ഇടുക്കി അണക്കെട്ടില്‍ (IDUKKI DAM) സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാലത്തില്‍ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും സുരക്ഷ പരിശോധന കര്‍ശനമാക്കി. അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന എല്ലാവരേയും ദേഹപരിശോധന നടത്തും. സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനാ ക്യാബിനും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വനിതാ പൊലീസും ഉണ്ടാകും.
കുടിവെള്ളവും, കുഞ്ഞുങ്ങള്‍ക്കുള്ള കുപ്പിപ്പാലും മാത്രമെ സന്ദര്‍ശകരുടെ കൈവശം കരുതാന്‍ അനുവദിക്കൂ. മറ്റൊരു വസ്തുവും അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗ്, വാച്ച്, പഴ്‌സ് എന്നിവ അടക്കം ഒന്നും അനുവദിക്കില്ല. ബോട്ട് റൈഡ് ചെയ്യുന്നവര്‍ക്കും ഇനി ക്യാമറയും മൊബൈലും കൊണ്ടുപോകാനാകില്ല.
സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍ വെള്ളാപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കും. ഇതുവരെ ചെറുതോണി അണക്കെട്ടിന് സമീപത്തായിരുന്നു കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഷട്ടറുകള്‍ക്കു സമീപം സുരക്ഷാ ഉദ്യോഗസ്ഥരേയും നിയമിക്കും.
ഒക്ടോബർ 31 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കമാന രൂപത്തിലുള്ള അക്കെട്ടാണ് ഇടുക്കി. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ പോലെ എല്ലായ്പ്പോഴും ഇവിടേക്ക് പ്രവേശനമില്ല. ഇടുക്കി, ചെറുതോണി ഡാമുകൾക്കൊപ്പം വൈശാലി ഗുഹയും കാണാം. ആറു കിലോ മീറ്ററോളം നടന്ന് കാണാനുണ്ട്. ആവശ്യക്കാർക്ക് ഫീസ് നൽകി ആർച്ച് ഡാമിനു മുകളിലൂടെ ബഗ്ഗി കാറിൽ യാത്രയുമാകാം.
രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. നടക്കാൻ പ്രയാസമുള്ളവർക്ക് ബഗ്ഗി ഉപയോഗിക്കാം. എട്ടു പേർക്ക് 600 രൂപയാണ് നിരക്ക്.