വിമാനങ്ങളില്‍ സീറ്റില്ല; ദോഹയിലേക്ക് കുറുക്കു വഴി തേടി ഫുട്‌ബോള്‍ ഫാന്‍സ്

ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടുത്തതോടെ ദോഹയിലേക്കുള്ള ഏതാണ്ട് എല്ലാ വിമാനങ്ങളിലും സീറ്റുകള്‍ പൂര്‍ണമായും വിറ്റു തീര്‍ന്നു. ബുക്കിങ് ഫുള്‍ ആയതോടെ ദോഹയിലെത്താന്‍ വഴി തേടുന്ന ഫുട്‌ബോള്‍ ഫാന്‍സിനു മുമ്പില്‍ പല കുറുക്കുവഴികളും തെളിയുന്നു. ദോഹയിലേക്ക് നേരിട്ടുള്ള വിമാനങ്ങളിലെ ബിസിനസ് ക്ലാസ് ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു. മറ്റു ക്ലാസുകളില്‍ നിരക്ക് 40 ശമതാനം വരെ വര്‍ധിച്ചിട്ടും ഏതാണ്ടെല്ലാം വിറ്റുപോയി. ചാര്‍ട്ടര്‍ വിമാനസര്‍വീസുകള്‍ പോലും വേണ്ടത്ര ലഭ്യമല്ലെന്നാണ് റിപോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ക്ക് അപ്രതീക്ഷിത ഡിമാന്‍ഡ് ആണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം അയല്‍ രാജ്യങ്ങള്‍ വഴി ദോഹയിലെത്താനുള്ള വഴികള്‍ ഫാന്‍സിനു മുമ്പിലുണ്ട്. ദുബയ് അല്ലെങ്കില്‍ മസ്‌കത്ത് വഴി ദോഹയിലെത്താമെന്നതാണ് ഒരു വഴി. ഫിഫയുടെ ടിക്കറ്റ് കൈവശമുള്ളവര്‍ക്കു മുമ്പിലുള്ള ഒരു കുറുക്കുവഴിയാണിത്. മാച്ച് ദിവസങ്ങളില്‍ ദുബയില്‍ നിന്നും മസ്‌കത്തില്‍ നിന്നുമുള്ള ഷട്ട്ല്‍ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഫാന്‍സിന് ദോഹയിലെത്താം. 24 മണിക്കൂറിനുള്ളില്‍ തിരികെ ദുബയിലോ മസ്‌കത്തിലോ തിരിച്ചെത്തുകയും വേണം. 10000 രൂപ മുതല്‍ 32600 രൂപ വരെയാണ് ഈ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കെന്ന് ഗുഡ്ഗാവില്‍ ട്രാവല്‍ ബിസിനസ് നടത്തുന്ന ആകാശ് റസ്‌തോഗി പറയുന്നു. നിയമപരമായ രേഖകളും അനുമതികളും കൈവശമുള്ളവര്‍ക്ക് യുഎഇയിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗവും ദോഹയിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed