തിരുവനന്തപുരത്ത് നിന്ന് 75 കിലോമീറ്ററും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 65 കിലോമീറ്ററോളവും ദൂരത്തിലാണ് പ്രകൃതി രമണീയമായ തെന്മല വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കണ്ണിന് കുളിരേകുന്ന നിബിഡവനങ്ങളാലും ചെറു വെള്ളച്ചാട്ടങ്ങളാലും അനേകം സസ്യജന്തുജാലങ്ങളാലും അനുഗ്രഹീതമാണ് ഈ വനപ്രദേശം. ഇവിടെയാണ് ശെന്തുരുണി വന്യജീവി സങ്കേതം (Shendurney Wildlife Sanctuary) സ്ഥിതി ചെയ്യുന്നത്. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണിത്. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. തെന്മലയാണ് വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. ചെങ്കുറിഞ്ഞി (Gluta travancorica) എന്ന നിത്യഹരിത മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ശെന്തുരുണിപ്പുഴ, കഴുത്തുരുട്ടിപ്പുഴ, കുളത്തൂപ്പുഴ എന്നീ പുഴകൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൽവെച്ചാണ് സംഗമിക്കുന്നത്. ഇത് കല്ലടയാറായി ഒഴുകുന്നു. കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172.403 ച.കി.മീ വിസ്തീർണ്ണമുള്ളതാണ് ഈ വന്യജീവി സങ്കേതം. ഈ വനമേഖലയിൽ വിനോദ സഞ്ചാരികൾക്കായി മികച്ച അനുഭവങ്ങൾ നൽകുന്ന ഏതാനും താമസ സ്ഥലങ്ങളുമുണ്ട്. വനത്തിനുള്ളിൽ അന്തിയുറങ്ങാവുന്ന നാല് പ്രധാന കേന്ദ്രങ്ങളെ പരിചയപ്പെടാം.
എത്തിച്ചേരാനുള്ള വഴി
തെന്മല ഡാം ജംഗ്ഷനില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ശെന്തുരുണി ജലസംഭരണിയോട് ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ താമസസ്ഥലം. കുളത്തൂപ്പുഴ നിന്നും വരുമ്പോള്‍ റോഡിന് വലതു വശത്തായി കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കാവലുള്ള ഗേറ്റ് കടന്ന് രണ്ട് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. വന്യജീവി സങ്കേതത്തില്‍ത്തന്നെ വനാന്തര ഭാഗത്തുള്ളതും എന്നാല്‍ ബോട്ടിലും ‘ഫോര്‍വീല്‍ ഡ്രൈവുള്ള’ വാഹനങ്ങളിലും മാത്രം എത്തിച്ചേരാന്‍ കഴിയുന്നതുമായ മറ്റ് താമസ സൗകര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാറില്‍പ്പോലും ഇവിടെ അനായാസം എത്താമെന്നുള്ളതാണ് എടുത്തുപറയേണ്ടുന്ന ഒരു പ്രത്യേകത. വിശാലമായി പരന്നുകിടക്കുന്ന ജലസംഭരണിയുടെ ഉപരിതലത്തില്‍ ചെറുചലനങ്ങളും കുഞ്ഞോളങ്ങളും സൃഷ്ടിച്ച് മത്സ്യങ്ങള്‍ ശ്വാസമെടുത്ത് മുങ്ങുന്നതുകാണാം. ജലാശയത്തിന് അതിരിട്ടു നില്‍ക്കുന്ന പച്ചപ്പുനിറഞ്ഞ പശ്ചിമഘട്ടനിരകളും നയനാഭമായ കാഴ്ചയാണ്. മൂന്ന് ഡബിള്‍ റൂമുകളാണ് ഇവിടെയുള്ളത്. മുറിയൊന്നിന് 5000 രൂപ വീതമാണ് ഒരു ദിവസത്തേക്കുള്ള നിരക്ക്.
ബാംബൂ ഹട്ട്, കളംകുന്ന്
കളംകുന്നില്‍ നിന്നും ഏറെ അകലെയല്ലാതെ റിസര്‍വ്വോയറിലെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ചെറിയ ദ്വീപിലാണ് വൃക്ഷങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന, മുളന്തട്ടികള്‍ കൊണ്ട് പണി തീര്‍ത്ത രണ്ട് മുറികളുള്ള ‘ബാംബൂ ഹട്ട്’ സ്ഥിതി ചെയ്യുന്നത്. ബോട്ടിലൂടെയാണ് ഇവിടേയ്ക്കുള്ള യാത്ര. പക്ഷികളുടെ കളകൂജനങ്ങള്‍ മാത്രം കേള്‍ക്കുന്ന ഇവിടത്തെ അന്തരീക്ഷത്തില്‍ ചുറ്റിനും പരന്നുകിടക്കുന്ന ജലാശയത്തെ നോക്കിയിരിയങ്ങനെ ഇരിക്കുന്നത് വല്ലാത്ത ഒരനുഭൂതിയാണ്. ബോട്ടിലൂടെ എത്താവുന്ന ഇവിടെ ഒരു ദിവസത്തെ താമസത്തിന് രണ്ടുപേര്‍ക്ക് ആഹാരമുള്‍പ്പടെ 7500 രൂപയാണ് ഈടാക്കുന്നത്.
കുറുന്തോട്ടി വളവിലെ ഇരട്ട സൗധങ്ങള്‍
കട്ടിളപ്പാറ സെക്ഷനിലെ വനാന്തര്‍ ഭാഗത്തെ ഒരു ക്യാമ്പാണിത്. തെന്മല നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെ. കുളത്തൂപ്പുഴയ്ക്കുള്ള റോഡില്‍ ‘നടുവന്നൂര്‍ക്കടവ്’ എന്ന കവലയില്‍ നിന്ന് വഴി തിരിഞ്ഞാണ് പോകേണ്ടത്. രണ്ട് കെട്ടിടങ്ങളായി പണിതിരിക്കുന്ന ഇവിടെ പരമാവധി എട്ട് പേര്‍ക്ക് താമസിക്കാം. മൂന്ന് വശങ്ങളിലും അര്‍ദ്ധ-നിത്യഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട ഇതിന്റെ പിന്‍ഭാഗത്ത് ശെന്തുരുണി ജലസംഭരണിയാണ്. നടവഴിയില്‍ പലയിടത്തും വളര്‍ന്നുനില്‍ക്കുന്ന പശ്ചിമഘട്ട നിരകളില്‍ മാത്രം കാണുന്ന ഔഷധ സസ്യമായ ആരോഗ്യ പച്ചകള്‍ (Trychopus zeylanicus) കാണാം. കാണി വിഭാഗത്തിലെ ആദിവാസികള്‍ തളര്‍ച്ചയേയും ക്ഷീണത്തേയും ചെറുക്കുന്ന ഒറ്റമൂലിയായിക്കരുതുന്ന ഇത് ‘ജീവനി’ എന്ന ആയുര്‍വ്വേദ ഔഷധത്തിലും ഉപയോഗിച്ചുവരുന്നു. ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കൊണ്ട് സമൃദ്ധവുമാണ് ഇവിടം. ആഹാരവും യാത്രയുമുള്‍പ്പടെ രണ്ടുപേര്‍ക്ക് 7500 രൂപയാണ് ഒരു ദിവസത്തെ താമസത്തിനും യാത്രയ്ക്കുമായി വനം വകുപ്പ് ഈടാക്കുന്നത്.
റോസ് മല ഹെവന്‍
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പേരാണിന്ന് റോസ് മല. അവിടെ നടപ്പിലാക്കുന്ന, കാടിനുള്ളില്‍ താമസിക്കുന്നവരുടെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ് മുഖ്യമായും ഈ പേരിനു പിന്നില്‍. അതുപോലെ തന്നെ പ്രശസ്തമാണ് റോസ് മലയിലെ വ്യൂ ടവറും. തെന്മല നിന്നും 27 കിലോമീറ്ററോളം ഉള്ളിലാണ് ഈ സ്ഥലം. റോസ് മലയിലെ ‘പരപ്പാര്‍ വ്യൂ പോയിന്റ്’ എന്ന് പേരിട്ടിരിക്കുന്ന ‘വ്യൂ ടവര്‍’ യാത്രക്കാരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളിലാണ് കാട്ടിനുള്ളിലെ പള്ളിവാസലിലെ ‘റോസ് മല ഹെവന്‍’ എന്ന് പേരിട്ട താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാലുപേര്‍ക്ക് യാത്രയും താമസവും ആഹാരവുമുള്‍പ്പടെ 12000 രൂപയാണ് അവിടത്തെ നിരക്ക്. അധികം ആളൊന്നിന് 1500 രൂപ വീതവും. പരമാവധി എട്ട് പേര്‍ക്ക് വരെ തങ്ങാം.
ഇടുമുഴങ്ങാനിലെ പാറക്കൂട്ടങ്ങള്‍
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ റോസ് മലയും റോക്ക് വുഡ്ഡും പോലെതന്നെ ഏറ്റവും കൂടുതല്‍ വിനോദ യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒരിടമാണ് ഇടി മുഴങ്ങാന്‍ പാറ. ഇടുമുഴങ്ങാനിലെ പാറക്കൂട്ടങ്ങള്‍ മേഘഗര്‍ജ്ജനങ്ങളെ മാറ്റൊലികളാക്കി പുറത്തുവിടുമെന്നാണ് പറയപ്പെടുന്നത്. ഒരു മണിക്കൂറോളം സമയമെടുത്ത് 18 ചതുരശ്ര കിലേമീറ്ററിനുമേല്‍ വരുന്ന ശെന്തുരുണിയിലെ ജലസംഭരണിയിലൂടെയുള്ള യാത്ര നല്‍കുന്ന ആവേശമാണ് അതിനുപിന്നില്‍. റിസര്‍വ്വോയറിന്റെ കരയില്‍ പുല്ല് തിന്നാനും വെള്ളം കുടിക്കാനുമായെത്തുന്ന സസ്യഭുക്കുകളായ കാട്ടുമൃഗങ്ങളെ കാണാനുള്ള സാധ്യത ഏറെയാണ്. താമസിക്കുന്ന കെട്ടിടത്തിനടുത്തുള്ള വെള്ളച്ചാട്ടത്തിലെ കുളിയും അതുപോലെതന്നെ ഏടുത്തുപറയേണ്ടുന്ന ഒന്നാണ്. പരമാവധി എട്ടുപേര്‍ക്കുവരെ തങ്ങാനാകും. മൊബൈല്‍ റേഞ്ച് അപൂര്‍വ്വം ചില പോയിന്റുകളില്‍ മാത്രമേ കിട്ടുകയുള്ളൂ. നാലുപേര്‍ക്ക് യാത്രയും താമസവും ആഹാരവുമുള്‍പ്പടെ 15000 രൂപയാണ് നിരക്ക്. അധികം ആളൊന്നിന് 2000 രൂപ.
ബോട്ടിങ്ങും കുട്ട വഞ്ചി സവാരിയും ജംഗിള്‍ സഫാരിയും ട്രക്കിങ്ങും
അര മണിക്കൂറും ഒരു മണിക്കൂറും ദൈര്‍ഘ്യമുള്ള ബോട്ടിങ്ങും കുട്ട വഞ്ചി സവാരിയും കാട്ടിനകത്തേയ്ക്കുള്ള ജംഗിള്‍ സഫാരിയും ട്രക്കിങ്ങും ഒക്കെ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ഇക്കോ ടൂറിസം പ്രോഗ്രാമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വനം വികസന സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇക്കോടൂറിസം പ്രോഗ്രാമുകളില്‍ നിന്നുള്ള വരുമാനം ഏതാണ്ട് മുഴുവനും തന്നെ തദ്ദേശീയരായ ജനങ്ങള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനുമായാണ് ചെലവഴിക്കുന്നത്.
സുരക്ഷ ഉറപ്പ്
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ എല്ലാ ക്യാമ്പ് ഷെഡ്ഡുകളിലും ആനക്കിടങ്ങുകളും സോളാര്‍ കമ്പിവേലികളും തീര്‍ക്കുന്ന പൂര്‍ണ്ണ സുരക്ഷയ്ക്കുള്ളിലാണ് ടൂറിസ്റ്റുകളുടെ താമസം. തന്നെയുമല്ല കാടിനെ അറിയുന്ന, മൃഗങ്ങളുടെ പ്രകൃതവും സ്വഭാവവും മനസ്സിലാക്കുന്ന അനുഭവസമ്പന്നരായ ഗൈഡുകളുടെ സാന്നിധ്യവും അകമ്പടിയും ഉണ്ടാകും. എല്ലായിടത്തേയ്ക്കും ഉച്ചയ്ക്കു ശേഷം തുടങ്ങുന്ന യാത്ര പിറ്റേന്ന് ഉച്ചഭക്ഷണത്തോടുകൂടിയാണ് അവസാനിക്കുന്നത്. താമസ സ്ഥലത്തിനടുത്തുള്ള വനാന്തരങ്ങളിലേയ്ക്ക് നടത്തുന്ന ട്രെക്കിംഗ് എല്ലാ യാത്രകളുടേയും അവിഭാജ്യ ഘടകവുമാണ്.
ബുക്കിങ്: keralaforestecotourism.com എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യണം. സഹായത്തിനായി ശെന്തുരുണി വന്യജീവി സങ്കേതത്തിലെ 8547602943, 8547602937, 9048789779 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.