ഷാര്‍ജ. വിശുദ്ധ റമദാന്‍ മാസത്തിലെ അവസാന 10 ദിവസങ്ങളില്‍ ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാക്കി. റമദാനില്‍ പ്രവേശന സമയത്തിലും മാറ്റമുണ്ട്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രണ്ടു മണി വരേയും രാത്രി ഒമ്പത് മണി മുതല്‍ 11 മണി വരേയുമാണ് പ്രവേശനം.
എഡി ഏഴാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ ഇസ്ലാമിക നാഗരികതയേയും സംസ്‌കാരിക പൈതൃകത്തേയും അടയാളപ്പെടുത്തുന്ന അയ്യായിരത്തോളം കരകൗശല വസ്തുക്കളും ഉപകരണങ്ങളും ഗ്രന്ഥങ്ങളുമാണ് ഈ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. വിവിധ കാലഘട്ടങ്ങള്‍ക്കായി ആറ് സവിശേഷ ഗാലറികള്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ഇസ്ലാമിക കലാ, സാംസ്‌കാരിക ശേഷിപ്പുകളുടെ വന്‍ ശേഖരം തന്നെ ഇവിടെയുണ്ട്.
ഇസ്ലാമിക സംസ്‌കാരം, കല, ശാസ്ത്രം, കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവയെ അടുത്തറിയാനും പഠിക്കാനും ഈ മ്യൂസിയം സൗകര്യമൊരുക്കുന്നു. മ്യൂസിയത്തില്‍ ഏഴ് വിശാല ഗാലറികളും ഡിസ്‌പ്ലേ ഏരിയയുമുണ്ട്. അബുബക്ര്‍ ഗാലറി ഓഫ് ഇസ്ലാമിക ഫെയ്ത്ത്, ഇബ്‌ന് ഹൈത്തം ഗാലറി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, 4 ഇസ്ലാമിക് ആര്‍ട് ഗാലറികള്‍, ഇസ്ലാമിക് കോയിന്‍ ഡിസ്‌പ്ലേ, അല്‍ മജര്‍റ ടെംപററി എക്‌സിബിഷന്‍ ഗാലറി എന്നിവ ഉല്‍പ്പെട്ടതാണ് ഈ മ്യൂസിയം. ലോകോത്തര എക്‌സിബിഷനുകളും വര്‍ഷത്തില്‍ രണ്ടു തവണ ഇവിടെ നടന്നു വരുന്നു.