ഗുല്‍മര്‍ഗില്‍ മഞ്ഞ് നിറഞ്ഞു; നീണ്ട ഇടവേളയ്ക്കു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച, ആശ്വാസം

snowfall in kashmir tripupdates

ശ്രീനഗര്‍. രണ്ടു മാസത്തോളം നീണ്ട വരണ്ട ശൈത്യകാലത്തിനു ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച (Snowfall in Kashmir) വീണ്ടും തുടങ്ങി. വെള്ളിയാഴ്ചയോടെ മിക്കയിടങ്ങളിലും മഞ്ഞുമൂടി. മഞ്ഞു വീഴ്ച ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. മഞ്ഞ് ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രമായ വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഗുല്‍മര്‍ഗിലും നല്ല മഞ്ഞ് ലഭിച്ചു. ഇവിടെ മഞ്ഞില്ലാത്തതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ടൂറിസ്റ്റുകള്‍ വന്‍തോതില്‍ തിരിച്ചു പോയിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളായ പഹല്‍ഗാം, സോന്‍മര്‍ഗ്, ധൂദ്പത്രി, ഗുറെസ്, മാച്ചില്‍, ഷോപിയാന്‍ എന്നിവിടങ്ങളിലും നല്ല മഞ്ഞുവീഴ്ചയുണ്ട്.

മഞ്ഞുവീഴ്ച ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പല റോഡുകളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. പീര്‍ കി ഗലിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രധാന റോഡായ മുഗള്‍ റോഡില്‍ ഗതാഗതം നിര്‍ത്തി. ശ്രീനഗര്‍-ലേ ദേശീയ പാതയും അടച്ചതായി അധികൃതര്‍ അറിയിച്ചു.

ഗുറെസ്, കര്‍നാ, ഷോപിയാന്‍, തുലൈല്‍ തുടങ്ങി കശ്മീര്‍ താഴ് വരയിലെ ഉയര്‍ന്ന മിക്ക പ്രദേശങ്ങളും മഞ്ഞുമൂടിയിരിക്കുകയാണ്. മുഗള്‍ റോഡിനു പുറമെ സിന്തന്‍ പാസ്, സധ്‌ന, റസ്ദാന്‍ പാസ്, സോജില തുടങ്ങി പ്രധാന മലയോര പാതകളില്‍ ചൊവ്വാഴ്ച വരെ മഞ്ഞുവീഴ്ച ശക്തമാകുമെന്നും ഗാതാഗത തടസ്സമുണ്ടാകുമെുന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീരിലെ നിരപ്പായ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയില്ല.

നീണ്ട കാത്തിരിപ്പിനൊടുവില്‍ മഞ്ഞുവീഴ്ച ആരംഭിച്ചത് ടൂറിസ്റ്റുകള്‍ക്കും കശ്മീരിലെ ജനങ്ങള്‍ക്കും വലിയ ആശ്വാസമായി. വിന്ററില്‍ മഞ്ഞ് ആസ്വദിക്കാനാണ് പ്രധാനമായും വിനോദ സഞ്ചാരികളെത്തുന്നത്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മഞ്ഞ് അപ്രത്യക്ഷമായതോടെ ടൂറിസ്റ്റുകളുടെ വരവില്‍ വലിയ ഇടിവുണ്ടായിരുന്നു. കശ്മീരിലെത്തിയ ടൂറിസ്റ്റുകള്‍ അധികം സമയം ചെലവിടാതെ വേഗത്തില്‍ തിരിച്ചുപോകുകയും ചെയ്തത് ടൂറിസം മേഖലയെ സാരമായി ബാധിച്ചിരുന്നു.

ഈ സീസണില്‍ കാര്യമായ മഞ്ഞ് ലഭിച്ചില്ലെങ്കില്‍ അത് കശ്മീരിലെ കൃഷിയേയും ജലസേചനത്തേയും
ബാധിക്കും. മഞ്ഞില്ലാത്തത് വരള്‍ച്ചാഭീതി സൃഷ്ടിച്ചിരുന്നു. ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞാണ് കശ്മീരില്‍ കുടിവെള്ള ലഭ്യതയും കൃഷിക്കാവശ്യമായ വെള്ളവും 19 പ്രധാന ജലവൈദ്യുതപദ്ധതികള്‍ക്ക് ആവശ്യമായ വെള്ളവും ഉറപ്പാക്കുന്നത്.

Legal permission needed