ദുബായ്. സഞ്ചാരികള്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര (Passport-free travel) ചെയ്യാനുള്ള സൗകര്യവുമായി ദുബായ് (DUBAI). ഡിസംബറോടെ എമിറേറ്റ്‌സ് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ (DXB Terminal 3) ഈ സൗകര്യം ലഭിച്ചു തുടങ്ങുമെന്ന് എമിറേറ്റ്‌സ് സിഇഒ അബ്ദല്‍ അഹ്‌മദ് അര്‍ റിദ പറഞ്ഞു. പാസ്‌പോര്‍ട്ടിനു പകരം ബയോമെട്രിക്‌സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുക. ഇതുവഴി അനായാസ ചെക്ക്-ഇന്‍ സാധ്യമാകുന്നു. അതായത് യാത്രകള്‍ക്കിനി പാസ്‌പോര്‍ട്ടിനു പകരം മുഖവും വിരലടയാളവും മാത്രം മതിയാകും.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ നവംബറില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം സ്ഥാപിക്കും. ഇതോടെ എല്ലാ യാത്രാ നടപടിക്രമങ്ങളും അത്യാധുനിക യന്ത്രസാമഗ്രികള്‍ സ്വമേധയാ പൂര്‍ത്തിയാക്കും. നിലവിലുള്ള ഇ-ഗേറ്റുകള്‍ക്കു പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ വരുമെന്നും ജിഡിആര്‍എഫ്എ (General Directorate of Residency and Foreigners Affairs) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. യാത്രക്കാരുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ഈ സംവിധാനത്തില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ വിമാനത്താവളത്തില്‍ ഒരിടത്തും യാത്രക്കാര്‍ക്ക് തടസ്സം നേരിടേണ്ടി വരില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് യാത്രക്കാരുടെ വിവര ശേഖരണം. ഭാവിയില്‍ എയര്‍പോര്‍ട്ടുകളിലും പോര്‍ട്ടുകളിലും മനുഷ്യ ഇടപെടലുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന സാങ്കേതികവിദ്യയാണിത്. നിലവില്‍ പാസ്‌പോര്‍ട്ട് പരിശോധന അടക്കമുള്ള ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ജോലികള്‍ മാറുകയും പകരം പുതിയ റോളുകള്‍ വരികയും ചെയ്യും.
ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിനു മുമ്പുള്ള എല്ലാ നടപടിക്രമങ്ങളും അനായാസം പൂര്‍ത്തിയാക്കാവുന്ന ടച്ച്‌ലെസ് യാത്ര സാധ്യമാക്കുന്ന പദ്ധതി ദുബായ് എയര്‍പോര്‍ട്ട്‌സ് ഏതാനും വര്‍ഷങ്ങളായി നടപ്പിലാക്കി വരികയായിരുന്നു.
ഭാവിയില്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്കായി ഒരു പൊതു ഡേറ്റാബേസ് യാഥാര്‍ത്ഥ്യയാല്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് അനായാസം മറ്റു രാജ്യങ്ങളിലേക്ക് യാത്ര സാധ്യമാകുമെന്ന് മേജര്‍ ജനറല്‍ ഉബൈദ് പറഞ്ഞു.