കാന്തല്ലൂര്‍ വിളിക്കുന്നു; പാകമായ പീച്ച് പഴങ്ങൾ കാണാന്‍

മറയൂര്‍: സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നാണ് ശർക്കരയുടെ നാടായ മറയൂരും പഴങ്ങളുടെ നാടായ കാന്തല്ലൂരും. ഇപ്പോൾ കാന്തല്ലൂരിൽ പീച്ച് പഴങ്ങൾ പാകമായി നിൽക്കുകയാണ്. വേനൽക്കാലത്ത് ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴങ്ങളുടെ സീസൺ ഡിസംബർ വരെയാണ്‌. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾകൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിലാണ്‌ പഴുക്കുന്നത്. പച്ചയും ചുവപ്പും കലർന്ന നിറത്തിലുള്ള പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകൾക്ക് സമാന രീതിയിൽ നിറഞ്ഞുനിൽക്കുന്നത് ആകർഷകമാണ്‌. കാന്തല്ലൂർ, ഗൃഹനാഥപുരം, കുളച്ചിവയൽ, പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായത്.

പീച്ചിന്‍റെ വിവിധയിനങ്ങൾ കാന്തല്ലൂരിലെ തോട്ടങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് അംഗമായ പി ടി തങ്കച്ചന്‍റെ പഴത്തോട്ടത്തിൽ മാംഗോ പീച്ച്, ആപ്പിൾ പീച്ച് എന്നിവ ഉൾപ്പെടെ അമ്പതിലധികം മരങ്ങളുണ്ട്‌. ആപ്പിളിന്‍റെ സമാനനിറമുള്ള ആപ്പിൾ പീച്ചിന്‌ ഡിമാൻഡും കൂടുതലാണ്‌. ഈ പീച്ച് സാധാരണ കാലാവസ്ഥയിൽ രണ്ട് മാസത്തിലധികം കേട് വരാതെ ഇരിക്കും. ആപ്പിൾ പീച്ചിന്‌ കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വില ലഭിക്കുമെന്നും സാധാരണ പീച്ചിന് 300 രൂപ വരെ ലഭിക്കുമെന്നും തങ്കച്ചൻ പറയുന്നു. പീച്ചുൾപ്പെടെയുള്ള ഫലവർഗങ്ങൾ കൊളോണിയൽ കാലത്ത്‌ സായിപ്പുമാരാണ്‌ കൃഷിചെയ്‌തത്‌.

Read More I ശർക്കര മധുരമൂറും മറയൂർ ഗ്രാമം

കുളച്ചിവയലിലുള്ള തങ്കച്ചന്‍റെ തോട്ടം കാണാൻ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു പീച്ച് മരത്തിൽ നിന്ന്‌ ശരാശരി 25 കിലോഗ്രാം പീച്ച് മുതൽ 50 വരെ ലഭിക്കാറുണ്ട്. വിനോദസഞ്ചാരികൾ എത്തിത്തുടങ്ങുമ്പോൾ തന്നെ പീച്ച് പഴങ്ങൾ പാകമായത് വിനോദസഞ്ചാര മേഖലക്കും ഗുണകരമാണ്‌. തോട്ടത്തിലെത്തുന്ന സഞ്ചാരികൾ ഫ്രഷായി വാങ്ങും. പീച്ചിന്‍റെ സമൃദ്ധിക്കൊപ്പം മേയ്, ജൂൺ കാലയളവിൽ പ്ലം, ബ്ലാക്‌ബറി പഴങ്ങളുടെ കാലമാണ്. ജൂലൈ മുതൽ ആഗസ്റ്റ് അവസാനം വരെ ആപ്പിൾ കാലമാണ്‌. പിന്നീട് ശൈത്യകാലത്ത് ഓറഞ്ചും പാഷൻ ഫ്രൂട്ടും ഡിസംബർ അവസാനം വരെ മാധുര്യം പകരും.

അവധികാലമായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികൾ കാന്തല്ലൂരിലേക്കും മറയൂരിലേക്കും എത്തുന്നുണ്ട്. പഴങ്ങളും ശർക്കരയും കൂടാതെ നിരവധി വ്യൂ പോയിന്‍റുകളും വെള്ളച്ചാട്ടങ്ങളും ഷൂട്ടിംഗ് പോയിന്‍റുകളും ഇവിടെയുണ്ട്. പാലക്കാട് – പൊള്ളാച്ചി- അണ്ണാമലൈ – ചിന്നാർ കാട് വഴി മറയൂരിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്. കാനനക്കാഴ്ചകളാണ് ഈ റൂട്ടിനെ വ്യത്യസ്തമാക്കുന്നത്.

One thought on “കാന്തല്ലൂര്‍ വിളിക്കുന്നു; പാകമായ പീച്ച് പഴങ്ങൾ കാണാന്‍

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed