തിരുവനന്തപുരം. KSRTC ബസുകൾ ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാണെങ്കിലും സംസ്ഥാനം ഇളവ് നൽകിയതായിരുന്നു. ഈ ഇളവ് സെപ്തംബർ മുതൽ അവസാനിപ്പിക്കും. സീറ്റു ബെൽറ്റില്ലാത്ത വാഹനങ്ങളിൽ അത് ഘടിപ്പിക്കുന്നതിനാണ് സെപ്തംബർ വരെ സമയം അനുവദിച്ചത്.
ഗാതഗത നിയമ ലംഘനങ്ങൾ പിടിക്കാൻ പുതുതായി സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ഇവയുടെ പ്രവർത്തനം മന്ത്രി വിലയിരുത്തി. നിയമ ലംഘനം നടത്തിയവർക്ക് പിഴ ചലാനുകൾ അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്താൻ കെൽട്രോണിന് നിർദേശം നൽകി. എൻഐസിയുടെ തകരാറ് കാരണം ഏതാനും ദിവസങ്ങളായി ചലാനുകൾ അയക്കാൻ കഴിഞ്ഞിരുന്നില്ല. വിഐപി വാഹനങ്ങളെ നിയമ ലംഘനങ്ങളിൽ നിന്ന് ഒഴിവാക്കരുതെന്നും മന്ത്രി നിർദേശം നൽകി.
ജൂൺ അഞ്ച് മുതൽ എട്ട് വരെ 3,57,730 നിയമ ലംഘനം എഐ ക്യാമറകൾ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. 80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10,457 പേർക്ക് നോട്ടീസ് അയച്ചു. 19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6,153 പേർ ഹെൽമെറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തി. മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്ത 7,896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.