ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ ഒരു ആഗോള ഉത്സവമായി മാറിയതോടെ ഈ കൊച്ചു രാജ്യത്തേക്കുള്ള യാത്രാ ചെലവുകളും കുത്തനെ ഉയര്‍ന്നു. ദോഹയിലേക്കുള്ള വിമാനങ്ങളിലൊന്നിലും സീറ്റുകള്‍ ലഭ്യമല്ലെങ്കിലും ഫുട്‌ബോള്‍ ഫാന്‍സ് തിരക്കിട്ട യാത്രയ്ക്ക് കുറുക്കുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ നിരക്കിന്റെ അഞ്ചിരട്ടി വരെ അധികം നല്‍കി ദോഹയിലേക്കു പറക്കാനും ഇവര്‍ തയാറാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഫാന്‍സുകളുടെ ഗ്രൂപ്പ് ബുക്കിങ് അന്വേഷണങ്ങള്‍ വര്‍ധിച്ചതായി ദല്‍ഹിയില്‍ ട്രാവല്‍ കമ്പനി നടത്തുന്ന ഷാദ് സിദ്ദീഖി പറയുന്നു. രാജ്യത്തിന്റെ പലഭാഗത്തു നിന്നും നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സാധാരണ നാലു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഖത്തറിലേക്കുള്ള ടൂറിന് ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതമാണ് ചെലവ് വരുന്നത്. ലോകകപ്പ് സീസണില്‍ ഇത് ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ എത്തിയിരിക്കുന്നു. കളി കാണാനുള്ള ടിക്കറ്റ് ഉള്‍പ്പെടാത്ത ചെലവാണിത്. വരും ദിവസങ്ങളില്‍ ഇതിലും ചെലവേറുമെന്നും ഷാദ് പറയുന്നു.
സെപ്തംബര്‍ മാസം മുതലാണ് ഖത്തറിലേക്കുള്ള യാത്രാ ബുക്കിങ്ങിലും അന്വേഷണങ്ങളിലും വര്‍ധന തുടങ്ങിയത്. ഒക്ടോബറില്‍ 30 ശതമാനം വരെ വര്‍ധന ഉണ്ടായി. കോവിഡിന് മുമ്പുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ദോഹയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ മൂന്നിരട്ടിയാണ് വര്‍ധന. വിമാനങ്ങളിലെല്ലാം സീറ്റ് ബുക്കിങ് ഫുള്‍ ആണ്. ഇതോടൊപ്പം ദോഹയിലെ ജീവിത, താമസ ചെലവുകളിലും ആനുപാതിക വര്‍ധന ഉണ്ടാകുന്നുണ്ടെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായ ഭരത് മാലിക് പറയുന്നു.