ഗവി യാത്ര സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാരമാണ്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ (KFDC) ഇക്കോ ടൂറിസം പ്രൊജക്ടുകളിൽ ഏറ്റവും മികച്ചതാണ് ഗവി (Gavi). പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഗവി സമുദ്രനിരപ്പിൽ നിന്നും 3400 അടി മുകളിലായതിനാൽ എല്ലായ്പോഴും തണുത്ത കാലാവസ്ഥയാണിവിടെ. സുന്ദരമായ കാട്, പുൽമേട്, മൊട്ടക്കുന്നുകൾ, കളകളാരവത്തോടെ ഒഴുകുന്ന കാട്ടരുവികൾ… എല്ലാം സമ്മേളിക്കുന്ന ഗവിയിൽ കാട്ടുമൃഗങ്ങളും ധാരാളമുണ്ട്. ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്.
ഗവിയിലെത്തിയാല്‍ കേരള വനം വികസന കോര്‍പ്പറേഷന്റെ എക്കോലോഡ്ജായ ‘ഗ്രീന്‍ മാന്‍ഷന്‍’ നിങ്ങള്‍ക്ക് മാതൃനിര്‍വ്വിശേഷമായ സംരക്ഷണവും ആതിഥ്യവും നല്‍കും. ഗ്രീന്‍ മാന്‍ഷനില്‍ നിന്നു നോക്കിയാല്‍ ഗവി തടാകവും ചേര്‍ന്നുള്ള വനങ്ങളും കാണാം. അല്ലെങ്കില്‍ മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലും പരീക്ഷിക്കാം. പരിശീലനം ലഭിച്ച ഗൈഡുകള്‍ക്കൊപ്പം കാടിനകത്ത് ട്രെക്കിംഗിനും പോകാം.
ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗവി ഒരു അഭയസ്ഥാനമാണ്. അല്ലെങ്കില്‍ ഗവി തടാകത്തില്‍ വള്ളം തുഴയാം, സൂര്യാസ്തമനം കണ്ടിരിക്കാം. സാധാരണയായി സസ്യഭക്ഷണമാണ് ഒരുക്കുക, ഒപ്പം ചെറുകടികളും കിട്ടും. വനാനുഭവത്തിനൊപ്പം സസ്യഭക്ഷണം സന്ദര്‍ശകരെ പുത്തനൊരു അനുഭൂതിയിലേക്കുയര്‍ത്തും.
കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ (ഇവയുടെ മൂന്നിനങ്ങള്‍ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും സ്വര്‍ഗ്ഗമാണ് ഇവിടം.
രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്. കാടിനകത്ത് ക്യാമ്പ് ചെയ്യാന്‍ ഗവിയില്‍ അനുവാദമുണ്ട്. ഇന്ത്യയില്‍ പല വനമേഖലകളിലും അനുവദനീയമല്ല ഇത്. ഔദ്യോഗിക വഴികാട്ടികള്‍ക്കൊപ്പം, കാട്ടിനുള്ളിലേക്കു പോവുകയേ വേണ്ടൂ. സന്ധ്യ രാത്രിയുടെ ഏകാന്തതയ്ക്കു വഴിമാറുമ്പോള്‍ ടെന്റിനു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം സന്ദര്‍ശകര്‍ക്കു അവിസ്മരണീയമായ അനുഭവമാകും. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളിലും താമസ സൗകര്യങ്ങളുണ്ട്.
ഗവി പാക്കേജ്
24 മണിക്കൂർ സമയത്തേയ്ക്കും പകൽ സമയത്തേയ്ക്കു മാത്രമായും പ്രത്യേക പാക്കേജുകളുണ്ട്. വനമേഖലയായതിനാൽ കാടിനും കാട്ടിലെ ആവാസ വ്യവസ്ഥയ്ക്കും വന്യജീവികൾക്കും ദോഷമുണ്ടാകാത്ത തരത്തിൽ ഇക്കോ ടൂറിസത്തിന്റെ മര്യാദകൾ പാലിയ്ക്കാൻ വിനോദ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, എന്നിവ കാടിനുള്ളിൽ ഉപേക്ഷിക്കുന്നതതും വനപ്രദേശത്ത് മദ്യപാനം നടത്തുന്നതും ഇവിടെയും നിഷിദ്ധമാണ്.
ഭക്ഷണം, താമസം, ട്രക്കിംഗ്, ബോട്ടിംഗ് , സഫാരി, ഔട്ട്ഡോർ ക്യാമ്പിംഗ്, എല്ലാം ഒരുമിച്ച് 24 മണിക്കൂർ നേരത്തേയ്ക്ക് ഒരാൾക്ക് ജി.എസ്. ടി. ഉൾപ്പെടെ 3,315 രൂപയാണ് ഗവിയിൽ ഈടാക്കുന്നത്. പകൽ മാത്രമാണെങ്കിൽ തുക കുറയും. ഗവിയിൽ അതി മനോഹരമായ വുഡ് ഹൗസുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
വിനോദ സഞ്ചാരികളുടെ പ്രവേശനം
കെ.എഫ്.ഡി.സി യുടെ അതിഥികൾക്ക് പ്രവേശനം വണ്ടിപ്പെരിയാർ – വള്ളക്കടവ് വഴിയാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ പ്രവേശനം ലഭിക്കൂ. (പത്തനം തിട്ടയിലൂടെ വന്ന് ആങ്ങാമൂഴി വഴി ദീർഘ ദൂരം കാട്ടിലൂടെ യാത്ര ചെയ്യണമെന്നാഗ്രഹിക്കുന്നവർ വനം വകുപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് പാസ് ഉറപ്പാക്കണം. ആ വഴിയ്ക്കുള്ള യാത്രയ്ക്ക് അനുമതി നൽകാൻ കെ.എഫ്.ഡി സി യ്ക്ക് സാധിക്കില്ല.)
ഓരോ ദിവസവും കടത്തി വിടുന്ന വാഹനങ്ങളുടെ എണ്ണത്തിനും പരിമിതിയുണ്ട്. താമസിക്കാനുള്ള മുറികളുടെ എണ്ണവും കുറവാണ്. അതിനാൽ യാത്ര പോകുന്നതിന് ദിവസങ്ങൾക്കു മുമ്പു തന്നെ ഓൺലൈനിലൂടെ ബുക്ക് ചെയ്യുക.
എങ്ങനെ എത്താം
അടുത്ത റെയില്‍വേസ്റ്റേഷന്‍ : കോട്ടയം, 114 കി. മീ.
വിമാനത്താവളം : മധുര (തമിഴ്‌നാട്), 140 കി. മീ. അല്ലെങ്കില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 190 കി. മീ. അകലെ. കൂടുതല്‍ വിവരങ്ങള്‍ക്ക് gavi.kfdcecotourism.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.