വെറും 400 രൂപയ്ക്ക് 5 മണിക്കൂര്‍ കായല്‍ യാത്ര; വേഗ ബോട്ടിലെ SEE KUTTANAD പാക്കേജിനെ കുറിച്ച് അറിയാം

see kuttanad trip updates

SEE KUTTANAD. കുട്ടനാടന്‍ ദൃശ്യഭംഗി ആസ്വദിക്കാന്‍ കുറഞ്ഞ ചെലവിലൊരു ബോട്ട് യാത്രയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? എങ്കില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ചറിയേണ്ട അതിമനോഹര കായല്‍ യാത്രയാണ് ജലഗതാഗത വകുപ്പ് ഒരുക്കുന്ന സീ കുട്ടനാട് ടൂറിസം സര്‍വീസ്. വേഗ-2 ബോട്ടില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന ഈ യാത്ര ഏറ്റവും മികച്ച ബജറ്റ് ടൂറിസം ബോട്ട് സര്‍വീസുകളിലൊന്നാണ്. സ്വകാര്യ ബോട്ടുകളില്‍ ചുരുങ്ങിയ സമയം യാത്ര ചെയ്യുന്നതിന് കൂടിയ നിരക്ക് നല്‍കേണ്ടി വരുമ്പോള്‍ വെറും 400 രൂപയാണ് വേഗ ബോട്ട് യാത്രയുടെ നിരക്ക്. എ.സി യാത്ര വേണമെങ്കില്‍ 600 രൂപയും.

ഒരു ട്രിപ്പില്‍ 100 പേര്‍ക്കാണ് അവസരം. എസി ക്യാബിനില്‍ 40 പേര്‍ക്കും നോണ്‍ എസിയില്‍ 60 പേര്‍ക്കും യാത്ര ചെയ്യാം. ആലപ്പുഴയില്‍ നിന്ന് എല്ലാ ദിവസവും രാവിലെ 11 മണിക്ക് യാത്ര ആരംഭിക്കും. അഞ്ച് മണിക്കൂര്‍, 54 കിലോമീറ്ററിലേറെ ദൂരം കായലിലൂടെ ചുറ്റിയടിച്ചും, അതിനിടയിലെ പ്രധാന കാഴ്ചകള്‍ കണ്ടും വൈകീട്ട് 4ന് തിരിച്ചെത്തും. യാത്രയ്ക്കിടയില്‍ വേമ്പനാട്ടു കായല്‍ മധ്യത്തിലെ പാതിരാമണല്‍ തുരുത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇറങ്ങുകയും ചെയ്യാം. ദേശാടന പക്ഷികളുടെ പ്രധാന സങ്കേതമായ ഈ കൊച്ചു ദ്വീപില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അര മണിക്കൂര്‍ ചെലവിടാം. പുന്നമട ഫിനിഷിങ് പോയിന്റ്, മാര്‍ത്തണ്ഡം കായല്‍, സീ ബ്ലോക്ക്, കുപ്പപ്പുറം വഴിയാണ് ഈ യാത്ര കടന്നു പോകുന്നത്. യാത്രയില്‍ ബോട്ടില്‍ തന്നെ ഉച്ചഭക്ഷണവും ലഭിക്കും. കുടുംബ ശ്രീ ഒരുക്കുന്ന ഉച്ച ഭക്ഷണം, ചായ, സ്‌നാക്‌സ് എന്നിവയുടെ നിരക്ക് ടിക്കറ്റില്‍ ഉള്‍പ്പെടില്ല. ഈ ചെലവ് യാത്രക്കാര്‍ സ്വന്തമായി വഹിക്കണം.

SEE KUTTANAD TRIP UPDATES

നാലു വര്‍ഷമായി തുടരുന്ന സീ കുട്ടനാട് ടൂറിസം ബോട്ട് യാത്ര വലിയ വിജയമാണ്. എല്ലാ ദിവസവും മുഴുവന്‍ സീറ്റിനും ബുക്കിങ് ലഭിക്കുന്നുണ്ട്. അവധി ദിവസങ്ങളാണെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ സീറ്റ് ലഭിക്കില്ല. മികച്ച ലാഭം കൊയ്യുന്ന സര്‍വീസ് കൂടിയാണിത്. നിരവധി വിദേശികളും വേഗ-2 ബോട്ട് യാത്ര ആസ്വദിക്കാനെത്തുന്നുണ്ട്.

സംഘങ്ങളായി എത്തുന്നവര്‍ക്ക് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാം. ചുരുങ്ങിയത് 10 പേരുണ്ടെങ്കില്‍ ഗ്രൂപ്പ് ബുക്കിങ് സ്വീകരിക്കും. ഗ്രൂപ്പ് ബുക്കിങ്ങിന് മൊത്തം നിരക്കിന്റെ 25 ശതമാനം മുന്‍കൂര്‍ ആയി അടക്കേണ്ടതുണ്ട്. ഇത് ജലഗതാഗത വകുപ്പിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍ഫറായാണ് ചെയ്യേണ്ടത്. പേമെന്റ് ആപ്പുകള്‍ വഴിയോ, യുപിഐ, ക്യു ആര്‍ കോഡ് വഴിയോ പേമെന്റ് സ്വീകരിക്കില്ല.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 94000 50325

Legal permission needed