കാസർകോട്. മൺസൂൺ മന്ദം മന്ദമാണ് വന്നതെങ്കിലും കാസർകോട് ജില്ലയിലെ റാണിപുരം കുന്നുകൾ പച്ചപ്പണിഞ്ഞ് അതിമനോഹരിയായി മാറിയിരിക്കുന്നു. കോടമഞ്ഞ് പുതച്ചും പച്ചപ്പണിഞ്ഞും മൺസൂൺ സന്ദർശകരെ മാടിവിളിക്കുന്ന റാണിപുരം കുന്നുകൾ കയറാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്. മൺസൂൺ ടൂറിസം സീസൺ തുടങ്ങിയതു മുതൽ ഇവിടെ സന്ദർശകരുടെ തിരക്ക് വർധിച്ചു. വരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങൾക്കു പുറമെ മറ്റു ദിവസങ്ങളിലും ഇപ്പോൾ ഏറെ പേർ എത്തുന്നുണ്ട്. മുൻ വർഷങ്ങളിലെല്ലാം അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ളവരായിരുന്ന ഇവിടെ എത്തിയ ഏറിയ പങ്ക് വിനോദ സഞ്ചാരികളും.
മൺസൂൺ ആസ്വദിച്ചുള്ള ട്രക്കിങും മഴ നടത്തവുമാണ് ഈ സീസണിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആക്ടിവിറ്റികൾ. സുരക്ഷിത ട്രക്കിങിന് പറ്റിയ ഇടമായതിനാൽ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഏറേ പേർ കുടുംബ സമേതം ട്രക്കിനായി എത്തുന്ന ഇടം കൂടിയാണിത്. വനിതകൾ മാത്രം ഉൾപ്പെട്ട ടൂറിസ്റ്റ് സംഘങ്ങളും ഇവിടെ പതിവായി എത്തുന്നുണ്ട്. സ്വതന്ത്രവും സുരക്ഷിതവുമായി എത്താവുന്ന വിനോദ സഞ്ചാരകേന്ദ്രമെന്ന പേരും റാണിപുരത്തിനുണ്ട്.
വനസംരക്ഷണ സമിതിയുടെ വാച്ചർമാരാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്. ആവശ്യമായ സഹായങ്ങൾക്ക് വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും മലമുകളിലുണ്ടാകും. റാണിപുരത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ പാറയിൽ മഴക്കാലത്ത് വഴുതൽ ഉള്ളതിനാൽ മുകളിൽ കയറുന്നത് സഞ്ചാരികൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
രാവിലെ എട്ടു മണി മുതൽ വനം വകുപ്പ് കൗണ്ടറിൽ നിന്നും ടിക്കറ്റ് വിതരണം ആരംഭിക്കും. വൈകിട്ട് 5.30 ആണ് തിരിച്ചിറങ്ങാനുള്ള സമയം. റാണിപുരത്ത് എത്തുന്നവർക്ക് താമസിക്കാൻ ഡിടിപിസി ക്വാർട്ടേഴ്സ് ഉണ്ട്. കൂടാതെ നിരവധി സ്വകാര്യ ക്വാർട്ടേഴ്സുകളിലും താമസ, ഭക്ഷണ സൗകര്യം ലഭ്യമാണ്. ഡിടിപിസി ക്വാർട്ടേഴ്സ് ഫോൺ നമ്പർ: 0467 2227755.
കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും നിറഞ്ഞ ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ആന, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം.
4 thoughts on “മഞ്ഞിലും മഴയിലും അണിഞ്ഞൊരുങ്ങി റാണിപുരം; മൺസൂണിൽ സന്ദർശിച്ചിരിക്കേണ്ട ഇടം”
Comments are closed.