പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 17ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ നടത്താൻ തീരുമാനം.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഇന്നലെയും ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് അരിക്കൊമ്പൻ തകർത്തു. കോളനിയിലെ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.
ജി പി എസ് കോളർ എത്തിക്കും
അതേസമയം അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജി പി എസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറാൻ അനുമതി ലഭിച്ചു. അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ അസ്സമിലെത്തി കോളർ കൈപ്പറ്റും. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചാൽ ഉടൻ ഉദ്യോഗസ്ഥൻ പുറപ്പെടും. നാളെ കോളർ എത്തിക്കാനാണ് സാധ്യത. അതിന് ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. കോടതി നിർദേശപ്രകാരമായിരിക്കും എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.