ഷിംലയിലെ രാഷ്ട്രപതി നിവാസ് ഏപ്രില്‍ 23 മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ഷിംല: ഇന്ത്യന്‍ രാഷ്ട്രപതിയുടെ അവധിക്കാല വസതികളിലൊന്നായ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ രാഷ്ട്രപതി നിവാസ് ഇനി പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. ഏപ്രില്‍ 23 മുതലാണ് പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി നിവാസ് സന്ദര്‍ശിക്കാനാവുക. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനും ഷിംലയിലും സെക്കന്തരാബാദിലുമുള്ള ഔദ്യോഗിക വസതികളും എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രപതി തന്നെയാകും കെട്ടിടം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. കെട്ടിടം സന്ദര്‍ശിക്കാന്‍ എത്തുന്നവരില്‍ നിന്ന് ചെറിയ ടിക്കറ്റ് ഈടാക്കും. ഇന്ത്യക്കാര്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 250 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. എല്ലാ തിങ്കളാഴ്ചയിലും സര്‍ക്കാര്‍ അവധി ദിനങ്ങളിലും രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്തും ഒഴികെയുള്ള ദിവസങ്ങള്‍ക്കായിരിക്കും രാഷ്ട്രപതി നിവാസില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. പ്രധാന കെട്ടിടവും ഡൈനിംഗ് ഹാളും കരകൗശല വസ്തുക്കളും ഉള്‍പ്പടെയുള്ളവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പുല്‍ത്തകിടില്‍ സ്ഥിതി ചെയ്യുന്ന പരമ്പരാഗത യൂറോപ്യന്‍ ശൈലിയിലുള്ള കെട്ടിടം അതിമനോഹരമാണ്. ട്യുലിപ്പ് പൂക്കള്‍ നിറഞ്ഞ പൂന്തോട്ടവും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കും.

ബുക്കിംഗ്

രാഷ്ട്രപതി നിവാസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാഷ്ട്രപതിഭവന്‍ ഒഫിഷ്യല്‍ വെബ്സൈറ്റ് വഴി ഏപ്രില്‍ 15 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed