ബത്തേരി. കേരള കാര്‍ഷിക സര്‍വകലാശാല വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പൂപ്പൊലി രാജ്യാന്തര പുഷ്പമേളയുടെ (Poopoli) എട്ടാം സീസണ് ഇന്നു മുതല്‍ ആരംഭിച്ചു. ജനുവരി 15 വരെയാണ് മേള. ഏട്ടേക്കറില് വിശാലമായി സജ്ജീകരിച്ച പുഷ്പ, ഫല, ഉദ്യാനങ്ങളും പ്രദര്‍ശനങ്ങളും (Ambalavayal Flower Show) വൈവിധ്യമാര്‍ന്ന ആഘോഷ, കലാ പരിപാടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വിദേശത്തു നിന്നുള്‍പ്പെടെയുള്ള പുഷ്പങ്ങളുടെ വൈവിധ്യ ലോകം തന്നെയാണ് മേളയുടെ പ്രധാന ആകര്‍ഷണം. സാല്‍വിയ, ഡയാന്തസ്, സെലോഷ്യ, പെറ്റൂണിയ, ജമന്തിയുടെ നിറ വൈവിധ്യം തുടങ്ങി ഒട്ടേറെ പുഷ്പങ്ങളും റോസ് ഗാര്ഡന്, ഡാലിയ ഗാര്ഡന്, ഗ്ലാഡിയോലസ് ഗാര്ഡന് എന്നീ പ്രധാന പുഷ്പ തോട്ടങ്ങളും മേളയുടെ നഗരിയില്‍ തയാറാക്കിയിട്ടുണ്ട്.
പൂച്ചെടികള്‍ കൊണ്ട് നിര്‍മ്മിച്ച മയില്‍ രൂപം, പൈതൃക വണ്ടി, റോക്ക് ഗാര്ഡന്, വാട്ടര്‍ ഫൗണ്ടന്, തെയ്യക്കോലം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഈ മേള കാഴ്ചക്കാര്‍ക്ക് കൈമാറുന്ന പ്രധാന സന്ദേശം കൃഷി ഉയരങ്ങളിലേക്ക് എന്ന ആശയമാണ്. ഇതു പ്രതിഫലിക്കുന്ന ഒട്ടേറെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും നഗരിയില്‍ വിവിധയിടങ്ങളിലായി ഒരുക്കിയിട്ടുണ്ട്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഡയാന്തസ്, മുറിയ, ടര്‍ട്ടില്‍ വൈന്‍, പെറ്റൂണിയ എന്നീ അലങ്കാര ചെടികളുടെ വെര്‍ട്ടിക്കല്‍ ക്രമീകരണങ്ങളും കാഴ്ചക്കാര്‍ക്ക് നേരിട്ട് കണ്ടറിയാം.
കൂടാതെ കൃഷി വിജ്ഞാനം പകരുന്ന, വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും നടക്കും. 200ലധികം സ്റ്റാളുകളുള്ള വിശാലമായ പ്രദര്‍ശന ശാലയും മേളയുടെ ഭാഗമായി ഉണ്ട്. എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. പാചക മത്സരം, പെറ്റ് ഷോ, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ്, വടംവടില കാര്‍ഷിക ക്വിസ്, ഫ്ളവര്‍ ബോയ്, ഫ്ളവര്‍ ഗേള്‍ തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.
ടിക്കറ്റ് നിരക്കും ബുക്കിങ്ങും
മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പൂപ്പൊലി നഗരിയുടെ രണ്ട് ഭാഗങ്ങളില്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ബത്തേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും പൂപ്പൊലി നഗരിയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസും നടത്തും.