കൊച്ചി. കൊച്ചി മെട്രോ (Kochi Metro) പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷം പിന്നിടുകയാണ്. ഇത്തവണ പിറന്നാള്‍ യാത്രക്കാരോടൊപ്പം വലിയ ആഘോഷമാക്കി മാറ്റാനാണു പ്ലാന്‍. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് ഇളവുകളും ഓഫറുകളും മത്സരങ്ങളുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്. ജൂണ്‍ 17 ആണ് കൊച്ചി മെട്രോയുടെ പിറന്നാള്‍. ഈ ദിവസം 20 രൂപയ്ക്ക് യാത്ര ചെയ്യാം. 10 രൂപ ടിക്കറ്റ് അതു പോലെ ഉണ്ടാകും. എന്നാല്‍ 30, 40, 50, 60 രൂപാ ടിക്കറ്റുകള്‍ക്കു പകരം എല്ലാ യാത്രകള്‍ക്കും 20 രൂപ ടിക്കറ്റായിരിക്കും. ഈ ദിവസം തന്നെ വൈറ്റില മെട്രോ സ്റ്റേഷനില്‍ ബോബനും മോളിയും എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ചിത്രരചനാ മത്സരവും 15 വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചെസ് മത്സരവും സംഘടിപ്പിക്കും.
ശനിയാഴ്ച ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ബോര്‍ഡ് ഗെയിമുകള്‍ നടന്നു. 11 മുതല്‍ 17 വരെ ആലുവ, കളമശ്ശേരി, പാലാരിവട്ടം, കലൂര്‍, എം ജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേകോട്ട, സ്റ്റേഷനുകളില്‍ കുടുംബശ്രീ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. 17ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ റെസിഡന്‍സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക് പ്രദര്‍ശന വില്‍പ്പന മേള സംഘടിപ്പിക്കും.
ഞായറാഴ്ച കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ചെസ് മത്സരം നടത്തും. 15ന് മെട്രോ ട്രെയ്‌നുകളില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാരുടെ കാരികേച്ചറുകള്‍ വരച്ചു സമ്മാനിക്കും. 16ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കും. വൈറ്റില സ്റ്റേഷനില്‍ ജൂണ്‍ 22 മുതല്‍ 25 വരെ ഫ്‌ളവര്‍ ആന്റ് മാംഗോ ഫെസ്റ്റും സംഘടിപ്പിക്കും.