്രവേശന അനുമതി ലഭിക്കൂ. മറ്റിടങ്ങളിലെല്ലാം ട്രെക്കിങ് നിരോധിച്ചതോടെ ഈ കേന്ദ്രങ്ങളില്‍ ഇനി ബുക്കിങ്ങിന് തിരക്കേറും. കര്‍ണാടക ഇക്കോ ടൂറിസം ബോര്‍ഡിന്റെ വെബ്‌സൈറ്റ് മുഖേന ഈ ട്രെക്കുകള്‍ ബുക്ക് ചെയ്യാം.