തിരുവനന്തപുരം. സംസ്ഥാനത്തെ തീരങ്ങളിൽ അടുത്ത 52 ദിവസത്തേക്ക് ട്രോളിങ് നിരോധിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ നിലവിൽവരും. ഇതോടെ ജൂലൈ 31 വരെ യന്ത്ര ബോട്ടുകളുപയോഗിച്ചുള്ള മത്സ്യബന്ധനം നിർത്തിവെക്കും. കേരള തീരത്ത് 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. സംസ്ഥാനത്ത് 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. അതേസമയം, സുരക്ഷാ, കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിച്ച് പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മത്സ്യബന്ധനം നടത്താം. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. ഇനി ബോട്ടുകളുടേയും മീൻപിടുത്ത ഉപകരണങ്ങളുടേയും അറ്റക്കുറ്റപ്പണികളുടെ കാലമാണ്. വരുമാനമില്ലാത്ത സമയത്ത് ഭീമമായ ചെലവുകളാണ് ബോട്ടുടമകൾക്ക് ഉണ്ടാകുക.
കാലവർഷം കേരളത്തിൽ വ്യാഴാഴ്ച എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചു. ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.